ന്യൂദല്‍ഹി: ഭാരതസൈന്യം ശക്തമാണ്. പാകിസ്ഥാനെതിരെയുള്ള പ്രത്യാക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമായിരുന്നു ഭാരതത്തിന്റേത്. പാകിസ്ഥാന്റെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസ് മിസൈലിനെ ചെറുത്തു നില്‍ക്കാന്‍ ആയില്ലെന്നും യുഎസ് മുന്‍ സൈനിക ഓഫീസര്‍ ജോണ്‍ സ്‌പെന്‍സര്‍. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രതിരോധ മേഖലയിലെ മേധാവിത്വമാണ് ഭാരതം തുറന്നുകാണിച്ചത്. ഭാരത പ്രതിരോധ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. പാകിസ്ഥാനില്‍ എപ്പോള്‍ വേണമെങ്കിലും എവിടേയും ആക്രമണം നടത്താന്‍ സാധിക്കുമെന്ന് ഇപ്പോള്‍ തെളിയിച്ചു കഴിഞ്ഞു. പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നതിനും ഡ്രോണുകളെയും അതിവേഗ മിസൈലുകളേയും തകര്‍ക്കുന്നതിനും നിഷ്പ്രയാസം സാധിക്കും. പാകിസ്ഥാന്റെ ചൈനീസ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസിനോട് കിടപിടിക്കാന്‍ സാധിക്കില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ വഴിത്തിരിവായിരുന്നു. അത് പാകിസ്ഥാന് സൈന്യത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്.
ചൈനയുടെ പ്രതിരോധ സംവിധാനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ബ്രഹ്‌മോസിന് ഇവയെ എല്ലാം പ്രതിരോധിക്കാന്‍ സാധിച്ചു. ഇതിലൂടെ ഭാരതത്തിന്റെ രാഷ്‌ട്രീയ, സൈനിക സന്ദേശം എന്താണെന്ന് ലോകത്തിന് മുന്നില്‍ മനസിലായിരിക്കുന്നു. വരുംകാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഈ ഓപ്പറേഷനെ കുറിച്ചും പഠിക്കും. ഭീകരതയ്‌ക്കെതിരെ പോരാടുന്ന മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഒന്നാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും മറ്റ് തെളിവുകളും പുറത്തുവിട്ടിട്ടുണ്ട്. ലോകരാഷ്‌ട്രങ്ങള്‍ക്കിത് പരിശോധിക്കാന്‍ സാധിക്കും. ഭീകരതക്കെതിരെ നടപടി കൈക്കൊള്ളുന്നതിനായി ലോകം പാകിസ്ഥാനോട് ആവശ്യപ്പെടേണ്ട സമയമാണിത്. രണ്ട് പക്ഷത്തും നില്‍കുന്ന പാകിസ്ഥാന്റെ സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സിന്ധു നദീജല കരാര്‍ താത്കാലികമായി നിര്‍ത്തിവയ്‌ക്കാനുള്ള ഭാരതത്തിന്റെ നീക്കത്തെയും സ്‌പെന്‍സര്‍ അനുകൂലിച്ചു. ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്കുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ പുനര്‍വിചിന്തനം നടത്തണം. അതിനുള്ള ബുദ്ധിപരമായ സമീപനമാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ആര്‍മി റിട്ട. കേണലായ സ്‌പെന്‍സര്‍ നിലവില്‍ മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അര്‍ബന്‍ വാര്‍ഫെയര്‍ സ്റ്റഡീസ് ചെയര്‍മാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക