പത്തനംതിട്ട: പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയ്‌ക്ക് തിരി തെളിഞ്ഞു. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് മേള ഉദ്ഘാടനം ചെയ്തു. ഇരുപത്തഞ്ച് വർഷത്തിന് ശേഷം നടക്കേണ്ട വികസനമാണ് പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, പൊതുമരാമത്ത്, കാർഷികം, ടൂറിസം തുടങ്ങി സമസ്ത മേഖലയിലും സ്വപ്നതുല്യമായ വികസനമാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നടന്നത്. കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവൃത്തി ഒറ്റ ഘട്ടമായി നടത്തി. സ്കൂൾ ക്ലാസ് മുറികൾ സ്മാർട്ടായി. ഗ്രാമീണ റോഡുകൾ വരെ ബിഎംബിസി നിലവാരത്തിൽ നിർമിച്ചു.
ജില്ലയുടെ വികസന മുഖമുദ്രയായി കോന്നി മെഡിക്കൽ കോളേജ് മാറി. നാലാം ബാച്ച് ഉടൻ ആരംഭിക്കും. ബിരുദാന്തരബിരുദ കോഴ്സുകൾ സമീപഭാവിയിൽ ആരംഭിക്കും. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രി ഉൾപ്പെടെ വലിയതോതിലുള്ള നിർമാണ പ്രവർത്തനം നടക്കുന്നു. നേഴ്സിങ് കോളജുകൾ ആരംഭിച്ചു. മലയോര ഹൈവേ വികസനത്തിന് വേഗത പകർന്നു. ജില്ലയിൽ ഐടി പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
സർക്കാരിന്റെ വികസന നേട്ടം ജനങ്ങൾക്ക് നേരിൽ കാണുന്നതിനുള്ള അവസരമാണ് മേളയിലുള്ളത്. എല്ലാ ദിവസവും കലാ-സംസ്കാരിക പരിപാടികളുണ്ട്. സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സർവതല സ്പർശിയായ വികസനത്തിന്റെ ഒമ്പത് വർഷമാണ് കഴിഞ്ഞുപോയതെന്ന് അധ്യക്ഷനായ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ലൈഫ് മിഷനിലൂടെ പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ഭുരേഖകൾ നൽകി. പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വികസന പദ്ധതി നടപ്പാക്കി. ഡിജിറ്റൽ സർവേ അവസാന ഘട്ടത്തിലാണ്. നവകേരളം ജനങ്ങൾക്ക് പ്രാപ്തമാക്കാൻ സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, രാഷ്‌ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: