ന്യൂദല്‍ഹി: ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാൻ രൂപീകരിച്ച സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശയാത്രയില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എംപിക്ക് എഐസിസിയുടെ അനുമതി. പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് പേരു നിര്‍ദേശിക്കാതിരിക്കേ കേന്ദ്രം തരൂരിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂര്‍ ഉള്‍പ്പെടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും പാര്‍ട്ടി അനുമതി നല്‍കിയത്.
അതേസമയം, വിദേശയാത്രയ്‌ക്ക് പോകാന്‍ പാര്‍ട്ടിയോട് അനുമതി തേടിയിരുന്നില്ലെന്ന് തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാൽ ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. കേന്ദ്രനേതൃത്വം പറയുന്നത് അനുസരിക്കുമെന്നും വി.ഡി. സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശശി തരൂർ കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗമാണ്. ഞങ്ങളൊക്കെ അദ്ദേഹത്തിന്റെ താഴെ നിൽക്കുന്ന ആളുകളാണ്. അദ്ദേഹത്തിന്‍റേത് വലിയ പദവിയാണ്. അതിനാൽ കമന്‍റു പറയാൻ ഞങ്ങൾക്കാകില്ല. കേന്ദ്ര നേതൃത്വമാണ് അതിൽ നിലപാട് വ്യക്തമാക്കേണ്ടത്. അത് എന്തുതന്നെ ആയാലും ആ അഭിപ്രായത്തോട് ഞങ്ങൾ യോജിക്കും -വി.ഡി. സതീശൻ വ്യക്തമാക്കി.
ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാകും സന്ദര്‍ശിക്കുക.പല സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം.
ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം .വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാന്‍, യുഎന്നിലെ അനുഭവ പരിചയം, വിദേശ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം ഇതൊക്കെയാണ് രാഷ്‌ട്രീയം മാറ്റി വച്ച് തരൂരിനെ പരിഗണിച്ചതിനുള്ള ഘടകങ്ങള്‍. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: