ഇന്ന് 20-ാം ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം. ‘നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതല്‍ കാലം ജീവിക്കുക!’ എന്നതാണ് പ്രമേയം. രക്താതിമര്‍ദ്ദത്തിന്റെ പ്രാധാന്യവും അതിന്റെ ഗുരുതരമായ മെഡിക്കല്‍ സങ്കീര്‍ണതകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുക, രക്താതിമര്‍ദത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യേേത്താടു കൂടി വേള്‍ഡ് ഹൈപ്പര്‍ടെന്‍ഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ 2005 മെയ് 17ന് ആദ്യ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം ആചരിച്ചു. 2006 മുതല്‍, എല്ലാ വര്‍ഷവും മെയ് 17 ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമായി ആചരിച്ചുവരുന്നു.
രക്താതിമര്‍ദം ‘നിശബ്ദ കൊലയാളി’യെന്നറിയപ്പെടുന്നു. സൂചനയൊന്നും തന്നെ നല്‍കാതെ ഹൃദയാഘാതമായും (ഹാര്‍ട്ട് അറ്റാക്ക്) പക്ഷാഘാതമായും (സ്‌ട്രോക്ക്) വൃക്ക തകരാറായുമൊക്കെയാണ് രക്താതിമര്‍ദം പ്രത്യക്ഷപ്പെടുക. അതുവരെ പലരും രക്താതിമര്‍ദം ഉണ്ടെന്ന് പോലും അറിയാറില്ല. അറിയുന്നവര്‍ പലരും കൃത്യമായി ചികിത്സിക്കുന്നുമില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 1.3 ബില്യണ്‍ മുതിര്‍ന്നവരെ 2019 ല്‍ രക്താതിമര്‍ദ്ദം ബാധിച്ചതായി കണക്കാക്കപ്പെടുന്നു.
ഹൃദയം രക്തം പമ്പ് ചെയ്യുന്നു. രക്തക്കുഴലുകളില്‍ക്കൂടി പ്രവഹിക്കുന്ന രക്തം അതിന്റെ ഭിത്തികളില്‍ ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദയം സങ്കോചിക്കുമ്പോള്‍ ധമനികളില്‍ അനുഭവപ്പെടുന്ന മര്‍ദത്തെ സിസ്റ്റോളിക് മര്‍ദമെന്നും (100140 മി.മീ. മെര്‍ക്കുറി) ഹൃദയം വികസിക്കുമ്പോള്‍ ധമനികളില്‍ അനുഭവപ്പെടുന്ന മര്‍ദത്തെ ഡയസ്റ്റോളിക് മര്‍ദമെന്നും (6090 മി.മീ. മെര്‍ക്കുറി) പറയുന്നു. ഈ രണ്ട് അളവുകളുടെയും ശരാശരി എടുത്തുകൊണ്ട് ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തസമ്മര്‍ദം രേഖപ്പെടുത്തുന്നത് 120/80 മി.മീ. മെര്‍ക്കുറി എന്നാണ്. രക്തസമ്മര്‍ദം പരിധിവിടുമ്പോഴാണ് അത് രോഗാവസ്ഥയായ ഹൈപ്പര്‍ടെന്‍ഷനായി (രക്താതിമര്‍ദം) മാറുന്നത്. രക്താതിമര്‍ദത്തിന് സവിശേഷ ലക്ഷണങ്ങളൊന്നുമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എപ്പോഴാണ് ഒരാള്‍ ഹൈപ്പര്‍ടെന്‍ഷന്റെ പരിധിയില്‍ വരുന്നതെന്ന് വിവിധ അന്താരാഷ്‌ട്ര ഏജന്‍സികള്‍ വിശകലനം ചെയ്ത് പുനര്‍നിര്‍ണയിക്കാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ തരംതിരിക്കാം. പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍ 90% ത്തിലധികം കേസുകള്‍ക്ക് കാരണമാകുന്നു. വര്‍ധിക്കുന്ന പ്രായം, അമിത ഭാരം-വണ്ണം, ഉയര്‍ന്ന ഉപ്പിന്റെ ഉപയോഗം, വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. മറ്റ് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദം ഉയരുന്നതിനെ സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നു പറയുന്നു. ദീര്‍ഘകാല വൃക്കരോഗങ്ങള്‍, അഡ്രിനല്‍ ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനം, മഹാധമനിയിലെ തടസങ്ങള്‍, ഒബ്‌സട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ഗര്‍ഭനിരോധന മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം തുടങ്ങിയവ സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്റെ പ്രധാന കാരണങ്ങള്‍ ആയി പറയാം. സിസ്റ്റോളിക് ബി.പി. മാത്രം ഉയര്‍ന്നു നില്‍ക്കുന്ന ഐസോലേറ്റഡ് സിസ്റ്റോളിക്ക് ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ചു ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, വൃക്കപരാജയം തുടങ്ങിയവക്ക് സാധ്യത കൂടുതലാണ്. ഹൃദയത്തിലെ പേശികള്‍ക്ക് കട്ടി വയ്‌ക്കുക (ഹൈപ്പര്‍ട്രോഫി), ഹൃദയപരാജയം (ഹാര്‍ട്ട് ഫെയിലര്‍), അന്‍ജൈന, ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), ഹൃദയമിടിപ്പ് തകരാറുകള്‍, പെട്ടെന്നുള്ള മരണം, മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്), വൃക്കപരാജയം, രക്തകുഴല്‍ രോഗങ്ങള്‍, മറവിരോഗം, കാഴ്ച നഷ്ടപ്പെടല്‍ എന്നിവ രക്താദിമര്‍ദത്തിന്റെ സങ്കീര്‍ണതകള്‍ ആണ്.
കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദം പരിശോധിക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദം ശ്രദ്ധയില്‍പെട്ടാല്‍ കൃത്യവും ശാസ്തീയവുമായി ചികിത്സിക്കുക, കൃത്യമായ ചികിത്സ വഴി മറ്റുള്ള രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കുക, ചിട്ടയായ വ്യായാമം പതിവാക്കുക, അമിതവണ്ണം കുറയ്‌ക്കുക, മദ്യപാനം-പുകവലി മറ്റു ലഹരി ഉപയോഗം പൂര്‍ണമായും നിര്‍ത്തുക, ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം ഒഴിവാക്കുക, അമിതമായ ഉപ്പിന്റെ ഉപയോഗം ക്രമീകരിക്കുക (പ്രതിദിനം 5 ഗ്രാമില്‍ താഴെ), പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ഡാഷ് ഡയറ്റ് രീതി ശീലമാക്കുക എന്നീ മാര്‍ഗങ്ങള്‍ വഴി രക്താതിമര്‍ദത്തെ പ്രതിരോധിക്കാന്‍ സാധിക്കും. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കുക. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടുവരുന്ന രക്താതിമര്‍ദത്തെ ചെറുക്കാം എന്ന പേരില്‍ പ്രചരിക്കുന്ന ഡയറ്റുകളും ഒറ്റമൂലികളും സ്വീകരിക്കുന്നത് ഒഴിവാക്കുക.
മരുന്ന് കഴിച്ചിട്ടും ബി.പി. കുറയുന്നില്ല എന്നത് ഒരു സ്ഥിരം പരാതിയാണ്. രക്താതിമര്‍ദം കുറയ്‌ക്കാനുള്ള 3 മരുന്നുകള്‍ കൃത്യമായ ഡോസില്‍ കഴിച്ചിട്ടും ബി.പി. കുറയുന്നില്ല എങ്കില്‍ അത് മരുന്നിനെ പ്രതിരോധിക്കുന്ന ഹൈപ്പര്‍ടെന്‍ഷന്‍ (റസിസ്റ്റന്റ് ഹൈപ്പര്‍ടെന്‍ഷന്‍) ആകാം. ഇത്തരം രോഗികളില്‍ റീനല്‍ ഡീനര്‍വേഷന്‍ എന്ന നൂതന ചികിത്സ ഏറെ ഫലപ്രദമാണ്. ചികിത്സിക്കാന്‍ വളരെ എളുപ്പമുള്ള ഒരു രോഗമാണ് രക്തസമ്മര്‍ദം. പക്ഷെ അവഗണിച്ചാല്‍ മരണംവരെ സംഭവിക്കാം.
(മലപ്പുറം കാവനൂര്‍ ഡോ. അജയ് രാഘവന്‍സ് ക്ലിനിക്ക് കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി. വിഭാഗം ഡയറക്ടര്‍ ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: