തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവനയില്‍ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കും. വിഷയത്തില്‍ അടിയന്തര നടപടിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. പിന്നാലെ അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു.
സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ജി സുധാകരന്റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ടട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി.
ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ തിരുത്തിയെന്നത് അട്ടിമറിയായാണ് കാണുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ ജി. സുധാകരനെതിരെ എഫ്.ഐ.ആര്‍ ഇട്ട് കേസെടുത്ത് അന്വേഷിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലയിരുത്തി. ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ വെച്ചാണ് 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ല എന്നാണ് സുധാകരന്‍ പറഞ്ഞത്.
ഇലക്ഷന് പോസ്റ്റൽ ബാലറ്റ് ചെയ്യുമ്പോൾ ഞങ്ങളത് പൊട്ടിക്കും എന്ന് സുധാകരൻ പറയുന്ന വീഡിയോ ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. 1989ൽ കെ വി ദേവദാസ് മത്സരിച്ചു. അന്ന് പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി. ചില എൻജിഒ യൂണിയൻകാർ എതിർസ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നവരുണ്ട്. അന്ന് 15% സ്ഥാനാർത്ഥികളും വോട്ട് ചെയ്തത് എതിർസ്ഥാനാർത്ഥിക്കായിരുന്നു എന്നായിരുന്നു സുധാകരന്റെ ഏറ്റുപറച്ചിൽ.
സുതാര്യമായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഒരുസ്ഥാനാര്‍ഥിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ ശ്രമിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്. നടന്നത് ഗുരുതരമായ നിയമലംഘനമാണെന്നും കമ്മീഷന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: