കേരളത്തിലെവിടെയും കള്ളവോട്ടുചെയ്യാന്‍ പ്രത്യേക പരിശീലനം ഉറപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ബാലറ്റുപേപ്പറാണ് അതിന് ഫലപ്രദം. ബാലറ്റ് പേപ്പര്‍ മാറ്റി ഇലക്ട്രോണിക് സംവിധാനം വന്നപ്പോള്‍ കള്ളവോട്ടിന്റെ സാധ്യത മങ്ങി. അതുകൊണ്ടാണ് ബാലറ്റിലേക്ക് തന്നെ തിരിച്ചുപോകണമെന്ന നിര്‍ബന്ധത്തിലേര്‍പ്പെടാന്‍ അവര്‍ ഒരുങ്ങുന്നത്. മലബാറില്‍ പല മണ്ഡലത്തിലും കള്ളവോട്ടുകള്‍കൊണ്ടു മാത്രമാണ് അവര്‍ വിജയം ഉറപ്പിച്ചിരിക്കുന്നത്. മരണമടഞ്ഞ പാര്‍ട്ടിക്കാര്‍പോലും വോട്ടിടാന്‍ നേരം പോളിംഗ് ബൂത്തിലെത്തുമത്രേ. അത്രമാത്രം പാര്‍ട്ടിക്കൂറ് പുലര്‍ത്തുന്നവരാണ് പാര്‍ട്ടിക്കാരെന്നാണ് പറയപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരന്റെ വെളിപ്പെടുത്തലാണ് മലബാറില്‍ മാത്രമല്ല, മറ്റിടങ്ങിലും പാര്‍ട്ടി വോട്ടുറപ്പിക്കാന്‍ അവര്‍ എന്തും ചെയ്യുമെന്നു ബോധ്യപ്പെടുത്തുന്നത്. 1989ല്‍ കെ.വി. ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു. താന്‍ ആയിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സര്‍വീസ് സംഘടനാ അംഗങ്ങളുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ടെന്ന സത്യവും സുധാകരന്‍ സൂചിപ്പിക്കുന്നു.
‘ഒട്ടിച്ച് തന്നാല്‍ അറിയില്ലെന്ന് കരുതണ്ട. ഞങ്ങള്‍ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് കിട്ടുമ്പോള്‍ മറ്റാര്‍ക്കും ചെയ്യരുതെന്നും ജി. സുധാകരന്‍ എന്‍ജിഒ യൂണിയന്‍ സമ്മേളനത്തില്‍ പ്രസംഗിക്കവേ പറയുകയുണ്ടായി. സര്‍വീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂര്‍ണമായി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ലഭിക്കാറില്ല. 36 വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. വോട്ടെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ നിയമ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. സുധാകരന്‍ പ്രസ്താവന തിരുത്തിയെങ്കിലും പറഞ്ഞത് സത്യമാണെന്നാണ് പരക്കെ ആക്ഷേപം. താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്. അതേസമയം സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് സുധാകരനെപ്പോലുള്ളവര്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാത്രമാണ്.
ജി സുധാകരന്‍ പ്രസ്താവന തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമ നടപടികളിലേക്ക് നീങ്ങിയതോടെയാണു സുധാകരന്റെ തിരുത്തല്‍ എന്നു വേണം കരുതാന്‍. വിവാദ പരാമര്‍ശം തിരുത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ക്കും മൊഴി നല്‍കിയത്. എന്നാല്‍ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ, 1989 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി. ദേവദാസ്, സുധാകരനെ തള്ളി രംഗത്തെത്തി. പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ജി. സുധാകരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടതെന്നും ദേവദാസ് പ്രതികരിച്ചു. ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവായിരുന്ന ദേവദാസ് 18000 വോട്ടിനാണ് വക്കം പുരുഷോത്തമനോട് അന്ന് തോല്‍ക്കുന്നത്. 36 വര്‍ഷം മുന്‍പത്തെ സംഭവമായതിനാല്‍ തെളിവുകള്‍ കണ്ടെത്തുക പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് പൊലീസ് കരുതുന്നത്. അതിനാല്‍ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.
ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമാണ്. കള്ളവോട്ടും കള്ളത്തരങ്ങളും കൈമുതലായ പാര്‍ട്ടി ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍പോലും ജനങ്ങള്‍ തയ്യാറാകുന്നില്ല. കരുതിക്കൂട്ടി തോല്‍പ്പിക്കുകയും കള്ളവോട്ടിലൂടെ വിജയം ഉറപ്പിക്കുകയും ചെയ്യുന്നതാണ് അവരുടെ ചരിത്രം. കലാലയ തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന പരിശീലനമാണ് തദ്ദേശ, നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവര്‍ പരീക്ഷിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നതാണ് സത്യം. പക്ഷേ, സത്യങ്ങള്‍ കമ്യൂണിസ്റ്റുകള്‍ക്കു ബാധകമല്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക