ന്യൂദൽഹി ; ഇന്ത്യ -പാക്ക് സംഘർഷത്തിനു പിന്നാലെ തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിച്ച് ഇന്ത്യ. വ്യോമയാന മന്ത്രാലയമാണ് ടർക്കിഷ് കമ്പനിയായ ‘സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി’ന്റെ സുരക്ഷാ അനുമതി റദ്ദാക്കിയിരിക്കുന്നത്. ദേശസുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ അനുമതി റദ്ദാക്കിയതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഒരു തുർക്കി കമ്പനിക്കെതിരെ ഇന്ത്യ നടത്തുന്ന ആദ്യ പരസ്യ നീക്കമാണിത്.
തുർക്കി ആസ്ഥാനമായുള്ള കമ്പനിയായ സെലെബി, 2022 മുതൽ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനലുകൾ 1, 2 എന്നിവയിൽ ബ്രിഡ്ജ്-മൗണ്ടഡ് ഉപകരണ ഇൻസ്റ്റാളേഷനും അറ്റകുറ്റപ്പണികളും നൽകിവരുന്നു. ബെംഗളൂരുവിൽ മാത്രമല്ല, ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ വിമാനത്താവളങ്ങളിലും സെലെബി സേവനം നൽകുന്നു.
ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങളിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നൽകിയതിനെ എതിർത്ത അപൂർവ രാജ്യങ്ങളിലൊന്നായിരുന്നു തുർക്കി. ഇന്ത്യ നടത്തിയ ആക്രമണത്തിനിടെ പാക്കിസ്ഥാനെ തുർക്കി പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. മേയ് 8ന് രാത്രി ഇന്ത്യയ്‌ക്കു നേരെ പാക്കിസ്ഥാൻ പ്രയോഗിച്ച ഡ്രോണുകളിൽ ഭൂരിഭാഗവും തുർക്കി നിർമിതമാണെന്നു കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നതിനു മുൻപ് തുർക്കിയുടെ യുദ്ധക്കപ്പൽ കറാച്ചിയിൽ എത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: