Vicharam

ഭാരതത്തിന്റെ ആഗോള ദൗത്യം വിജയിക്കട്ടെ

സങ്കുചിതമായ രാഷ്ട്രീയ ചിന്തകള്‍ക്ക് ഇടം കൊടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തിന് മുന്നൊരുക്കം നടത്തിയത്. സര്‍ക്കാറിന്റെ ഏറ്റവും വലിയ വിമര്‍ശകരായ ഒവൈസിയടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസംഘത്തെ രൂപീകരിച്ചത്.

Published by

സിന്ദൂര്‍ ഓപ്പറേഷനാന്തര സാഹചര്യത്തില്‍ ഭീകരവാദത്തോടുള്ള ഭാരതത്തിന്റെ സമീപനമെന്തെന്നും പാകിസ്ഥാന്റെ അനുകൂല നിലപാടുകള്‍ എന്തെന്നും വിശദീകരിക്കാനുള്ള ഭാരതത്തിന്റെ സുപ്രധാന നീക്കമാണ് ആഗോള ആശയവിനിമയത്തിനുള്ള എംപിമാരുടെ വിദേശ സന്ദര്‍ശനം. ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കുക മാത്രമല്ല, ഭാരതം ഒറ്റക്കെട്ടാണെന്ന മഹത്തായ സന്ദേശംകൂടി അത് ലോകത്തോട് പ്രഖ്യാപിക്കുന്നു. ഇസ്ലാമാബാദിന്റെ വ്യാജ ആഖ്യാനങ്ങള്‍ക്കെതിരായ സുപ്രധാന ചുവടുവെപ്പുകൂടിയാണിത്. രാഷ്‌ട്രമാണ് വലുത്, രാഷ്‌ട്രീയമെല്ലന്ന അഭിമാനപുരസരമായ വാക്കുകള്‍ മുഴക്കിക്കൊണ്ടാണ് ഭാരതം ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. ആ വാക്കുകള്‍ ഭാരതത്തിന്റെ പ്രതിപക്ഷ കക്ഷിയുടെ എംപിയുടേത് കൂടിയാകുമ്പോള്‍ ആ നീക്കത്തിന് കരുത്തും ആഴവും കൂടുന്നു. വൈവിധ്യമാര്‍ന്ന രാഷ്‌ട്രീയ പ്രാതിനിധ്യത്തോടെ ലോക ജനതയുടെ മുമ്പിലേക്ക് ഭാരതത്തിലെ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ അത് നാടിന്റെ മഹത്തായ ജനാധിപത്യ വ്യവസ്ഥയുടെ പ്രതീകമായി മാറുന്നു.

അന്യോന്യം ഏറ്റുമുട്ടുമ്പോള്‍ ഐവര്‍ നാം, നൂറ് പേരവര്‍ അന്യരോടേറ്റുമുട്ടുമ്പോള്‍ നൂനം നാം നൂറ്റിയഞ്ച് പേര്‍ എന്ന മഹാഭാരത വാക്യത്തിന്റെ ചരിത്രപശ്ചാത്തലം ഈ നാടിനുണ്ട്. വയം പഞ്ചാധികം ശതം എന്ന സമഷ്ടിഭാവം ആധുനിക ജനാധിപത്യ രീതി ശാസ്ത്രങ്ങളുടെ ഭാഗമായി മാറുമ്പോള്‍ ഭാരതത്തിന്റെ ഐക്യത്തിന് മനോഹാരിതയേറുന്നു. ഈ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഉദാരമായ ജനാധിപത്യ മനോഭാവത്തിന്റെ പ്രകടീകരണം കൂടിയാണ്. ചമശേീി ളശൃേെ രാഷ്‌ട്രം ആദ്യം- എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല അനുഷ്ഠിക്കാനുള്ള മനോഭാവം കൂടിയാണെന്ന് അത് പ്രഖ്യാപിക്കുന്നു. രാഷ്‌ട്രീയപരമായി കടുത്ത അഭിപ്രായ വ്യത്യാസമുള്ളപ്പോള്‍ പോലും രാഷ്‌ട്രത്തിനുവേണ്ടി ഒരുമിച്ചു നില്‍ക്കണമെന്നുള്ള ആഹ്വാനം കൂടിയാണിത്. നരസിംഹറാവുവിന്റെ ഭരണ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പറയാന്‍ ഐക്യരാഷ്‌ട്ര സഭയിലേക്ക് ഭാരതം നിയോഗിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവായ അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സംഘത്തെയായിരുന്നു. ലോകരാഷ്‌ട്രങ്ങളുടെ മുമ്പില്‍ ഭാരതം നല്‍കുന്നത് ഇത്തരം മഹത്തായ സമീപനങ്ങളാണ്. രാഷ്‌ട്രത്തെ പ്രതിനിധീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ തന്റെ പാര്‍ട്ടിയുടെ അനുവാദം പോലും ചോദിക്കാതെ അതിന് മുന്നിട്ടിറങ്ങാന്‍ വാജ്പേയിക്ക് കഴിഞ്ഞത് അദ്ദേഹം പിന്തുടര്‍ന്നു വന്ന പ്രത്യയശാസ്ത്ര സമീപനത്തിന്റെ മഹത്വം കൊണ്ട് കൂടിയാണ്.

ഭാരതത്തിന്റെ മാത്രമല്ല ലോകസുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണ് ഭീകരവാദമെന്ന സത്യം ലോകവേദികളില്‍ അവതരിപ്പിക്കാന്‍ ഈ സംഘത്തിന് കഴിയും. വ്യാജ പ്രചാരണങ്ങളിലൂടെ പാകിസ്ഥാനും അവരെ പിന്തുണയ്‌ക്കുന്ന ചുരുക്കം ചില ശക്തികളും നടത്തുന്നത് ലോക സമാധാനത്തിനെതിരെയുള്ള നീക്കമാണെന്നും ഉറപ്പിച്ച് പറയേണ്ട ഉത്തരവാദിത്തം ഭാരതത്തിനുണ്ട്. ഭീകരതയ്‌ക്കെതിരെയുള്ള ഒത്തുതീര്‍പ്പില്ലാത്ത ഭാരതത്തിന്റെ പോരാട്ടത്തിന് അന്താരാഷ്‌ട്ര സഹകരണം ഉറപ്പിക്കാന്‍ കൂടിയാണ് ഈ ദൗത്യസംഘം 22, 23 തീയ്യതികളില്‍ ആഗോള സന്ദര്‍ശനം നടത്തുന്നത്. ഇതാദ്യമായാണ് ഭാരതം ഇത്രയും വിപുലമായ നയതന്ത്ര നീക്കത്തിന് സാക്ഷിയാകുന്നത്. സമീപകാലത്ത് ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷനീക്കങ്ങള്‍ക്കെതിരായ തന്ത്രപരമായ സമീപനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ട് നടത്തിയ ആശയവിനിമയത്തിന്റെ വിജയം കൂടിയാണ് ഈ അന്താരാഷ്‌ട്ര പര്യടനം. ഭാരതത്തെ കേള്‍ക്കാന്‍ ലോകം തയ്യാറാണെന്നതും തീവ്രവാദത്തോടും ഭീകരവാദരാജ്യങ്ങളോടും ഭാരതം വെച്ചു പുലര്‍ത്തുന്ന സമീപനത്തിന് ലോകപിന്തുണയുണ്ടെന്നതും ഈ സന്ദര്‍ശനം വ്യക്തമാക്കും.

സങ്കുചിതമായ രാഷ്‌ട്രീയ ചിന്തകള്‍ക്ക് ഇടം കൊടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തിന് മുന്നൊരുക്കം നടത്തിയത്. സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരായ ഒവൈസിയടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസംഘത്തെ രൂപീകരിച്ചത്. കോണ്‍ഗ്രസ് ഒഴിച്ചുള്ള പ്രതിപക്ഷ കക്ഷികള്‍ ഈ നീക്കത്തെ ഹൃദയംഗമമായി സ്വീകരിച്ചു. സിപിഎം പോലും അത്യപൂര്‍വ്വമായ നീക്കത്തിലൂടെ ഇതിനെ പിന്തുണച്ചു. അന്താരാഷ്‌ട്ര തലത്തില്‍ അറിയപ്പെടുന്ന ശശി തരൂരിനെ കേന്ദ്രസംഘത്തിലുള്‍പ്പെടുത്തിയതാണ് കോണ്‍ഗ്രസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്. നെഹ്റു കുടുംബത്തിന് അനഭിമതനാണ് ശശി തരൂര്‍ എന്നത് മാത്രമാണ് കോണ്‍ഗ്രസ്സിന്റെ അഭിപ്രായ വ്യത്യാസത്തിനുള്ള കാരണം. ശശി തരൂരിനെ ഉള്‍പ്പെടുത്തുമ്പോള്‍ ദക്ഷിണ ഭാരതത്തിന്റെ രാഷ്‌ട്രീയ ഘടനയില്‍ തങ്ങള്‍ക്കെന്തെങ്കിലും തിരിച്ചടി ഉണ്ടാവുമോയെന്ന ആധി ബിജെപിയെ ബാധിച്ചില്ല. രാഷ്‌ട്രമാണ് വലുത് എന്ന ആശയം തന്നെയാണ് ബിജെപിയെ അപ്പോഴും നയിച്ചത്. എന്നാല്‍ രാഷ്‌ട്രീയമാണ് വലുത്, അതും കുടുംബ രാഷ്‌ട്രീയമാണ് വലുതെന്ന സന്ദേശമാണ്; ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ സാഹചര്യത്തലും കോണ്‍ഗ്രസ്സിലെ ചിലരെങ്കിലും വെച്ചു പുലര്‍ത്തുന്നത്. ഈ സാഹചര്യത്തിലും കേന്ദ്രസംഘത്തിന്റെ ആഗോള ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കട്ടെയെന്ന് പ്രാര്‍ത്ഥനയിലാണ് ഭാരതീയര്‍ മുഴുവന്‍. ആ പ്രാര്‍ത്ഥനയില്‍ ഞങ്ങളും പങ്കുചേരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by