ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലും തൊട്ടടുത്ത ദിവസത്തെ ആക്രമണത്തിലും പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങള്‍. ഇന്ത്യയ്‌ക്ക് വേണ്ടി ആയുധങ്ങള്‍ ഇന്ത്യ തന്നെ നിര്‍മ്മിക്കുക എന്ന പ്രതിരോധ രംഗത്തെ ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ യുടെ വിജയം കൂടിയാണിത്.
പാകിസ്ഥാന്‍ ഉപയോഗിച്ച തുര്‍ക്കി ഡ്രോണുകളെ ഛിന്നഭിന്നമാക്കിയ എല്‍-70 തോക്ക്
പാകിസ്ഥാനില്‍ നിന്നും മൂന്നരമണിക്കൂറിനുള്ളില്‍ പാഞ്ഞുവന്ന 400 മുതല്‍ 500 വരെയുള്ള ചൈന, തുര്‍ക്കി ഡ്രോണുകളെ അടിച്ചിട്ടത് ഡിആര്‍ഡിഒ (കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച എല്‍-70 എന്ന ആന്‍റിഡ്രോണ്‍ സംവിധാനം. റഡാറുകള്‍, ഇലക്ട്രോ ഓപ്റ്റിക്കല്‍ സെന്‍സറുകള്‍, ഓട്ടോ ട്രാക്കിംഗ് സിസ്റ്റംസ് എന്നിവയുമായി ബന്ധിപ്പിച്ച തോക്കാണ് എല്‍-70 40എംഎം ആന്‍റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍. പണ്ട് സ്വീഡനിലെ ബോഫോഴ്സ് കമ്പനി നല്‍കിയതാണ്. ഇതിനെ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തതോടെ റഡാറുകളെ വെട്ടിച്ച് പറക്കുന്ന ഡ്രോണുകള്‍ വെടിവെച്ചിരുന്ന ശക്തമായ ആയുധമായി അത് മാറി. മിനിറ്റില്‍ 240 മുതല്‍ 330 വരെ റൗണ്ട് നിറയൊഴിക്കാന്‍ ഇവയ്‌ക്ക് ശേഷിയുണ്ട്. നാല് കിലോമീറ്റര്‍ വരെ ദൂരത്തില്‍ വെടിയുണ്ട എത്തും. തുര്‍ക്കിയുടെ കമികസെ, സോംഗാര്‍, ബൈക്കര്‍ യിഹ മൂന്ന് എന്നീ ഡ്രോണുകള്‍, മണിക്കൂറുകളോളം ആകാശത്തില്‍ മറഞ്ഞിരുന്ന് ബോംബ് വര്‍ഷം നടത്തുന്ന അപകടകാരികളായ ലോയിറ്ററിംഗ് മ്യുനിഷന്‍ എന്നിവയാണ് തദ്ദേശനിര്‍മ്മിതമായ എല്‍70 40 എംഎം തോക്കുകള്‍ അടിച്ചിട്ടത്.
ബ്രഹ്മോസ് മിസൈല്‍- ഡിആര്‍ഡിഒ
പാകിസ്ഥാനിലെ നൂര്‍ഖാന്‍ എന്ന സൈനിക വിമാനത്താവളം തകര്‍ത്തത് ഡിആര്‍ഡിഒയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈല്‍ ആണ്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന അപകടകാരിയ ഈ ക്രൂയിസ് മിസൈല്‍ 290 മുതല്‍ 400 കിലോമീറ്റർ വരെയുള്ള ദൂരത്തിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കും. ആകാശം, ഭൂതലം, സമുദ്രം എന്നിങ്ങനെ ത്രിതലങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയും. മണിക്കൂറില്‍ 3430 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്നതിനാല്‍ അടിച്ചിടാന്‍ ശത്രുക്കള്‍ വിയര്‍ക്കും. ബ്രഹ്മോസിന്റെ ആഘാതത്താല്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിന് തൊട്ടടുത്തെ പാകിസ്ഥാന്റെ ആണവ നിലയത്തിന് വരെ കേടുപാടുള്‍ പറ്റി. അത്രയ്‌ക്ക് ഉഗ്രസ്ഫോടനമാണ് ബ്രഹ്മോസ് നടത്തിയത്.
ഹമ്മര്‍ മിസൈല്‍- ഭാരത് ഇലക്ട്രോണിക്സ്
ഹമ്മര്‍ എന്ന മിസൈലും പാകിസ്ഥാനിലെ മറ്റ് ചില സൈനിക വിമാനത്താവളങ്ങളില്‍ കേട് പാടുകള്‍ വരുത്തി. ഫ്രഞ്ച് കമ്പനിയും ഇന്ത്യയുടെ സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സും സംയുക്തമായി വികസിപ്പിച്ചതാണ് ഇന്ത്യ ഉപയോഗിക്കുന്ന ഹമ്മര്‍ എന്ന 70 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് പ്രഹരം നല്‍കാന്‍ കഴിയുന്ന ഉഗ്രശേഷിയുള്ള മിസൈല്‍. ജാമര്‍ ഉപയോഗിച്ചാലൊന്നും ഇതിനെ തടുക്കാന്‍ കഴിയില്ല. എളുപ്പത്തില്‍ അടിച്ചിടാനും ശത്രുക്കള്‍ക്കാവില്ല. ജെയിഷ് എ മുഹമ്മദിന്റെയും ലഷ്കര്‍ ഇ ത്വയിബയുടെയും ഭീകരപരിശീലന ആസ്ഥാനകേന്ദ്രങ്ങള്‍ തകര്‍ത്തത് ഹമ്മര്‍ മിസൈലുകളാണ്.
ആകാശ് മിസൈല്‍ – ഡിആര്‍ഡിഒ, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്
ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), ഭാരത് ഡൈനാമിക്സ് എന്നീ കമ്പനികള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ് ആകാശ് എന്ന പ്രതിരോധ മിസൈല്‍ സംവിധാനം. പാകിസ്ഥാന്‍ അയച്ച തുര്‍ക്കി ഡ്രോണുകളേയും പിഎല്‍15 എന്ന ചൈനയുടെ മിസൈലിനെയും തറ പറ്റിച്ചതില്‍ വലിയൊരു പങ്ക് വഹിച്ചത് ആകാശ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ്. ചൈനയുടെ അപകടകാരിയ പിഎല്‍15 എന്ന മിസൈലിനെ അടിച്ചിടാന്‍ ആകാശ് മിസൈല്‍ സംവിധാനത്തിന് സാധിച്ചു. തുര്‍ക്കി ഡ്രോണുകളായ കമികസെയെയും സോംഗാറിനെയും തറപറ്റിക്കുന്നതില്‍ ഇന്ത്യ നിര്‍മ്മിച്ച ആകാശിന് പങ്കുണ്ട്.
ഷില്‍കയ്‌ക്ക് പിന്നില്‍ ഭാരത് ഇലക്ട്രോണിക്സ്
ഇസെഡ് എസ് യു ഷില്‍കെ എന്ന വ്യോമപ്രതിരോധ സംവിധാനം റഷ്യയുടേതാണെങ്കിലും അതിനെ ആധുനിക വല്‍ക്കരിച്ചത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ്. 20 കിലോമീറ്റര്‍ ശേഷിയുള്ള റഡാറുമായി ഇതിനെ ബന്ധിപ്പിക്കുകയും രണ്ടര കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള (ഷോര്‍ട്ട് റേഞ്ച്) ഭീഷണിയുയര്‍ത്തുന്ന ആയുധങ്ങളെ അടച്ചിടാനും ഷില്‍കെയ്‌ക്ക് സാധിക്കും. പാകിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ തകര്‍ക്കാന്‍ ഷില്‍കെ ഭാരതത്തെ സഹായിച്ചു.
പാകിസ്ഥാനെ കത്തിച്ച സ്റ്റാര്‍ സ്ട്രൈക്കര്‍-അദാനിയുടെ പ്രതിരോധകമ്പനി
അദാനിയുടെ പ്രതിരോധകമ്പനിയായ അദാനി ഡിഫന്‍സിന്റെ ഭാഗമായ ആല്‍ഫ ഡിസൈനും ഇസ്രയേലിന്റെ എല്‍ബിറ്റ് സിസ്റ്റവും ചേര്‍ന്ന് വികസിപ്പിച്ച സ്റ്റാര്‍ സ്ട്രൈക്കര്‍ എന്ന ഡ്രോണ്‍ വന്‍നാശമാണ് പാകിസ്ഥാനില്‍ വിതച്ചത്. പ്രധാനമായും പാക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ നശിപ്പിക്കാനാണ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഉപയോഗിച്ചത്. ആ ദൗത്യം കൃത്യമായി സ്റ്റാര്‍ സ്ട്രൈക്കര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് സ്റ്റാര്‍ സ്ട്രൈക്കറിനെ തൊടാന്‍ കഴിഞ്ഞില്ല. ആളില്ലാതെ പറക്കുന്ന യുഎവി വിഭാഗത്തില്‍ പെടുന്നതാണ് സ്റ്റാര്‍ സ്ട്രൈക്കര്‍. 450 കിലോഗ്രാം ബോംബ് വരെ വഹിക്കാന്‍ ശേഷിയുണ്ട്.
ലൈറ്റ് വെയ്റ്റ് ധ്രുവ് ചോപര്‍- എച്ച് എഎല്‍
ഇന്ത്യയുടെ പ്രധാനപ്രതിരോധഗവേഷണ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നായ എച്ച് എഎല്‍ നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് വെയ്റ്റ് ധ്രൂവ് ചോപ്പറുകള്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചിരുന്നു. പാക് അധീന കശ്മീരില്‍ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിലാണ് ധ്രൂവ് ചോപറുകള്‍ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: