അയ്മനം രവീന്ദ്രന്‍
തൊടരുതു മക്കളെ… നോക്കരുതു കൂട്ടരെ…
ഈവിധച്ചതികളില്‍ വീഴരുതു സോദരെ…
നാളത്തെ പൗരരായ് നമ്മള്‍ വളരണം
നാടിന്നഭിമാന മുത്തായ് തിളങ്ങണം.
മദ്യം മയക്കുമരുന്നുകള്‍ മാനവര്‍
മാതൃകയായിയകറ്റിനിര്‍ത്തീടണം
ലഹരിവിരുദ്ധ സമരം നയിക്കുവാന്‍
ലക്ഷ്യബോധത്തോടെ നമ്മള്‍ നിരക്കണം.
ബ്രൗണ്‍ ഷുഗര്‍, എല്‍എസ്ഡി, കഞ്ചാവു കൂടാതെ
ഗുളികയായ്, പൊടികളായ് നിരവധി രൂപത്തില്‍
ലഹരികള്‍ ചുറ്റിലും ചുറ്റിത്തിരിയുന്നു
വിപണന തന്ത്രങ്ങളേറെ മെനയുന്നു.
മിഠായി രൂപത്തില്‍, പാനിയ കുപ്പിയില്‍
നിരവധിയനവധി വര്‍ണ്ണവൈവിധ്യത്തില്‍
കുട്ടി മനസ്സിനെ കെണിയില്‍പ്പെടുത്തുവാന്‍
പല വേഷഭാവത്തില്‍ നാട്ടില്‍ വിലസുന്നു.
നമ്മുടെ നാടിനെയില്ലാതെയാക്കുവാന്‍
ആര്‍ഷസംസ്‌കാരങ്ങളാകെ തകര്‍ക്കുവാന്‍
സാമൂഹ്യദ്രോഹികള്‍ കെട്ടിയൊരുക്കുന്ന
തന്ത്രങ്ങള്‍ നമ്മള്‍ തിരിച്ചറിഞ്ഞീടണം.
യുവാക്കളെ വഴിതെറ്റിച്ചു മാറ്റുവാന്‍
സത്യധര്‍മ്മങ്ങളെ തല്ലിത്തകര്‍ക്കുവാന്‍
ഒരു ചെറു ഭീകരക്കൂട്ടം കൊരുക്കുന്ന
വലയില്‍ കുടുങ്ങാതെ സൂക്ഷിച്ചു നീങ്ങുക.
ഒരിക്കലീ മാരണക്കെണിയില്‍ കുടുങ്ങിയാല്‍
പിന്നീടു കരയേറി ജീവിതം പോറ്റിടാന്‍
കഴിയാതെ കുഴയുന്ന നിരവധിയനവധി
ജന്മങ്ങള്‍ സമൂഹ്യ മധ്യത്തിലലയുന്നു.
തൊടരുതു മക്കളെ… നോക്കരുതു കൂട്ടരെ…
ഈവിധച്ചതികളില്‍ വീഴരുതു സോദരെ…
നാളത്തെ പൗരരായ് നമ്മള്‍ വളരണം
നാടിന്നഭിമാന മുത്തായ് തിളങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: