തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സീഎയര്‍ കാര്‍ഗോ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്‌കോട്ടി.
കടല്‍, വായു മാര്‍ഗങ്ങള്‍ ഒരുപോലെ ഉപയോഗിച്ച് ചരക്ക് ഗതാഗതം സാധ്യമാക്കുന്നതാണ് സീ എയര്‍ കാര്‍ഗോ. എയര്‍ കാര്‍ഗോയുടെ വേഗതയും സീ കാര്‍ഗോയുടെ കുറഞ്ഞ ചിലവും ഇതിലൂടെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തിലെ പല വിമാനത്താവളങ്ങളിലും സിഎയര്‍ കാര്‍ഗോ രീതിയില്‍ വന്‍ തോതില്‍ ചരക്ക് ഗതാഗതം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിംഗപ്പൂരും ദുബായിലെ ജബല്‍ അലി തുറമുഖവും സീ എയര്‍ കാര്‍ഗോ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുന്ന തുറമുഖങ്ങളാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണം, ഡെസ്റ്റിനേഷന്‍ പോയിന്റിലേക്ക് ചരക്ക് ഏറ്റവും വേഗത്തില്‍ എത്തിക്കാമെന്നതാണ്. കൂടാതെ ജലഗതാഗതം ഉപയോഗിക്കുന്നതുമൂലം ചെലവ് ചുരുക്കാനും കഴിയും. വിഴിഞ്ഞം തുറമുഖത്ത് നിന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്കുള്ള ദൂരം വെറും 15 കിലോമീറ്ററാണ്. അതുകൊണ്ടുതന്നെ സീഎയര്‍ കാര്‍ഗോ വിഴിഞ്ഞം തുറമുഖത്തിന് വളരെ സാധ്യതകളാണ് ഉള്ളത്. തിരുവനന്തപുരം വിമാനത്താവളം 600 ഏക്കറിലാണുള്ളത്. ഇനി വികസനപ്രവര്‍ത്തനങ്ങളൊന്നും ഇവിടെ കേന്ദ്രീകരിച്ച് നടത്താന്‍ സാധിക്കുകയില്ല. റണ്‍വേ ഉള്‍പ്പെടെയുള്ളവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞു. ഇനി വെര്‍ട്ടിക്കല്‍ മാതൃകയില്‍ വിമാനമിറക്കാവുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഹെലികോപ്ടര്‍ ഇറങ്ങുന്ന രീതിയിലായിരിക്കും നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളംബോ വിമാനത്താവളങ്ങളുടെ മാതൃകയിലാവും ഇനി വിമാനത്താവളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: