കരുനാഗപ്പള്ളി: കിഴക്കന്‍ ഹിമാലയത്തില്‍ സമൂഹ പ്രതിരോധശേഷിയും ദുരന്ത തയാറെടുപ്പും ശക്തിപ്പെടുത്തുന്നതിനായി അമൃത വിശ്വവിദ്യാപീഠവും സിക്കിം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (എസ്എസ്ഡിഎംഎ) ധാരണാപത്രം ഒപ്പുവച്ചു. എസ്എസ്ഡിഎംഎയുടെ റിലീഫ് കമ്മിഷണര്‍- കം- സെക്രട്ടറി എം.ടി. ഷെര്‍പ്പയുടെ സാന്നിധ്യത്തില്‍ എസ്എസ്ഡിഎംഎ ഡയറക്ടര്‍ പ്രഭാകര്‍ റായ്, അമൃത ഡബ്ല്യൂഎന്‍എ ഡയറക്ടര്‍ പ്രൊവോസ്റ്റ് ഡോ. മനീഷ വിനോദിനി രമേഷ് എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഏറ്റവും പരിസ്ഥിതിദുര്‍ബലമായ മേഖലകളിലൊന്നായ സിക്കിമില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തസാധ്യതകള്‍ കുറയ്‌ക്കുന്നതിനോടൊപ്പം സുസ്ഥിര സമൂഹ വികസനം ലക്ഷ്യമിട്ടാണ് ഈ സഹകരണം. അമൃത സ്‌കൂള്‍ ഫോര്‍ സസ്റ്റൈനബിള്‍ ഫ്യൂച്ചേഴ്സ്, അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് (അമൃത ഡബ്ല്യൂഎന്‍എ), യുനെസ്‌കോ ചെയര്‍ ഓണ്‍ എക്‌സ്പീരിയന്‍ഷ്യല്‍ ലേണിങ് ഫോര്‍ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് പങ്കാളിത്തം.
ഗാങ്ടോക്കില്‍ വച്ചുനടന്ന ചടങ്ങില്‍ എസ് എസ്ഡിഎംഎയുടെ റിലീഫ് കമ്മിഷണര്‍- കം-സെക്രട്ടറി എം.ടി. ഷെര്‍പ്പ, അഡീഷണല്‍ ഡയറക്ടര്‍ രാജീവ് റോക്ക്, പരിശീലന ഓഫീസര്‍ കേശവ് കൊയ്രാള തുടങ്ങിയവര്‍ പങ്കെടുത്തു. അമൃതയെ പ്രതിനിധീകരിച്ച് ലൈവ്- ഇന്‍- ലാബ്സിന്റെ പ്രോഗ്രാം മാനേജര്‍ രഞ്ജിത്ത് മോഹന്‍, ഡബ്ല്യൂഎന്‍എയിലെ പ്രോജക്ട് മാനേജര്‍ എം. നിതിന്‍, റിസര്‍ച്ച് അസോസിയേറ്റുമാരായ അമൃതേഷ്, ഹരിചന്ദന, എ.എസ്. രേഷ്മ, ഫീല്‍ഡ് അസോസിയേറ്റ് ബിച്ചു എന്നിവരും പങ്കെടുത്തു.
ധാരണാപത്രത്തിന്റെ ഭാഗമായി, വലിയ തോതിലുള്ള ശേഷിവികസന പരിപാടികള്‍, പ്രദേശങ്ങളില്‍ ചെന്നുള്ള ബോധവത്കരണ ക്യാമ്പയിനുകള്‍, വിവിധ പ്രതിരോധ സംരംഭങ്ങള്‍ എന്നിവ നടപ്പിലാക്കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, ബഹുഭാഷാ പഠന ഉപകരണങ്ങള്‍, വയര്‍ലെസ് സെന്‍സര്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവ ഉപയോഗിച്ച് മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും തത്സമയ ആശയവിനിമയ സംവിധാനങ്ങളും സര്‍വകലാശാല വിന്യസിക്കും. 2013 മുതല്‍ ഗാങ്ടോക്കിലെ ചാന്ദ്മാരിയില്‍ മുന്‍കൂര്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ അമൃത പ്രവര്‍ത്തിച്ചുവരുന്നു. ഈയൊരു ധാരണാപത്രം ഒപ്പുവെക്കുന്നതിലൂടെ എസ്എസ്ഡിഎംയുമായുള്ള സാങ്കേതിക സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും ഡോ. മനീഷ വി രമേഷ് പറഞ്ഞു.
വര്‍ഷങ്ങളായി ഗുരുതരമായ അപകടസാധ്യതയുള്ള ചാന്ദ്മാരി മണ്ണിടിച്ചിലിനെ നിരീക്ഷിക്കുന്നതില്‍ അമൃതയുടെ സേവനം വളരെ പ്രശംസനീയമാണെന്നും പത്ത് പ്രധാന ഇടങ്ങളില്‍ നിരീക്ഷണ സംവിധാനം സ്ഥാപിച്ചും നിര്‍ണായക ഡാറ്റ ശേഖരിച്ചും എസ്എസ്ഡിഎംഎയുടെ ദൗത്യത്തെ വളരെയധികം ശക്തിപ്പെടുത്തിയത് അമൃതയുടെ ഈ സേവനമാണെന്നും എസ്എസ്ഡിഎംഎ ഡയറക്ടര്‍ പ്രഭാകര്‍ റായ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: