മുംബൈ ; ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമയെ കൂടിക്കാഴ്ചയ്‌ക്കായി ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ നേട്ടങ്ങൾക്ക് അനുമോദനം അറിയിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. രോഹിത്തുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സഹിതം ഫഡ്‌നാവിസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമിട്ടു.ക്രിക്കറ്റിൽ രാജ്യത്തിനായി സ്വന്തമാക്കിയ നേട്ടങ്ങളെയും പ്രത്യേകിച്ച് റെഡ്ബോൾ ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകളെയും മുഖ്യമന്ത്രി ഫഡ്നാവിസ് അഭിനന്ദിച്ചു.
‘‘ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുമായി എന്റെ ഔദ്യോഗിക വസതിയായ വർഷയിൽവച്ചുള്ള കൂടിക്കാഴ്ചയും സംഭാഷണവും വളരെ ഹൃദ്യമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച അദ്ദേഹത്തെ ആശംസകൾ അറിയിച്ചു. ജീവിതത്തിന്റെ പുതിയ അധ്യായത്തിൽ എല്ലാ വിജയങ്ങളും നേരുകയും ചെയ്തു’ – ചിത്രങ്ങൾക്കൊപ്പം ഫഡ്‌നാവിസ് കുറിച്ചു.11 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 67 മത്സരങ്ങൾ കളിച്ചാണ് രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: