ഇസ്ലാമാബാദ്: ഇന്ത്യയുമായി സമഗ്രമായ സംഭാഷണം നടത്തണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാർ വീണ്ടും ആവശ്യപ്പെട്ടു. പാകിസ്ഥാനുമായുള്ള ഏത് ചർച്ചയും തീവ്രവാദവും പാക് അധീന കശ്മീരും (പിഒകെ) സംബന്ധിച്ച വിഷയങ്ങളിൽ മാത്രമായിരിക്കുമെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയ സമയത്താണ് ദാറിന്റെ പ്രസ്താവന.
ഇന്ത്യയുമായുള്ള വെടിനിർത്തൽ മെയ് 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ആത്യന്തികമായി രാഷ്‌ട്രീയ സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് വ്യാഴാഴ്ച ഇഷാഖ് ദാർ പറഞ്ഞു. ഇന്ത്യയുമായി സമഗ്രമായ സംഭാഷണത്തിന് തയ്യാറാണെന്ന് പാകിസ്ഥാൻ അന്താരാഷ്‌ട്ര സമൂഹത്തിന് സന്ദേശം നൽകിയിട്ടുണ്ടെന്ന് ദാർ പറഞ്ഞു.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള അടുത്ത ചർച്ച മെയ് 18 ന് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവയ്‌ക്കാനുള്ള സാധ്യതയെക്കുറിച്ചും ദാർ അഭിപ്രായപ്പെട്ടു. ഇന്ത്യ പാകിസ്ഥാന്റെ വെള്ളം തടയാൻ ശ്രമിച്ചാൽ അത് ഒരു യുദ്ധപ്രവൃത്തിയായി കണക്കാക്കുമെന്നും ദാർ പറഞ്ഞു.
വ്യാഴാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്ത്യയുമായി ചർച്ചകൾ വാഗ്ദാനം ചെയ്യുകയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള സംഭാഷണത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന് പറയുകയും ചെയ്തിരുന്നു.
ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 6-7 രാത്രിയിലാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഈ ഓപ്പറേഷനിൽ പാകിസ്ഥാനിലെയും പിഒകെയിലെയും തീവ്രവാദ ഒളിത്താവളങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം മെയ് 8, 9, 10 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക സ്ഥാപനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിനുശേഷം സൈനിക നടപടി നിർത്താൻ പാകിസ്ഥാൻ മുന്നോട്ട് വന്നതോടെ ഇന്ത്യയും സമ്മതിച്ചു.
അതേ സമയം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ സംഘർഷങ്ങൾക്കിടയിൽ നയതന്ത്ര നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയായാണ് പാകിസ്ഥാനിൽ നിന്നുള്ള ചർച്ചയ്‌ക്കുള്ള നിർദ്ദേശം കാണപ്പെടുന്നത്. എന്നിരുന്നാലും ഇന്ത്യയുടെ നിലപാട് ഇപ്പോഴും കർക്കശമായി തുടരുന്നുണ്ട്. ഭീകരതയ്‌ക്കെതിരെ കൃത്യമായ നടപടി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
ഇവിടെ എടുത്ത് പറയേണ്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമഗ്രമായ സംഭാഷണം ആരംഭിച്ചത് 2003 ൽ ജനറൽ പർവേസ് മുഷറഫ് പാകിസ്ഥാൻ പ്രസിഡന്റായിരുന്നപ്പോഴാണ്. എന്നിരുന്നാലും 2008 ലെ മുംബൈ ആക്രമണത്തിനുശേഷം ഈ പ്രക്രിയ പൂർണ്ണമായും പാളം തെറ്റി. പിന്നീട് ഇതുവരെ ഔപചാരികമായി പുനരാരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: