തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ സാമൂഹിക ഇടങ്ങളായി മാറണമെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. ജാതി ചിന്ത നിലനില്‍ക്കുന്ന ഇടങ്ങളെ ഇല്ലാതാക്കി ഹിന്ദു സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ വരാവുന്ന ഒരു ഇടമാക്കി മാറ്റുമ്പോഴാണ് ക്ഷേത്രം എന്നത് ഒരു സാമൂഹിക ഇടമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ക്ഷേത്രം സാമൂഹിക കേന്ദ്രം, ലക്ഷ്യം സമന്വയം എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയം കേരളത്തില്‍ സ്വാധീനം ചെലുത്തിയ സമയത്ത് ധാരാളം ഹിന്ദുക്കള്‍ അവിശ്വാസികളായി മാറിയിരുന്നു. ക്ഷേത്രങ്ങള്‍ ജീര്‍ണ്ണിച്ചിരുന്നു. എന്നാല്‍ ഇന്ന് ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ ധാരാളമായി പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള മതപരമായ ഉണര്‍വില്‍ നിന്ന് ആധ്യാത്മികമായ ഒരു മുന്നേറ്റം അനിവാര്യമാണ്. അവനവന്റെ കാര്യ സാധ്യത്തിനുവേണ്ടിയല്ലാതെ പൊതുസമൂഹത്തിന്റെ നന്മയ്‌ക്ക്‌വേണ്ടിയാകണം ക്ഷേത്രങ്ങളില്‍ പോകേണ്ടത്. ആ രീതിയില്‍ ഒരു പരിവര്‍ത്തനം കൊണ്ടുവരാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബി.ആര്‍. അംബേദ്കര്‍ ഹിന്ദു മതത്തെ ഉദ്ധരിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും മഹാത്മാ ഗാന്ധിയുള്‍പ്പെടുന്ന അന്നത്തെ നേതൃത്വം പിന്തുണയ്‌ക്കാത്തതു കൊണ്ടാണ് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതെന്നും എം.രാധാകൃഷ്ണന്‍ പറഞ്ഞു.
യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, തമിഴ്‌നാട് ഹിന്ദു കോവില്‍ പാതുകാപ്പ് ഇയക്കം പ്രസിഡന്റ് ഡോ. വി.ആര്‍. ദൈവപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ജി.കെ. സുരേഷ് ബാബു മോഡറേറ്ററായിരുന്നു. സംസ്ഥാന രക്ഷാധികാരി സി.കെ. കുഞ്ഞ്, പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, പാപ്പനംകോട് അനില്‍കുമാര്‍, നാരായണ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: