Football

കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്‌നം; ബ്ലാസ്റ്റേഴ്സ് ലൈസന്‍സ് പുതുക്കിയില്ല

Published by

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വരും സീസണിലേക്കുള്ള ലൈസന്‍സ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) പുതുക്കി നല്‍കിയില്ല. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റ് പല ഐഎസ്എല്‍ ക്ലബ്ബുകളുടെയും ലൈസന്‍സ് എഐഎഫ്എഫ് പുതുക്കാതെ തള്ളിയിട്ടുണ്ട്. ഹോം ഗ്രൗണ്ടായ കലൂര്‍ സ്‌റ്റേഡിയത്തിലെ സുരക്ഷാപ്രശ്‌നമാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.

മോശം ഫോമിലാണെങ്കിലും മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സീസണിലേക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കാതെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. 2025-26 സീസണിലേക്കുള്ള ക്ലബ്ബ് ലൈസന്‍സാണ് പുതുക്കി നല്‍കാതിരുന്നത്. അടുത്ത സീസണിലെ ഐഎസ്എല്ലില്‍ കളിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് തിരിച്ചടി. വിവാദങ്ങളില്‍ ഇടം പിടിച്ച ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മുമ്പും ഇത്തരത്തില്‍ പല ക്ലബ്ബുകളുടെയും ലൈസന്‍സ് തടഞ്ഞുവച്ചിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന മെഗാ നൃത്തപരിപാടിക്കിടെ വേണ്ട സുരക്ഷ ഒരുക്കാത്തതിനാല്‍ സ്റ്റേഡിയത്തിലെ താത്ക്കാലിക സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് കലൂര്‍ സ്റ്റേഡിയം സുരക്ഷിതമാണോ എന്ന സംശയമുണര്‍ന്നത്. അടുത്തിടെ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തൊളിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ലൈസന്‍സ് പുതുക്കാതിരിക്കുന്നതിന് ഇത്തരം കാരണങ്ങളാകാമെന്നാണ് വിലയിരുത്തല്‍.

സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ആണ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതെന്നാണ് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്റ്റേഡിയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ക്ലബ്ബിന്റെ ഉത്തരവാദിത്വമല്ല. ക്ലബിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും എന്നാല്‍ വിഷയത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബ്ലാസ്റ്റേഴ്സ് അടക്കമുള്ള നിരവധി ക്ലബ്ബുകള്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും പരിശോധിച്ചാണ് ക്ലബ്ബ് ലൈസന്‍സ് നല്‍കാറുള്ളത്. എന്നാല്‍ പഞ്ചാബ് എഫ്‌സിക്ക് മാത്രമാണ് എഐഎഫ്എഫ് മാനദണ്ഡപ്രകാരമുള്ള ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തന്നെ ഒഡിഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി, മുഹമ്മദന്‍ ക്ലബ്ബുകള്‍ക്കും പ്രീമിയര്‍ വണ്‍ ലൈസന്‍സ് നേടാന്‍ സാധിച്ചിട്ടില്ല. ലൈസന്‍സ് ലഭിച്ചില്ലെങ്കിലും അപ്പീല്‍ സമര്‍പ്പിക്കാനും ക്ലബ്ബ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇളവ് തേടാനും ഫ്രാഞ്ചൈസികള്‍ക്കു സാധിക്കും. ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമാണ് ക്ലബ്ബുകള്‍ക്ക് എഎഫ്‌സി മത്സരങ്ങളിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും പങ്കെടുക്കാന്‍ സാധിക്കൂ. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, ഈസ്റ്റ് ബംഗാള്‍, എഫ്.സി ഗോവ, മുംബൈ സിറ്റി, ബെംഗളൂരു ക്ലബ്ബുകള്‍ക്ക് ഉപാധികളോടെയും അനുമതി ലഭിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by