പത്തനംതിട്ട: കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ബലമായി മോചിപ്പിച്ചു. വനംവകുപ്പിന്റെ പാടം ഓഫീസിലായിരുന്നു സംഭവം. എംഎല്‍എ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
‘കള്ളക്കേസ് എടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ? തോന്നിവാസം കാണിക്കരുത്. എടാ നീയൊക്കെ മനുഷ്യനാണോ? നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്തത്. എവിടെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ട്? രണ്ടാമതും നക്സലുകള്‍ വരും, ഫോറസ്റ്റ് ഓഫീസ് കത്തിക്കും’ എന്നെല്ലാം എംഎല്‍എ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎല്‍എ ഫോറസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. കൈതകൃഷി പാട്ടത്തിനെടുത്തവര്‍ സോളാര്‍ വേലിയില്‍ അമിതമായി വൈദ്യുതി കടത്തിവിട്ടതാണ് ആനയ്‌ക്ക് ഷോക്കേല്‍ക്കാന്‍ കാരണമായതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സുഹൃത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇതറിഞ്ഞാണ് എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും എത്തിയത്.
സംഭവത്തില്‍ വിശദീകരണവുമായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. കാട്ടാന പ്രശ്നത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വനംവകുപ്പുദ്യോഗസ്ഥര്‍ കുറേപ്പേരെ കൊണ്ടുപോയി എന്നറിയുന്നത്. ഇതിലുള്‍പ്പെട്ട ഇയാള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഫോറസ്റ്റ് ഓഫീസില്‍ വിളിച്ചു. പക്ഷെ ആരും ഫോണെടുത്തില്ല. ഡിവൈഎസ്പിയുമൊപ്പമാണ് ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്. ഏഴുപേരെയാണ് ഇവര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതികളാണെങ്കില്‍ അറസ്റ്റ് ചെയ്യണം. അതല്ല, വിവരങ്ങള്‍ ചോദിച്ചറിയാനാണെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തണം. അല്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എപ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: