ജയ്പൂര്‍: ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേള്‍ക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. വിശ്വപ്രേമത്തിന്റെയും ലോക മംഗളത്തിന്റെയും ഭാഷയാണ് ഭാരതത്തിന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും പുരാതനമായ രാഷ്‌ട്രമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങള്‍ക്കു മുന്നില്‍ നമുക്ക് മുതിര്‍ന്ന സഹോദരന്റെ സ്ഥാനമുണ്ട്. ലോക സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഭാരതം നിലകൊള്ളുന്നത്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ജയ്പൂരിലെ ഹര്‍മദ രവിനാഥ് ആശ്രമത്തില്‍ രവിനാഥ് മഹാരാജിന്റെ സ്മൃതിപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആശ്രമം എന്നെ ആദരിക്കുന്നു. എന്നാല്‍ അതിന് ഞാന്‍ അര്‍ഹനല്ല. ഒന്നും ഞാന്‍ ഒറ്റയ്‌ക്ക് ചെയ്യുന്നില്ല. നൂറ് വര്‍ഷമായി തുടരുന്ന പരമ്പരയുടെ ഭാഗം മാത്രമാണ് ഞാന്‍. ആ പരമ്പരയില്‍ എന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുണ്ട്. പ്രചാരകരും ഗൃഹസ്ഥരുമുണ്ട്. ഇത്രയധികം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം മാത്രമാണ് രവിനാഥ് ആശ്രമം നല്കുന്ന ആദരം, മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാരതത്തിന്റെ പാരമ്പര്യം ത്യാഗത്തിന്റേതാണ്. ലോകത്തിന് ധര്‍മത്തിന്റെ പാഠങ്ങള്‍ പകരേണ്ട കടമ ഭാരതത്തിനുണ്ട്. എന്നാല്‍ ആ ചുമതല നിര്‍വഹിക്കാന്‍ ശക്തി ആവശ്യമാണ്. നമുക്ക് ആരോടും വിദ്വേഷമില്ല. എന്നാല്‍ സ്‌നേഹഭാഷണമാണെങ്കില്‍ പോലും ലോകം കേള്‍ക്കണമെങ്കില്‍ നമുക്ക് ശക്തിയുണ്ടാകണം.
ഇത് ലോകത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവം മാറ്റാന്‍ കഴിയില്ല, അതുകൊണ്ട് ലോകക്ഷേമത്തിനായി നാം ശക്തരായിരിക്കണം. നമ്മുടെ ശക്തി ഇപ്പോള്‍ ലോകം അറിഞ്ഞു. ലോകക്ഷേമമാണ് നമ്മുടെ ധര്‍മമെന്നും ലോകം മനസിലാക്കുന്നുണ്ട്. വിശ്വമംഗളമാണ് നമ്മുടെ കടമയെന്ന് ഹിന്ദുധര്‍മം ഉറച്ചു പ്രഖ്യാപിക്കുന്നു. രവിനാഥ് മഹാരാജിന്റെ കാരുണ്യം ജീവിതത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക