India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

Published by

ന്യൂദൽഹി: ശക്തമായ വാദങ്ങൾ ഉയർത്താൻ സാധിച്ചില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരമാണ്. അതുകൊണ്ട് തന്നെ വ്യക്തവും ശക്തവുമായ വാദം ഉന്നയിക്കപ്പെടുന്നത് വരെ കോടതികൾക്ക് ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് കോടതിയുടെ പ്രതികരണം.

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഹർജിക്കാരുടെ വാദം പൂർത്തിയായി. ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ഹർജിക്കാർ വാദിച്ചു. ഒരു നടപടിക്രമവുമില്ലാതെ വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതിയെന്നും ഹർജിക്കാർ വാദിച്ചു.

നേരത്തേ ഹർജികൾ പരിഗണിച്ച കോടതി മൂന്ന് കാര്യങ്ങളാണ് മുന്നോട്ട് വച്ചത്. ഉപയോഗത്തിലൂടെയുള്ള വഖഫ് (വഖഫ് ബൈ യൂസർ), വഖഫ് കൗൺസിലിലേക്കും സംസ്ഥാന വഖഫ് ബോർഡുകളിലേക്കും അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നത്, സർക്കാർ ഭൂമി വഖഫ് സ്വത്തായി തിരിച്ചറിയുന്നത് എന്നിവയാണ് തർക്കവിഷയമായത്. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം കൈക്കൊള്ളുമെന്നായിരുന്നു അന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്.

ഈ മൂന്ന് വിഷയങ്ങളിലും കേന്ദ്രം മറുപടി നൽകിയിട്ടുണ്ടെന്ന് ഇന്ന് ഹർജി പരിഗണിക്കവെ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ തങ്ങളുടെ രേഖമൂലമുള്ള ഹർജികളിൽ മറ്റ് പല കാര്യങ്ങളും പരാതിക്കാർ ഉയർത്തിയിട്ടുണ്ടെന്നും കോടതി ഈ മൂന്ന് വിഷയങ്ങളിൽ മാത്രം ഇടപെടണമെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ശക്തമായ എതിർപ്പാണ് ഹർജിക്കാരുടെ അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയും ഇതിനെതിരെ ഉയർത്തിയത്.

മുൻ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന തങ്ങളുടെ ആവശ്യങ്ങൾ കേൾക്കുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നാണ് തീരുമാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് വിഷയങ്ങളിൽ മാത്രം വാദം പരിമിതപ്പെടുതാൻ സാധിക്കില്ലെന്ന് അഭിഭാഷകർ ചണ്ടിക്കാട്ടി.

ഏതൊരാള്‍ക്കും വഖഫ് സ്വത്ത് കയ്യേറി തര്‍ക്കം ഉന്നയിക്കാനാവും. പഴയ നിയമത്തിന്റെ ആശയം മാറ്റിമറിക്കുന്നതാണ് പുതിയ നിയമ ഭേദഗതിയെന്നും ഹർജിക്കാർ വാദിച്ചു. വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാകുകയെന്നും 1954ന് മുന്‍പ് സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമല്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. 1923ന് ശേഷം സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്നും വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ അത് മുത്തവല്ലിയുടെ മാത്രം വീഴ്ചയാണ് എന്നുമായിരുന്നു ഹർജിക്കാരുടെ മറുപടി.

മുസ്ലിം ഇതരരെ നിയമിക്കാനുള്ള ഭേദഗതി മൗലികാവകാശ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അഞ്ച് വര്‍ഷത്തെ മതവിശ്വാസം നിര്‍ബന്ധമാക്കിയ നടപടിയും നിയമവിരുദ്ധമാണ്. നിയമം നടപ്പാക്കിയാല്‍ അപരിഹാര്യമായ നഷ്ടമുണ്ടാകും. വഖ്ഫ് സ്വത്തിന്മേല്‍ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമാക്കിയത് നിയമവിരുദ്ധമെന്നും ഹർജിക്കാർ പറഞ്ഞു. വഖഫ് നിയമത്തില്‍ 11ലധികം നിയമ പ്രശ്നങ്ങളുണ്ട്. വഖഫ് സ്വത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കേണ്ടത് ഏകപക്ഷീയമായാണ്. വഖഫ് സ്വത്ത് ഇല്ലാതാക്കാനാണ് നിയമത്തിലൂടെ ശ്രമിക്കുന്നതെന്നും നിയമഭേദഗതി ഏകപക്ഷീയവും അടിച്ചേല്‍പ്പിക്കുന്നതുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by