തിരുവനന്തപുരം: ദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നല്‍കുക എന്ന ലക്ഷ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ മാര്‍ഗദര്‍ശിത്വത്തില്‍ രൂപപ്പെടുത്തിയ പ്രധാനമന്ത്രി ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് കാട്ടിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പക്ഷപാതപരവും സുതാര്യത ഇല്ലാത്തതും പൊതുജനങ്ങളെ ഉള്‍പ്പെടുത്താത്തതുമായ സമീപനമാണ് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പി എം ആവാസ് പദ്ധതിയോട് സ്വീകരിച്ചത്.
ഇത്തരം വിഷയങ്ങളില്‍ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമം, ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമിന്‍ (PMAY-G) പദ്ധതിയുടെ നടപ്പാക്കലില്‍ സംഭവിക്കുന്ന ക്രമക്കേടുകളും സുതാര്യതയുടെ അഭാവവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു.
എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വീട് ലഭ്യമാക്കുന്നതാണ് ഈ കേന്ദ്രപദ്ധതിയുടെ ലക്ഷ്യം. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലെ വിവേചനവും അന്യായമായി അപേക്ഷകരെ ഒഴിവാക്കുന്നതും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. രാഷ്‌ട്രീയമായ പക്ഷപാതവും സുതാര്യമല്ലാത്ത നടപടികളും മൂലം യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടുന്നുണ്ടെന്നത് അദ്ദേഹത്തെ അറിയിച്ചു. എല്ലാവര്‍ക്കും സമത്വവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
MGNREGS (മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) തുക മുടങ്ങുന്നത് മൂലം സ്ത്രീകള്‍ അടക്കമുള്ള ഗുണഭോക്താക്കള്‍ അനുഭവിക്കുന്ന പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ലക്ഷക്കണക്കിന് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ സമയത്ത് ലഭ്യമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് തൊഴിലുറപ്പ് കൂലി മുടങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കാന്‍ ഇടപെടണം.
ഇതിന് പുറമെ, കുട്ടനാട്ടിലെയും ഹൈ റേഞ്ചിലേയും കര്‍ഷകരെയും കൃഷിയെയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുംകേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.മന്ത്രി ശിവരാജ് സിംഗ് വൈകാതെ കേരളത്തിലെത്തും.വീടില്ലാത്തവര്‍ക്കും പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്കും എല്ലാ സഹായവും ഉറപ്പുവരുത്താന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: