കോട്ടയം : വന്യജീവി ആക്രമണത്തിൽ കർഷക ജീവനുകൾ പൊലിയുമ്പോൾ ഭരണമുന്നണി സഖാക്കൾ ആക്രോശ പൊറോട്ടു നാടകത്തിലൂടെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എന്‍. ഹരി.
കഴിഞ്ഞ അഞ്ചു വർഷത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ 382 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.കാട്ടാന ആക്രമണത്തിൽ 111 പേരും മരിച്ചു.ഇത്രയും രൂക്ഷവും സങ്കീർണവുമായ സ്ഥിതി വിശേഷം ഉള്ളപ്പോഴാണ് നടപടി ഒന്നും എടുക്കാതെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിണ്ണമിടുക്ക് കാണിക്കുന്നത്.
സകല മേഖലകളിലും പരാജയപ്പെട്ട ഇടതു സർക്കാരിന്റെ ഏറ്റവും പുതിയ നാടകമാണ് ഇപ്പോൾ അരങ്ങത്ത്. വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാർക്കെതിരെ കേസെടുക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഈ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാർ.
എന്നിട്ടും ഓരോ സംഭവം കഴിയുമ്പോഴും ഇടത് ജനപ്രതിനിധികൾ വനം ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നു. ഡിഫികാർ പതിവ് ശൈലിയിൽ വിരട്ടുന്നു. പല ഭീഷണികളും കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കരുത്. രംഗം ശാന്തമാകുമ്പോൾ അണിയറയിൽ ഭായി ഭായി ആയി കൈ കൊടുത്തു പിരിയുന്നു.
വന്യ ജീവി ആക്രമണ പ്രതിഷേധം അടങ്കലെടുത്തിരിക്കുന്ന ജോസ് കെ മാണിയും ഇടത് നേതാക്കളും, ജനീഷ് കുമാർ എംഎൽഎ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.കോന്നിയിൽ നടന്ന സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിരുവിട്ടെന്നാണ് ഇക്കൂട്ടർ പറയുന്നത്. തങ്ങൾ തുനിഞ്ഞ് ഇറങ്ങിയാൽ വനം ഉദ്യോഗസ്ഥരെ നിരത്തുമെന്നാണ് ഭരണകക്ഷി യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ വിരട്ടൽ.
ഭരണ മുന്നണി നേതാക്കളും യുവജന സഖാക്കളുമാണ് ഇത്തരത്തിലുള്ള ഗുണ്ടാ വിരട്ടൽ നടത്തുന്നത്. ഭരണക്കാരുടെ ദയനീയ അവസ്ഥയാണ് ഈ പ്രതികരണത്തിലൂടെ വെളിപ്പെടുന്നത്. പത്തുവർഷം ഭരണത്തിൽ ഇരുന്നിട്ടും വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ ഒരു നടപടിയും എടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.അതിന്റെ ജാള്യം മറയ്‌ക്കാൻ കവല ചട്ടമ്പികളായി ഡിഫിക്കാരെ ഇറക്കി വിടാൻ നാണമില്ലേ സർക്കാരിനെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: