തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരിച്ചു കിട്ടിയെങ്കിലും അതീവ സുരക്ഷാ മേഖലയില്‍ നിന്ന് 13 പവനോളം സ്വര്‍ണ്ണം കാണാതായത് സംബന്ധിച്ച് പല സംശയങ്ങളും ദൂരൂഹതകളും അവശേഷിക്കുന്നു. കാണതായ സ്വര്‍ണ്ണം ക്ഷേത്ര വളപ്പിലെ മണല്‍ പരപ്പില്‍ നിന്നാണ് തിരികെ കിട്ടിയത്. അതീവസുരക്ഷയുള്ള ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതാകുകയും പോലീസ് അന്വേഷണം ആരംഭിച്ചതോടെ തൊട്ടടുത്ത ദിവസം ക്ഷേത്രത്തിലെ മണലില്‍ നിന്നും സ്വര്‍ണം കിട്ടുകയും ചെയ്യുന്നു. സിനിമയെപോലും വെല്ലുന്ന അതിനാടകീയ രംഗങ്ങളാണ് ക്ഷേത്രത്തില്‍ അരങ്ങേറിയത്.
സുരക്ഷാ ചുമതലയുള്ള പോലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് ദിവസവും സ്വര്‍ണം എടുക്കുകയും തിരികെ വയ്‌ക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച പണിക്കായി എടുത്ത സ്വര്‍ണം പണി കഴിഞ്ഞ ശേഷം തിരികെ വച്ചിരുന്നു. പിന്നീട് ശനിയാഴ്ചയാണ് സ്വര്‍ണ്ണം വീണ്ടും പുറത്തെടുത്തത്. അപ്പോഴാണ് അളവില്‍ കുറവുള്ള വിവരം ശ്രദ്ധയില്‍പെടുന്നത്.
സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച സ്വര്‍ണം എങ്ങനെ മണലിലെത്തി എന്നതാണ് ദൂരൂഹതയുണര്‍ത്തുന്നത്. ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലിന്റെ പ്രധാന വാതില്‍ സ്വര്‍ണം പൂശുന്ന ജോലി കുറച്ച് മാസങ്ങളായി നടക്കുകയാണ്. ഓരോ ദിവസത്തെയും പണിക്കാവശ്യമായ സ്വര്‍ണ്ണം സ്‌ട്രോങ് റൂമില്‍ നിന്ന് പുറത്തെടുക്കുകയും അന്നത്തെ പണി കഴിഞ്ഞശേഷം മിച്ചമുള്ളവ തിരികെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയുമാണു ചെയ്തുവരുന്നത്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍വച്ചാണ് സ്വര്‍ണം പൂശല്‍ നടത്തുന്നത്. ഇവിടെ വെളിച്ചം കുറവായതിനാല്‍ സ്വര്‍ണ്ണ സ്‌ട്രോങ് റൂമില്‍നിന്നും തിരിച്ചും കൊണ്ടു പോകുന്നതിനിടയില്‍ തറയില്‍ വീണതാകാം എന്ന കണക്കുകൂട്ടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കണാതെ പോയതില്‍ ക്ഷേത്ര ജീവനക്കാര്‍ക്കിയിലെ ചേരിപ്പോരും കാരണമായോ എന്ന സംശയവും ഉയരുന്നുണ്ട്. ക്ഷേത്ര ജീവനക്കാരെയും സ്വര്‍ണപണിക്കാരെയും വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുകയാണ്. ക്ഷേത്ര ജീവനക്കാര്‍ക്കിടയിലെ പടലപ്പിണക്കവും ആരെയെങ്കിലും കുടുക്കാന്‍ മനപൂര്‍വം സ്വര്‍ണ്ണം മണ്ണിലിട്ടതാണോ എന്നും വിശദമായി അന്വേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പോലിസ്.
വടക്കേ നടയ്‌ക്കും പടിഞ്ഞാറേ നടയ്‌ക്കും ഇടയിലുള്ള മണ്ഡപത്തിന് സമീപമാണ് മണലില്‍ താണ നിലയില്‍ സ്വര്‍ണം തിരികെ കിട്ടിയത്. സ്വര്‍ണം ഇവിടെ എത്തിയതിനുപിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്നാണ് പോലിസ് പറയുന്നത്. ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ടെങ്കിലും ദൃശ്യങ്ങളൊന്നും പോലിസിന് ലഭിച്ചിട്ടില്ല. മറ്റൊരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കുന്ന ഭാഗത്തേക്കാണ്. അതിനാല്‍ സ്വര്‍ണം കിടന്ന ഭാഗത്ത് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: