ആദംപുർ (പഞ്ചാബ്): ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഭാരത് മാതാ കീ ജയ്” എന്ന മുദ്രാവാക്യം വെറുമൊരു മുദ്രാവാക്യമല്ലെന്നും ഇന്ത്യൻ സൈനികരുടെ ദൃഢനിശ്ചയമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. “ഇതൊരു പ്രതിജ്ഞയാണ്… എല്ലാ ദൗത്യത്തിനും പിന്നിലെ ശക്തി. നമ്മുടെ ഡ്രോണുകളും മിസൈലുകളും ആക്രമിക്കുമ്പോൾ ശത്രുക്കൾ ഇത് കേൾക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ സാങ്കേതിക വിദ്യയുടെ കരുത്ത് കാട്ടി. തീവ്രവാദികളുടെ തലസ്ഥാനം തകര്‍ത്തെന്നും ആദംപുർ വ്യോമതാവളത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ഇത് പുതിയ ഇന്ത്യയാണ്. ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. രാജ്യത്തെ ഒന്നിച്ചു നിർത്തി. ഇന്ത്യൻ അതിർത്തി സംരക്ഷിച്ചു. ഇന്ത്യയുടെ അഭിമാനം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തി. സങ്കൽപ്പിക്കാനാകാത്ത കാര്യമാണ് സൈന്യം ചെയ്തതെന്നും മോദി പറഞ്ഞു. നമ്മുടെ സഹോദരിമാരുടേയും പെൺമക്കളുടേയും സിന്ദൂരം മായ്ച്ചപ്പോൾ ഞങ്ങൾ തീവ്രവാദികളുടെ വീടുകളിൽ കേറി അവരെ ചതച്ചരച്ചുവെന്നും മോദി പറഞ്ഞു.
ആണവായുധം ഉപയോഗിച്ചുള്ള ബ്ലക്‌മെയിലിങ് വെച്ചുപൊറുപ്പിക്കില്ല. വേണ്ടിവന്നാൽ മനുഷ്യജീവനുകൾ സംരക്ഷിക്കാൻ യുദ്ധത്തിലേക്ക് നീങ്ങാൻ മടിക്കില്ല. ഇനി മറുപടി നൽകിയാൽ അത് പാകിസ്താന്റെ സർവനാശമായിരിക്കും. ശത്രുക്കൾ മണ്ണോടടിയുമെന്നും മോദി പറഞ്ഞു. പാക്കിസ്ഥാന്റെ സ്ഥാനം എവിടെയാണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയ്‌ക്ക് കാണിച്ചു കൊടുക്കാൻ സാധിച്ചു. നമ്മുടെ കര-വ്യോമ-നാവിക സേനകൾ പാക് സൈന്യത്തെ പരാജയപ്പെടുത്തി. അവരുടെ സ്ഥാനം എവിടെയെന്ന് കാണിച്ചു കൊടുത്തു.
ചെകുത്താൻ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് അവരുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഭീകരതയുടെ തലതൊട്ടപ്പന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട്, മോദി പറഞ്ഞു. ഇന്ത്യൻ ഡ്രോണുകളേക്കുറിച്ചും മിസൈലുകളെക്കുറിച്ചും ചിന്തിച്ച് പാക്കിസ്ഥാന് ദിവസങ്ങളോളം ഉറങ്ങാനാകില്ല. നേരത്തെ ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയോട് ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച കാര്യങ്ങൾ വ്യോമസേന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വ്യോമത്താവളത്തിലെ സേനാംഗങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: