Article

ബലൂചിസ്ഥാന്‍ സ്വതന്ത്രമാകുമ്പോള്‍

Published by

ഭാരത-പാകിസ്ഥാന്‍ ബന്ധങ്ങളില്‍ പ്രകടമായ മാറ്റം ഉണ്ടാവണമെങ്കില്‍ പാകിസ്ഥാന്‍ എന്ന ഭരണസംവിധാനത്തിന് സമൂലമായ മാറ്റം സംഭവിക്കണം. അതിന്റെ ആദ്യ നടപടിയാണ് ബലൂചിസ്ഥാന്‍ എന്ന സ്വതന്ത്ര രാജ്യത്തിന്റെ രൂപീകരണം. പാകിസ്ഥാന്‍ ഒരു കോളോണിയല്‍ പ്രോജക്ട് ആയിരുന്നെങ്കില്‍ ബലൂചിസ്ഥാന്‍ ഒരു ദേശീയ രാഷ്‌ട്രത്തിന്റെ ചരിത്രപശ്ചാത്തലവും, സാംസ്‌കാരികവും വംശീയമായ ഐക്യവും സ്വതന്ത്രമായി നിലനിന്നതിന്റെ പാരമ്പര്യവും അവകാശപ്പെടാന്‍ കഴിയുന്ന പ്രവിശ്യയാണ് 1947 മുതല്‍ ഭാരതത്തോട് കൂറ് പുലര്‍ത്തുന്ന ബലൂചിസ്ഥാനികള്‍ മതതീവ്രവാദത്തിന്റെ കേന്ദ്രവുമല്ല. അമേരിക്ക, പാകിസ്ഥാനില്‍ പിടിമുറുക്കിയതും ചൈനയുടെ താല്‍പര്യം ഈ മേഖലയില്‍ ഉണ്ടായതുമാണ് ബലൂചിസ്ഥാന്‍ വിമോചനപ്രസ്ഥാനത്തിന് മതിയായ അന്താരാഷ്‌ട്ര പിന്തുണ ലഭിക്കാതിരിക്കാന്‍ കാരണം. പാകിസ്ഥാനെ ശിഥിലമാക്കാന്‍ മുന്‍കാല ഭാരത ഭരണകൂടം തയ്യാറാകാത്തതും സ്വതന്ത്ര ബലൂചിസ്ഥാന്‍ രൂപീകരണം വൈകിച്ചു. കശ്മീരിനുമേല്‍ പാകിസ്ഥാന്‍ അവകാശം ഉന്നയിച്ചിട്ടും, അന്താരാഷ്‌ട്ര വേദികളില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചും, ചൈനയുടെയും ഇസ്ലാമിക രാജ്യങ്ങളുടേയും പിന്തുണ കശ്മീരിന് ലഭിച്ചിട്ടും, ഭാരതം ബലൂചിസ്ഥാന്‍ വിഷയത്തില്‍ മൗനം പാലിച്ചു. ഈ അടുത്തകാലത്തു മാത്രമാണ് ഭാരതം ഈ വിഷയത്തില്‍ താല്‍പ്പര്യം കാണിച്ചുതുടങ്ങിയത്.

ബലൂചിസ്ഥാന്റെ തന്ത്രപരമായ സ്ഥാനം

പാകിസ്ഥാന്റെ 46 ശതമാനം വരുന്ന ഭൂവിഭാഗമായ ബലൂചിസ്ഥാന് 3,47,190 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 150 ലക്ഷം ജനസംഖ്യയുണ്ട്. കഴിഞ്ഞ 75 വര്‍ഷം പാക് ഭരണകൂടത്തിന്റെ വിവേചനവും കൂട്ടക്കൊലയും പാക്‌സേനയുടെ ക്രൂരതയും മാത്രം അനുഭവിക്കുന്ന ബലൂചിസ്ഥാനികള്‍ വികസന രംഗത്ത് ഏറെ പിന്നിലാണ്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമായ റോഡ് നിര്‍മാണവും ഗ്വാദര്‍ തുറമുഖവും നിലവില്‍ വന്നെങ്കിലും അതിന്റെ ഗുണഭോക്താക്കളാകാന്‍ ബലൂചികളെ പാകിസ്ഥാന്‍ അനുവദിച്ചില്ല. 2025 മെയ് 15 ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാകിസ്ഥാനില്‍നിന്ന് സ്വതന്ത്രമായ ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍’ പ്രഖ്യാപിച്ചത് ഒരു വഴിത്തിരിവാണ്. ഭാരതത്തിന് പരസ്യമായി ബലൂചിസ്ഥാനെ പിന്തുണയ്‌ക്കുന്നതിന് ബാധ്യതയുണ്ട്. ജഹവഹര്‍ലാല്‍ നെഹ്‌റു ചൈനയിലെ മാവോയുടെ വിമത സര്‍ക്കാരിനെ 1949 ഡിസംബര്‍ 31 ന് അംഗീകരിക്കുമ്പോള്‍ ആ രാജ്യത്ത് ചിയാഗ് കൈഷേക്ക് നേതൃത്വം നല്‍കുന്ന തെരഞ്ഞെടുത്ത സര്‍ക്കാര്‍ നിലവിലുണ്ടായിരുന്നു. ഈ കീഴ്‌വഴക്കം നരേന്ദ്ര മോദി സര്‍ക്കാരിനും ബലൂചിസ്ഥാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ സ്വീകരിക്കാവുന്നത്.

ഭൂമിശാസ്ത്രപരമായി ബലൂചിസ്ഥാന്റെ തന്ത്രപരമായ സ്ഥാനം ദക്ഷിണ ഏഷ്യയിലും മധ്യ ഏഷ്യയിലും നിര്‍ണായക സ്ഥാനം അലങ്കരിക്കാന്‍ പ്രാപ്തമാണ്. വടക്കും, വടക്കുപടിഞ്ഞാറും അഫ്ഗാനിസ്ഥാനും, തെക്കുപടിഞ്ഞാറ് ഇറാനും തെക്കുഭാഗത്ത് അറബികടലും കിഴക്കുഭാഗം പാകിസ്ഥാന്‍-പഞ്ചാബും സിന്ധും വടക്കുകിഴക്ക് ഖൈസര്‍ പാക്തൂണ്‍ പ്രവിശ്യയുമാണ്. അറബിക്കടലില്‍ നിന്ന് അഫ്ഗാനിസ്ഥാനിലൂടെ മധ്യഏഷ്യയിലേക്കുള്ള കവാടമായി നിലകൊള്ളാന്‍ ബലൂചിസ്ഥാന് കഴിയും. ഗ്വാദര്‍ തുറമുഖം ചൈനയുടെ നിയന്ത്രണത്തിലാണെങ്കിലും പുതിയ രാജ്യം നിലവില്‍ വരുമ്പോള്‍ കരാറുകളില്‍ മാറ്റം ഉണ്ടാകും. ക്വറ്റ ആസ്ഥാനമായി രൂപംകൊള്ളുന്ന ബലൂചിസ്ഥാന് മതേതര രാജ്യമായി നിലകൊള്ളാന്‍ കഴിയും എന്നാണ് ഇക്കഴിഞ്ഞ മെയ് 14 ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ ബലൂചിസ്ഥാന്‍ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മിര്‍യാര്‍ ബലൂച് ഉറപ്പുനല്‍കിയത് ന്യൂദല്‍ഹിയില്‍ ബലൂചിസ്ഥാന്‍ എംബസി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാകിസ്ഥാനെതിരായ ഭാരതത്തിന്റെ’ഓപ്പറേഷന്‍ സിന്ദൂരിന്’ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബലൂചിസ്ഥാന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ക്വറ്റ നഗരം ഇന്ന് പൂര്‍ണമായും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. പാകിസ്ഥാന്‍ സേന വലിയ തിരിച്ചടി ബലൂചിസ്ഥാനില്‍ നേരിടുകയാണ്. ഇക്കഴിഞ്ഞ മാസങ്ങളിലായി 78 സ്‌ഫോടനങ്ങളാണ് ബിഎല്‍എ പാകിസ്ഥാനില്‍ നടത്തിയത്. നിരവധി പാക് സൈനികരും സിപിഇസിയുടെ ഭാഗമായി പ്രവര്‍ത്തിച്ച 68 ല്‍പരം ചൈനീസ് പൗരന്മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ സ്വതന്ത്രമാകുന്നതോടെ പാകിസ്ഥാന്റെ കടല്‍ തീരത്തിന്റെ പകുതിയിലേറെ നഷ്ടമാകും. സ്വതന്ത്രമായ ബലൂചിസ്ഥാന്‍ ഭാരതത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും നടത്തിയ അഭ്യര്‍ത്ഥനയ്‌ക്ക് വളരെ പ്രാധാന്യമുണ്ട്. ബലൂചിസ്ഥാനികളെ പാകിസ്ഥാനികളായി കാണരുതെന്നും ഒരു ഹിന്ദു ക്ഷേത്രവും ബലൂചിസ്ഥാനില്‍ തകര്‍ക്കപ്പെട്ടിട്ടില്ല എന്നും ബലൂചികള്‍ പറയുന്നു. മതേതരമായ ഒരു ഭരണസംവിധാനമാണ് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍ വിഭാവന ചെയ്യുന്നതെന്നര്‍ത്ഥം.

ബലൂചിസ്ഥാന്റെ ചരിത്രപശ്ചാത്തലം

എട്ടാം നൂറ്റാണ്ടുവരെ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു ബലൂചികള്‍. പുരാതന ഹിന്ദു ക്ഷേത്രങ്ങള്‍ ഇന്നും അവിടെയുണ്ട്. ഏഴാം നൂറ്റാണ്ട് കഴിയുമ്പോള്‍ ഇസ്ലാം ഈ പ്രദേശങ്ങളെ കീഴടക്കി. 15-ാം നൂറ്റാണ്ടില്‍ മീര്‍ജലാല്‍ ഖാന്‍ വിവിധ ബലൂചി വംശീയവിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് ഖലാത്ത് (ഗമഹമ)േ രാജ്യം പിടിച്ചു. 1666 ല്‍ മീര്‍ അഹമ്മദ് ഖാനെ ഖലാത്തിന്റെ ഭരണാധികാരിയായി (ഖാന്‍) പ്രഖ്യാപിച്ചു. ബലൂചി വംശീയ വിഭാഗങ്ങളെ നയിച്ചിരുന്നത് സര്‍ദാര്‍മാരാണ്. 1749 ല്‍ മീര്‍ നാസിര്‍ഖാന്‍ ബലൂചിസ്ഥാനെ സുസ്ഥിരമായ ഒരു രാജ്യമാക്കി. 44 വര്‍ഷത്തെ മിര്‍ നാസിര്‍ ഖാന്റെ ഭരണത്തില്‍ കീഴില്‍ ബലൂചിസ്ഥാന്‍ ശക്തിപ്രാപിച്ചു. 1830കളില്‍ ബ്രിട്ടീഷുകാര്‍ രംഗത്തെത്തി. സെന്‍ട്രല്‍ ഏഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള മാര്‍ഗ്ഗമായി അവര്‍ ബലൂചിസ്ഥാനെ കണ്ടു. 1876 ല്‍ ഖലാത്ത് സ്റ്റേറ്റുമായി ഖലാത്ത് കരാര്‍ ബ്രിട്ടീഷുകാര്‍ ഒപ്പുവച്ചു. അങ്ങനെ ഖലാത്ത് രാജ്യത്തിന്റെ വിദേശകാര്യം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു. ഈ കരാറില്‍ ഖലാത്ത് സ്റ്റേറ്റ് ബ്രിട്ടീഷ് ആധിപത്യത്തിലല്ല എന്ന് എടുത്തുപറഞ്ഞിട്ടുമുണ്ട്. ഇതിനിടയില്‍ ഖലാത്ത് സ്റ്റേറ്റിന് വടക്കുഭാഗത്ത് ബ്രിട്ടീഷ് ബലൂചിസ്ഥാന്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി 1947 ല്‍ ഭാരതവും പാകിസ്ഥാനും നിലവില്‍ വന്നപ്പോള്‍ ബലൂചിസ്ഥാനില്‍ ഖലാത്ത് രാജ്യവും സ്വതന്ത്രമായി നിലനിന്നു. മുഹമ്മദാലി ജിന്ന 1946 ല്‍ ഖലാത്ത് രാജ്യത്തിന്റെ ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചിരുന്നു. ജിന്ന തയ്യാറാക്കിയ മെമ്മോറാണ്ടത്തിലും ഖലാത്ത് രാജ്യം സ്വതന്ത്രമാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനിടയില്‍ വടക്കുഭാഗത്തെ ബ്രിട്ടീഷ് ബലൂചിസ്ഥാന്‍ പാകിസ്ഥാന്റെ ഭാഗമായി. 1947 ആഗസ്റ്റ് 4 ന് മൗണ്ട് ബാറ്റണ്‍ നടത്തിയ വട്ടമേശ സമ്മേളനത്തിലും സ്വതന്ത്ര ഖലാത്ത് രാജ്യം എന്ന 1838 മുതല്‍ തുടരുന്ന നയം പിന്തുടരാന്‍ തീരുമാനിച്ചു. യഥാര്‍ത്ഥത്തില്‍ 1947 ആഗസ്ത് 14 ന് മൂന്ന് രാജ്യങ്ങളാണ് ഔദ്യോഗികമായി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ അംഗീകരിച്ചത്-ഇന്ത്യ, പാകിസ്ഥാന്‍, ഖലാത്ത് എന്നിവയായിരുന്നു അവ. 1947 സെപ്തംബര്‍ 11 ന് പാകിസ്ഥാനും സ്റ്റേറ്റ് ഓഫ് ഖലാത്ത് തമ്മിലും ഒരു സ്റ്റാന്റ് സ്റ്റില്‍ എഗ്രിമെന്റ് (േെമിറ േെശഹഹ അഴൃലലാലി)േല്‍ എത്തിച്ചേര്‍ന്നു. ഒപ്പം പാകിസ്ഥാന്‍ വിവിധ ഖലാത്ത് സര്‍ദാര്‍മാരില്‍ ഭിന്നിപ്പ് ഉണ്ടാക്കി ഖലാത്ത് സ്റ്റേറ്റിലെ ഭരണാധികാരി മീര്‍ അഹമ്മദ് യാര്‍ഖാനെതിരായി തിരിച്ചുവിട്ടു. താമസിയാതെ പാകിസ്ഥാന്‍ ഖലാത്ത് സ്റ്റേറ്റിലേക്ക് സൈനിക നീക്കവും നടത്തി. മീര്‍ അഹമ്മദ് യാര്‍ഖാന്‍ ഖലാത്ത് സ്റ്റേറ്റ് ഭാരതത്തോട് ചേരാന്‍ തയ്യാറാണെന്ന് പറഞ്ഞ് സഹായം തേടി. എന്നാല്‍ പ്രധാനമന്ത്രി നെഹ്‌റു നിഷ്പക്ഷത ഭാവിച്ച് ഖലാത്ത് സ്റ്റേറ്റിനെ സൈനികമായി കീഴ്‌പ്പെടുത്താന്‍ പാകിസ്ഥാനെ സഹായിക്കുകയാണുണ്ടായത്. മീര്‍ അഹമ്മദ് യാര്‍ഖാന്റെ സ്റ്റേറ്റ് ഓഫ് ഖലാത്ത്, പാകിസ്ഥാന്‍ കീഴടക്കിയതുപോലെയാണ് ദലൈലാമയുടെ ടിബറ്റിനെ കമ്യൂണിസ്റ്റു ചൈനയും കീഴടക്കിയത്. രണ്ട് അവസരങ്ങളിലും ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കും പാകിസ്ഥാനും പിന്തുണ നല്‍കുകയാണുണ്ടായത്. 1955 വരെ മീര്‍ അഹമ്മദ് യാര്‍ഖാന്റെ പദവി പാകിസ്ഥാന്‍ അംഗീകരിച്ചു. ഇതിനിടയില്‍ യാര്‍ഖാന്റെ സഹോദരന്‍ പ്രിന്‍സ് അബ്ദുള്‍ കരിം, അഫ്ഗാനിലേക്ക് കടന്ന് 1948 ജൂലൈയില്‍ തന്നെ ബലൂചിസ്ഥാന്‍ വിമോചന പ്രസ്ഥാനവും ആരംഭിച്ചു. ചുരുക്കത്തില്‍ ബലൂചിസ്ഥാന്‍ ജനതയുടെ വിമോചന പോരാട്ടത്തിന് എഴുപത്തി ഏഴുവര്‍ഷത്തെ രക്തരൂക്ഷിതമായ ചരിത്രമുണ്ട്.

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സമാധാനം വരണമെങ്കില്‍ നിലവിലെ പാകിസ്ഥാന്‍ ഭരണക്രമം പുനഃസംഘടിപ്പിക്കണം. പാകിസ്ഥാന്‍ ദേശീയതയില്ലാത്ത ഒരു രാജ്യമാണ്. അതൊരു കോളനി ഭരണകൂട നിര്‍മിതിയാണ്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റും ചില പാശ്ചാത്യ ശക്തികളും ഭാരതത്തിനെതിരായി ശക്തമായ ഒരു പാകിസ്ഥാന്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. കൂടാതെ ചൈനയുടെ താല്‍പ്പര്യവും സ്വതന്ത്ര ബലൂചിസ്ഥാന് എതിരാണ്. ഈ പശ്ചാത്തലത്തില്‍ ഈ അടുത്തകാലത്ത് ഇന്തോനേഷ്യ, സുഡാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ വിഭജിച്ച് ഈസ്റ്റ് ടൈമര്‍, സൗത്ത് സുഡാന്‍, ഐറിത്രിയ എന്നിവ രൂപീകരിച്ചതുപോലെ പാകിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ ഇറാനും അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റും ബലൂചിസ്ഥാനെ ഭയക്കുന്നു. അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും ഭാരതത്തിന് മേല്‍ക്കോയ്മ ലഭിക്കും എന്ന് കരുതുന്നവരാണ് അവര്‍. ബലൂചിസ്ഥാന്റെ ചില പ്രവിശ്യകള്‍ ഇറാന്റെ ഭാഗത്താണ് എന്നതും എടുത്തുപറയണം. ടിബറ്റിലും ബലൂചിസ്ഥാനിലും അമേരിക്കന്‍ താല്‍പ്പര്യം ഇല്ലാതെ പോയതിന്റെ കാരണങ്ങള്‍ കൂടെ ഇവിടെ എടുത്തു പറയണം.

ചൈനയും ബലൂചിസ്ഥാനും

ബലൂചിസ്ഥാനില്‍ പാകിസ്ഥാന്റെ എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും പിന്തുണ നല്‍കുന്ന രാജ്യമാണ് കമ്യൂണിസ്റ്റു ചൈന. പലസ്തീന്റെ മോചനത്തിനായി വാദിക്കുന്ന കേരളത്തിലെ ഇടത് ജിഹാദി ശക്തികളും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അവഗണിച്ചു. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ചൈനയുടെ പിന്തുണയില്‍ ബലൂചിസ്ഥാനില്‍ നടക്കുന്നത്. ആയിരക്കണക്കിന് ബലൂചികളെയാണ് പാക്‌സേന പിടിച്ചുകൊണ്ടുപോ
കുന്നത്. പിന്നീട് ”കാണാനില്ല” എന്ന ഗണത്തില്‍പ്പെടുത്തി ഉന്മൂലനം ചെയ്യും. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലൂടെയാണ് പോകുന്നത്. ചൈന നിര്‍മിച്ച ഗ്വാദര്‍ തുറമുഖവും ബലൂചിസ്ഥാനിലാണ്. എന്നാല്‍ നിലവിലെ ബലൂചിസ്ഥാന്‍ ജനമുന്നേറ്റം ചൈനയുടെ വ്യാപാര താല്‍പ്പര്യങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. തലസ്ഥാനമായ ക്വറ്റയും ഗ്വാദര്‍ തുറമുഖവും ബലൂചിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യത്തിന്റെ ഭാഗമാകുന്നത് പാകിസ്ഥാനെപ്പോലെ ചൈനയ്‌ക്കും അംഗീകരിക്കാനാവില്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ നിലവില്‍ വന്നതു മുതല്‍ ബലൂചിസ്ഥാന്റെ വിമോചന സമരങ്ങള്‍ക്കു പിന്നില്‍ ഭാരതമാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. 1971 ല്‍ ബംഗ്ലാദേശ് രൂപംകൊണ്ടതുപോലെ 2025 ല്‍ ബലൂചിസ്ഥാനും സ്വതന്ത്രമാകണം. അതിന് ഭാരത ജനതയും സര്‍ക്കാരും പിന്തുണ നല്‍കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by