ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കള്ളം പറയുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. മധ്യപൂര്‍വേഷ്യയില്‍ സമാധാനം വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഈയാഴ്ച ഗള്‍ഫ് മേഖലയില്‍ നടത്തിയ പര്യടനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ട്രംപ് കള്ളമാണു പറയുന്നത്. ഗാസയിലെ കുട്ടികളുടെ തലയില്‍ വീഴ്‌ത്താന്‍ ഇസ്രയേലിന് 10 ടണ്‍ ബോംബാണ് യുഎസ് നല്കിയത്, ടെഹ്‌റാനിലെ ഒരു കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ഖമേനി പറഞ്ഞു.
വെള്ളിയാഴ്ച യുഎഇ സന്ദര്‍ശം കഴിഞ്ഞ് മടങ്ങവെ ആണവ പദ്ധതി വിഷയത്തില്‍ യുഎസിന്റെ നിര്‍ദേശങ്ങളില്‍ ഇറാന്‍ പെട്ടെന്നു തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ എന്തെങ്കിലും മോശമായത് സംഭവിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മറുപടി പോലും അര്‍ഹിക്കാത്ത പരാമര്‍ശം എന്നായിരുന്നു ഇതിനോട് ഖമേനിയുടെ മറുപടി. ഇത് ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നുകൊണ്ടാണ് ട്രംപ് സമാധാനത്തെക്കുറിച്ചു പറയുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും പ്രതികരിച്ചു. ഇതിലേതാണ് വിശ്വസിക്കേണ്ടത്. ഒരിക്കല്‍ സമാധാനത്തെക്കുറിച്ചു പറയും, പിന്നീട് ഭീഷണിപ്പെടുത്തും.
യുഎസുമായുള്ള ആണവ ചര്‍ച്ചകള്‍ ഇറാന്‍ തുടരും, ഭീഷണികളെ ഭയക്കുന്നില്ല. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുറേനിയം സമ്പുഷ്ടീകരണമെന്നതിനെ ഇറാന്‍ ഉപേക്ഷിക്കില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി എക്‌സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: