തിരുവനന്തപുരം : ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതിയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. റവന്യു അധികാരികള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരമില്ല. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
റവന്യു വകുപ്പ് ഭൂനികുതി സ്വീകരിച്ചാലും പ്രസ്തുത വസ്തുവില്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് നിര്‍ണയിക്കാനുള്ള അധികാരം റവന്യു വകുപ്പിന് നഷ്ടമാകില്ല.നികുതി സ്വീകരിക്കുന്നത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള ക്രമീകരണം മാത്രമാണ്.ഭൂനികുതി സ്വീകരിച്ചതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ കഴിയില്ലെന്നതിന് നിരവധി മേല്‍കോടതി ഉത്തരവുകളുണ്ടെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ചൂണ്ടിക്കാട്ടി.വാമനപുരം സ്വദേശി വി. ജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇദ്ദേഹത്തിന്റെ പേരിലുള്ള 3 3/4 സെന്റ് സ്ഥലത്തിന് 2023 ന് ശേഷം ഭൂനികുതി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കേരള ലാന്‍ഡ് ടാക്‌സ് നിയമ പ്രകാരം ഭൂനികുതി സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും റവന്യു വകുപ്പ് തയാറായില്ല.ഈ സാഹചര്യത്തില്‍ നെടുമങ്ങാട് തഹസില്‍ദാരെ കമ്മീഷന്‍ നേരില്‍ കേട്ടപ്പോള്‍ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂനികുതി സ്വീകരിച്ചാല്‍ അത് പുറമ്പോക്ക് ഭൂമിക്കുള്ള സാധൂകരണമാകുമെന്നും തഹസില്‍ദാര്‍ വാദിച്ചു.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ആറോളം ഉത്തരവുകളും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഭൂനികുതി സ്വീകരിക്കണമെന്ന് കമ്മീഷന്‍ മുമ്പ് പാസാക്കിയ ഉത്തരവ് പുനഃപരിശോധിക്കില്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. നെടുമങ്ങാട് താലൂക്ക് തഹസില്‍ദാര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: