കണ്ണൂർ: പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി മഠേടത്തുവീട്ടില്‍ നിധീഷാണ് (31) കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് (28) ഗുരുതര പരിക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.
മൃതദേഹം തളിപറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ബൈക്കില്‍ രണ്ടംഗ സംഘം വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റ നിധീഷ് സ്ഥലത്തു തന്നെ മരിച്ചു. ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രുതിക്ക് വെട്ടേറ്റത്.
ഗുരുതര പരിക്കേറ്റ ശ്രുതിയെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പയ്യാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
നേരത്തേ നാടന്‍ തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് നിധീഷിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണോ ആക്രമണത്തില്‍ കലാശിച്ചതെന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: