ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഭീകരവാദ ശൃംഖല പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് പാകിസ്താനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്താന് ലഭിക്കുന്ന പണം മുഴുവനും ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിനായി വിനിയോഗിക്കുമെന്നതിനാല്‍ പാകിസ്താന് അനുവദിച്ച ധനസഹായം കൈമാറുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്‌ട്ര നാണയനിധിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഭുജ് വ്യോമതാവളത്തില്‍ വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി.
മുരിദ്‌കെയിലേയും ഭവല്‍പുരിലേയും ലഷ്‌കര്‍ തൊയ്ബയുടേയും ജെയ്‌ഷെ മുഹമ്മദിന്റേയും താവളങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ധനസഹായം പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അന്താരാഷ്‌ട്ര നാണയനിധിയില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി വിനിയോഗിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്താന് നല്‍കുന്ന എല്ലാ ധനസഹായവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കുന്നതാണെന്നും സിങ് പറഞ്ഞു. പാകിസ്താന് ഇപ്പോള്‍ ‘പ്രൊബേഷന്‍’ അനുവദിച്ചിരിക്കുകയാണെന്നും നല്ല നടപ്പിലേക്ക് നീങ്ങുകയാണെങ്കില്‍ പാകിസ്താന് തന്നെയാണ് നല്ലതെന്നും അല്ലാത്തപക്ഷം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള കടുത്ത ശിക്ഷാനപടി നേരിടേണ്ടി വരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ശരിയായ സമയം വരുമ്പോള്‍ മുഴുവന്‍ ചിത്രവും ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കും. പാകിസ്താനിലെ സാധാരണ ജനങ്ങളില്‍നിന്ന് നികുതിയിനത്തില്‍ പിരിച്ചെടുത്ത 14 കോടി രൂപ ഐക്യരാഷ്‌ട്ര സഭ പോലും ഭീകരനെന്ന് മുദ്രകുത്തിയ മസൂദ് അസ്ഹറിനായി ചെലവിടാനാണ് പാക് പദ്ധതിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: