ചണ്ഡിഗഡ്: തുര്‍ക്കിയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങള്‍ അവസാനിപ്പിച്ച് ചണ്ഡിഗഡ് സര്‍വകലാശാലയും. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്‌ക്ക് പിന്നാലെയാണ് ഇപ്പോള്‍ തുര്‍ക്കിയും അസര്‍ബൈജാനുമായുള്ള എല്ലാ അക്കാദമിക് സഹകരണങ്ങളും അവസാനിപ്പിക്കുകയാണെന്ന് ചണ്ഡിഗഡ് സര്‍വകലാശാലയും വ്യക്തമാക്കിയത്.
പാകിസ്ഥാന്‍ അനുകൂല നിലപാടുകളുടെ പേരിലാണ് തുര്‍ക്കിക്കും അസര്‍ബൈജാനും എതിരെ ഭാരത സര്‍വകലാശാലകള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
തുര്‍ക്കിയും അസര്‍ബൈജാനുമായുള്ള 23 അക്കാദമിക് ധാരണാപത്രങ്ങളും റദ്ദാക്കിയതായി ചണ്ഡിഗഡ് സര്‍വകലാശാല അറിയിച്ചു. 2025 ജനുവരിയില്‍ അങ്കാറയില്‍ ദിരിം ബെയാസിത് സര്‍വകലാശാലയുമായി ഒപ്പുവച്ച ധാരണാപത്രം ഉള്‍പ്പെടെ ഈ ധാരണാപത്രങ്ങളെല്ലാം അഞ്ച് വര്‍ഷത്തേക്ക് നീണ്ടുനില്‍ക്കേണ്ടതായിരുന്നു. സര്‍വകലാശാലയുടെ ദര്‍ശനം എല്ലായ്‌പ്പോഴും ‘രാഷ്‌ട്രം ആദ്യം’ എന്നതാണ്. ദേശീയ താല്പര്യം എന്ന ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാലാണ് തുര്‍ക്കിയും അസര്‍ബൈജാനുമായുള്ള സഹകരണങ്ങള്‍ അവസാനിപ്പിക്കുന്നത് എന്ന് ചണ്ഡിഗഡ് സര്‍വകലാശാലയുടെ ചാന്‍സലറും എംപിയുമായ സത്‌നാം സിങ് സന്ധു വ്യക്തമാക്കി.













