തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണം തിരിച്ചുകിട്ടിയെങ്കിലും അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക. എത്ര പവന്‍ മോഷണം പോയി എന്നതില്‍ പോലും പരക്കെ ആശയക്കുഴപ്പമാണ്. മാധ്യമങ്ങളില്‍ 12 പവന്‍, 13 പവന്‍, പന്ത്രണ്ടര പവന്‍ തുടങ്ങി വ്യത്യസ്തമായ കണക്കുകള്‍ പുറത്തുവന്നതിന് പിന്നില്‍ ഇവിടുത്തെ സ്വര്‍ണ്ണത്തിന്റെ അളവെടുക്കുന്നതിലെ ആശയക്കുഴപ്പമാണ് നിഴലിക്കുന്നത്.
ശ്രീകോവിലിന്റെ മുന്‍പിലെ വാതിലിലെ സ്വര്‍ണ്ണത്തകിട് മാറ്റി പുതിയ സ്വര്‍ണ്ണത്തകിട് പതിക്കുകയാണ്. അതിന് സ്വര്‍ണ്ണം പൂശാനായി ലോക്കറില്‍ വെച്ചിരിക്കുന്ന സ്വര്‍ണ്ണക്കട്ടിയില്‍ ഒന്നാണ് മോഷണം പോയത്. ഇത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ്. ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണ്ണം മോഷണം പോയതായി കണ്ടെത്തുന്നത്. ഇതില്‍ അടിമുടി ദുരൂഹതയാണ്. മാത്രമല്ല, ക്ഷേത്രവളപ്പിലെ മണല്‍പ്പരപ്പില്‍ നിന്നും ആണ് സ്വര്‍ണ്ണം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. എങ്ങിനെ ലോക്കറിലെ സ്വര്‍ണ്ണം മണല്‍പ്പരപ്പില്‍ എത്തി? ക്ഷേത്രത്തിനകത്തെ സ്വര്‍ണ്ണം ഇങ്ങിനെ ചെറിയ ചെറിയ അളവില്‍ തുടര്‍ച്ചയായി മോഷണം പോവുകയാണോ എന്നതാണ് ഒരു സംശയം.
സ്വര്‍ണ്ണം കാണാനില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് വിവരം പുറത്തറിയുന്നത് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായതിനാലാണ് ഇവിടുത്തെ പന്ത്രണ്ട് പവന്‍ ആഭരണം മോഷണം പോയതില്‍ ആശങ്ക ഉയരുന്നത്.
ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി മോഷ്ടാക്കള്‍ തമ്പടിച്ചിട്ടുണ്ടെന്നത് സ്ഥിരം വാര്‍ത്തയാണ്. പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഇനിയും തുറക്കാത്ത നിലവറയില്‍ ഏകദേശം 1.2 ലക്ഷം കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍ സ്വര്‍ണ്ണം, സ്വര്‍ണ്ണാഭരണങ്ങള്‍, സ്വര്‍ണ്ണവിഗ്രഹം, അമൂല്യ ലോഹങ്ങള്‍, രത്നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: