ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂർ വഴി പാകിസ്ഥാന് മാത്രമല്ല , നഷ്ടം ചൈനയ്‌ക്കും . ഇന്ത്യയ്‌ക്കെതിരേ പാകിസ്താൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈൽ ആയിരുന്നുവെന്നുവെന്നും അവ ഇന്ത്യ തകർത്തതായും ലോകരാജ്യങ്ങൾ മുഴുവൻ മനസിലാക്കി കഴിഞ്ഞു . ചൈനീസ് നിർമ്മിത പിഎൽ 15 മിസൈൽ ആണ് ഇന്ത്യ തകർത്തത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പ്രദർശിപ്പിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സേന ഇക്കാര്യം വ്യക്തമാക്കിയത്.ആവശ്യമെങ്കിൽ അടുത്ത മിഷന് തയ്യാറാണെന്നും സേന വ്യക്തമാക്കി.
ഇന്ത്യയുടെ ഫയർവാൾ തകർക്കാൻ പാകിസ്താന് സാധിച്ചില്ലെന്ന് എയർ മാർഷൽ എ.കെ. ഭാരതി പറഞ്ഞിരുന്നു . ഇന്ത്യ തകർത്ത ഡ്രോണുകൾ ചൈന, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവയായിരുന്നുവെന്നും സേന അറിയിച്ചു.
പാകിസ്താൻ ഉപയോഗിച്ച നിരവധി ഡ്രോണുകളെയും ആളില്ലാ യുദ്ധവിമാനങ്ങളെയും ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങളും മികച്ച പരിശീലനം നേടിയ നാവികപ്രതിരോധ സേനയും ശക്തമായി തിരിച്ചടിച്ചു. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വിജയകരമായി ഉപയോഗിച്ചെന്നും സേന അറിയിച്ചു. അതുകൊണ്ട് തന്നെ ചൈനയുടെ ആയുധങ്ങളെക്കാൾ മികച്ചത് ഇന്ത്യയുടേത് തന്നെയെന്ന് വ്യക്തമാക്കാനും ഓപ്പറേഷൻ സിന്ദൂറിലൂടെ സാധിച്ചു.
മാത്രമല്ല മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം ചൈനീസ് പ്രതിരോധ സ്റ്റോക്കുകളിൽ വലിയ ഇടിവ് സംഭവിച്ചു. എവിഐസി ചെങ്ഡു എയർക്രാഫ്റ്റിന്റെ ഓഹരികൾ 7.4 ശതമാനം ഇടിഞ്ഞു. ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗിന്റെ ഓഹരികളും 4 ശതമാനത്തിലധികം ഇടിഞ്ഞു. സൈനിക ഇലക്ട്രോണിക്സ് നിർമ്മിക്കുന്ന സുഷൗ ഹോങ്ഡ ഇലക്ട്രോണിക്സിന്റെ ഓഹരികളും 6.34 ശതമാനം ഇടിഞ്ഞു.
പാകിസ്ഥാൻ വളരെക്കാലമായി ചൈനയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നു. SIPRI ഡാറ്റ പ്രകാരം, 2019-2023 കാലയളവിൽ പാകിസ്ഥാൻ ചൈനയിൽ നിന്ന് 5.28 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വാങ്ങി. പാകിസ്ഥാന്റെ മൊത്തം ഇറക്കുമതിയുടെ 81 ശതമാനവും ചൈനയിൽ നിന്നാണ്. പാകിസ്ഥാന് ചൈനയിൽ നിന്ന് JF-17 തണ്ടർ ജെറ്റുകൾ, SH-15 പീരങ്കി തോക്കുകൾ, നാവിക കപ്പലുകൾ എന്നിവയും നൽകിയിരുന്നു. എന്നാൽ ഇതിനൊന്നും നിലവാരമില്ലെന്നും , വാങ്ങുന്നുവെങ്കിൽ അത് മെയ്ഡ് ഇൻ ഇന്ത്യൻ ആയിരിക്കണമെന്നും ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്തു കഴിഞ്ഞു ഓപ്പറേഷൻ സിന്ദൂർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: