Kerala

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

Published by

തിരുവനന്തപുരം: പ്രകൃതി നമുക്ക് വരദാനമായി തന്ന തുറമുഖത്തിനെ ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാന്‍ സാധിക്കണമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു. അതിന് എല്ലാ കണ്ണികളും ശരിയായകണം. നമ്മള്‍ ഇതെല്ലാം ചെയ്തിട്ടും തടസവാദങ്ങളുമായി രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും വന്നാല്‍ ശരിയായി മുന്നോട്ടുപോകില്ല, അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ അപാരമാണ്. ഒരു തുറമുഖത്തിനുവേണ്ട ഇത്രയും മനോഹരമായ സ്ഥലം ലോകത്ത് മറ്റൊരിടത്തും ഇല്ല. മുപ്പതുവര്‍ഷം മുമ്പ് തുടങ്ങേണ്ട പദ്ധതിയാണ്. നമ്മള്‍ വൈകിപ്പോയി, ഇപ്പോഴെങ്കിലും തുടങ്ങാന്‍ സാധിച്ചതില്‍ വളരെ നല്ലത്. ഇനിയെങ്കിലും നമുക്കിതിനെ തടസങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണം. ഇതുമായി ബന്ധപ്പെട്ട് പുതിയ മേഖലകള്‍ തുറക്കാനുള്ള ചുവപ്പുനാടകള്‍ ഇല്ലാതാക്കാനും ശ്രമിക്കണം. 7600 കിലോമീറ്റര്‍ തീരദേശമുള്ള രാജ്യമാണ് ഭാരതം. എന്നാല്‍ ഇവിടെ ഒരു മറീന പോലുമില്ല എന്നത് വളരെ ഖേദകരമാണ്.

ലോകത്തിലെ ഷിപ്പിങ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതാണ് യോര്‍ട്ടിങ് ഇന്‍ഡസ്ട്രി. ഈ യോര്‍ട്ടിങ് ഇന്‍ഡസ്ട്രി വരണമെങ്കില്‍ ആദ്യം വരേണ്ടത് മറീനകളാണ്. ഒരുലക്ഷം പേര്‍ക്ക് യോട്ട് വാങ്ങാന്‍ സാധ്യതയുള്ള ഒരു രാജ്യത്ത് ഒരു മറീന പോലും ഇല്ലെന്നത് വിശ്വസിക്കാനാകില്ല. 2008ല്‍ ഇതിന് ഒരു ശ്രമം നടത്തിയതാണ്. പേരിന് ഒന്നു തുടങ്ങിയെങ്കിലും അന്നത്തെ അധികാരികളുടെ ഉദാസീനത കാരണം അത് നശിച്ചുപോയി. നമുക്ക് നല്ല രീതിയിലൊരു യോട്ടിങ് ഇന്‍ഡസട്രി ഉണ്ടാകണം. അത് നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റും. അത് തിരുവനന്തപുരത്തിന് ഉണ്ടാക്കുന്ന മാറ്റം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒരുമിച്ച് ശ്രമിച്ചാല്‍ മാത്രമെ വിഴിഞ്ഞം പദ്ധതിയില്‍ കൂടുതല്‍ നിക്ഷേപകര്‍ വരുകയുള്ളു.

കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് പലര്‍ക്കും കോണ്‍ഫിഡന്‍സില്ല ഒരു മണിക്കൂറില്‍ തീര്‍ക്കേണ്ട കാര്യം മാസങ്ങളോളം എടുത്താണ് ഉദ്യോഗസ്ഥര്‍ തീര്‍പ്പുകല്പ്പിക്കുന്നത്. ഇവരാണ് നാടിനെ ഇല്ലാതാക്കുന്നത്. തടസവാദങ്ങള്‍ ഉണ്ടാക്കാതെ നമ്മള്‍ നിക്ഷേപകരെ സ്വീകരിക്കാന്‍ തയാറാകണം. കഴിഞ്ഞനാലുദിവസം നമ്മള്‍ രാജ്യത്തിനുവേണ്ടി നിന്നതുപോലെ നിന്നാലേ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളു. നമ്മുടെ സൈനികര്‍ രാജ്യത്തിനുവേണ്ടിനിലകൊള്ളുന്നതുപോലെ നമ്മുടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അഴിമതി രഹിതമായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക