ആക്രമിക്കപ്പെടാതിരിക്കാന്‍ രാവും പകലും ഉറക്കമിളച്ചിരുന്നിട്ടുണ്ടോ. ആക്രമിക്കപ്പെടുമെന്നുറപ്പായപ്പോള്‍, മറ്റു വഴിയെല്ലാമടഞ്ഞപ്പോള്‍ പ്രതിരോധിച്ചിട്ട് എതിരാളിയുടെ അടുത്ത നീക്കം കാതോര്‍ത്തിരുന്നിട്ടുണ്ടോ? അങ്ങനെയൊരനുഭവമെന്തെങ്കിലുമുള്ളവര്‍ക്കറിയാം ഭാരതത്തിന്റെ അവസ്ഥയുടെ തീവ്രത. ചതുരംഗക്കളിയില്‍ സ്വന്തം കരുക്കളില്‍, ഒരു കാലാള്‍ പോലും നഷ്ടപ്പെടുത്താതെ എതിര്‍പക്ഷത്തെ രാജാവിനെ അടിയറവു പറയിക്കാന്‍ അസാമാന്യമായ കളിവൈഭവം വേണം, കണക്കുകൂട്ടല്‍ വേണം, കൃത്യത വേണം. ഭാരതത്തിന്റെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍, ആ ചതുരംഗക്കളി നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കറിയാം. അല്ലാത്തവര്‍ക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് കാണുന്നതിലെ ഔത്സുക്യവും വിനോദവുമായിരിക്കും.
അതും ഒരു മെയ്മാസമായിരുന്നു, 1974 ലെ മെയ് 18. തൊട്ടടുത്തവര്‍ഷം, 1975 ജൂണ്‍ 25 ന്, അടിയന്തരാവസ്ഥയെന്ന ജനാധിപത്യവിരുദ്ധമായ മഹാപരാധം ചെയ്തതിന് 50 വര്‍ഷം മുമ്പ്. അന്ന്, രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഭാരതം ആദ്യത്തെ ആണവപരീക്ഷണം നടത്തി- പൊഖ്റാന്‍ 1. തുടര്‍ന്നാണ്, ജനാധിപത്യ ധ്വംസനത്തിലൂടെ ഇന്ദിരാഗാന്ധി കുപ്രസിദ്ധയായിത്തീര്‍ന്നത്. 74 ല്‍ മെയ് മാസത്തില്‍ ഇന്ദിരാഗാന്ധി പുതിയൊരു ചരിത്രമെഴുതുകയായിരുന്നു.
പക്ഷേ, തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ട് ഭാരതം മുടന്തിയാണ് മുന്നോട്ടുപോയത്. 1998 ല്‍ ഈ ദിവസത്തില്‍, മെയ് 11 ന്, ഭാരതം രണ്ടാമത്തെ അണുശക്തി പരീക്ഷണം നടത്തി. ആ ‘ഓപ്പറേഷന്‍ ശക്തി’ അവസാനിച്ചത് മെയ് 13 നായിരുന്നു. അടല്‍ബിഹാരി വാജ്പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. 13 പാര്‍ട്ടികള്‍ ചേര്‍ത്ത് ബിജെപി ഉണ്ടാക്കിയ കൂട്ടുകക്ഷി ഭരണ സര്‍ക്കാരിന്റെ തീരുമാനം. ഒരു ‘ന്യൂക്ലിയര്‍ ഫ്യൂഷ’നും നാല് ‘ന്യൂക്ലിയര്‍ ഫിഷ’നുമായി അഞ്ച് ന്യൂക്ലിയര്‍ ശക്തിപരീക്ഷണം. സാങ്കേതികമായി പറഞ്ഞാല്‍ മെയ് 11 ന് ആദ്യം നടത്തിയ ഫ്യൂഷന്‍ 12 കിലോ ടണ്‍ പ്രഹരശേഷിയുള്ളതായിരുന്നു. നാല് ഫിഷനുകളില്‍ ഒന്ന് 45 കിലോ ടണ്‍ ശേഷിയുള്ളതും. ”ആണവായുധ പരീക്ഷണമടക്കം ദേശീയസുരക്ഷ ശക്തമാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്” എന്ന് പ്രഖ്യാപിച്ച് രാജ്യാഭിപ്രായം അറിഞ്ഞായിരുന്നു അടല്‍ബിഹാരി അതിന് തയ്യാറായത്.
നൂറ്റിയഞ്ച് വര്‍ഷം മുമ്പ്, 1893 സെപ്തംബര്‍ 11 നായിരുന്നു അമേരിക്കയിലെ ചിക്കാഗോയില്‍ സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന്റെ ധര്‍മ്മസന്ദേശം ഇടിമുഴക്കമായി പ്രസംഗിച്ചതും ലോകം കേട്ടതും. ലോകരാജ്യങ്ങള്‍ അതിനുശേഷം അമ്പരന്ന് ഭാരതത്തെ ശ്രദ്ധിച്ചത് 1998 മെയ് 11 നായിരുന്നു; അണുപരീക്ഷണത്തെത്തുടര്‍ന്ന്. ഇപ്പോള്‍ 2025 മെയ് ഏഴിന് ഭാരതം ലോകെത്ത ഞെട്ടിച്ചു ഒരിക്കല്‍ക്കൂടി; ലോകഭീകരതയുടെ താവളങ്ങളില്‍ ചിലത് കൂട്ടമായി തകര്‍ത്തതിലൂടെ. നാലുകാലത്തിലെ മൂന്നു സംഭവങ്ങളും ലോകവും ലോകരാജ്യങ്ങളുടെ പ്രതികരണവും പ്രത്യേകം പഠിക്കേണ്ടതുതന്നെയാണ്. ഒരു രാഷ്‌ട്രത്തിന്റെ വളര്‍ച്ചയുടെ, ഉയര്‍ച്ചയുടെ നൂറ്റാണ്ടുപാഠം.
ലോകം ഭാരതത്തെ, ഭാരതത്തിന്റെ ചിന്താലോകത്തെ, ബൗദ്ധിക ഉന്നതിയെ, ദര്‍ശന വിശാലതയെ അറിയുകയായിരുന്നു, ”അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ” എന്ന സ്വാമി വിവേകാനന്ദന്റെ അഭിസംബോധനയിലൂടെ. ബൗദ്ധികമായി, ആത്മീയമായി, ആധ്യാത്മികമായി അന്ന് ഭാരതം നേടിയ ആ മേല്‍ക്കോയ്മ ഇന്നും തുടരുകയാണ്. അത് സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള ഭാരതഗാഥ.
1974 ല്‍ പൊഖ്റാന്‍ ഒന്നിന്റെ പരീക്ഷണത്തെത്തുടര്‍ന്ന് അമേരിക്ക, കാനഡ, ജപ്പാന്‍, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് രാജ്യങ്ങള്‍ എതിര്‍ത്തു. അവര്‍ ഭാരതത്തിന് വിവിധ സഹായങ്ങള്‍ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. അണ്വായുധവാഹനം നിരീക്ഷിക്കുന്നതിനുവേണ്ടി ന്യൂക്ലിയര്‍ സപ്ലയേഴ്സ് ഗ്രൂപ്പ് (എന്‍എസ്ജി) ഉണ്ടാക്കി. ഭാരതം വഴങ്ങി. വലിയൊരു പുതിയ ചുവടുവയ്‌പ്പിന് അന്ന് രാജ്യം തയ്യാറല്ലാതെ പോയി. സ്വന്തം അധികാരവും, ഭരണവും നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് അട്ടിമറി പോലുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഭരണ നേതൃത്വവും ഭരണകൂടവും ശിഷ്ടകാലം കഴിച്ചു; 1996 വരെ. 1998 ല്‍ ഓപ്പറേഷന്‍ ശക്തി വഴിത്തിരിവായി. ബിജെപി സര്‍ക്കാര്‍, സമാധാനത്തിന്റെ സന്ദേശം പറയുമായിരുന്ന വാജ്പേയി അണുപരീക്ഷണം നടത്തി ഭാരതത്തിന്റെ യശസ്സ് കളഞ്ഞു, രാജ്യത്തെ അപകടത്തിലാക്കി എന്നായിരുന്നു അന്നത്തെ ആക്ഷേപം. പ്രതിപക്ഷ രാഷ്‌ട്രീയകക്ഷികള്‍ സര്‍ക്കാരിനെ, പാര്‍ട്ടിയെ വിമര്‍ശനത്തിന്റെ മുള്ളില്‍ നിര്‍ത്തി. അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഭാരതത്തിന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. സാങ്കേതിക സഹായങ്ങള്‍ നിര്‍ത്തിവച്ചു. ലോകരാജ്യങ്ങള്‍ അപലപിച്ചു. അകത്തും പുറത്തുംനിന്നുണ്ടായ ആ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളുമാണ് ഭാരതത്തിന്റെ കരുത്തിന്റെ കുതിപ്പിനുള്ള ‘സ്പ്രിങ് ബോര്‍ഡു’കളായത്. ‘സ്വാശ്രയഭാരതം’ എന്ന ആശയം ആവിഷ്‌കരണ തലത്തില്‍ എത്തിയത് അങ്ങനെയാണ്.
സാങ്കേതികമായി, സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാനുള്ള വഴി തേടിയ കാലം. 2014 വരെ ഭരണ സംവിധാനത്തിന്റെ യജ്ഞം അതായിരുന്നു. ഫലം കണ്ടു. ഓട്ടോമൊബൈല്‍ മേഖലയില്‍ ഉള്‍പ്പെടെ ഉല്‍പാദന മേഖലയില്‍ ഭാരതം വളര്‍ന്നു. വിദേശ കടങ്ങള്‍ വീട്ടി. ആഭ്യന്തര സുരക്ഷ, പ്രതിരോധം, വിദേശകാര്യം എന്നീ മേഖലയില്‍ കൊടുത്ത ശ്രദ്ധയും മുന്‍ഗണനയും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് പുതിയ മാര്‍ഗ്ഗം സൃഷ്ടിച്ചു. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത വാജ്പേയി, ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, സുഷമാസ്വരാജ്, എസ്. ജയശങ്കര്‍ എന്നിവരിലൂടെ അത് എത്രത്തോളം വളര്‍ന്നുവെന്ന് അറിയാന്‍ 2025 മെയ് 7 ന് പാകിസ്ഥാന്‍ മണ്ണിലും പിഒകെയിലും പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനാ ആസ്ഥാനങ്ങള്‍ തകര്‍ത്തപ്പോഴും തുടര്‍ന്ന് പാകിസ്ഥാന്‍ മണ്ണില്‍ ആയുധപ്രയോഗം നടത്തിയപ്പോഴും ലോകരാജ്യങ്ങള്‍ എങ്ങനെ പ്രതികരിച്ചുവെന്ന് വിലയിരുത്തിയാല്‍ മതിയാകും. നയതന്ത്ര ബന്ധത്തിലൂടെ തന്ത്രപരമായി ഇതര രാജ്യങ്ങള്‍ക്ക് ബോധ്യംവരുമാറ് വസ്തുതകള്‍ വിശദീകരിച്ചു. യുദ്ധമുണ്ടാക്കി പക്ഷം പിടിച്ച് ആയുധവില്‍പ്പന നടത്തുന്നവര്‍ എന്ന് ആക്ഷേപമേറ്റിരുന്ന രാജ്യങ്ങള്‍ക്ക് ഭാരതം ഇന്ന് പ്രതിരോധ മേഖലയില്‍ നേടിയിരിക്കുന്ന വളര്‍ച്ച ബോധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ നമ്മള്‍ വിജയിച്ചു. ഒരേ രാജ്യത്തിന്റെ ആയുധങ്ങള്‍ ഇതര രാജ്യങ്ങള്‍ക്കും വില്‍ക്കുന്ന വിചിത്ര തന്ത്രം പയറ്റിയവര്‍ അമ്പരന്നു നില്‍ക്കുകയാണ്, ആയുധത്തില്‍ മാത്രമല്ല പ്രയോഗത്തിലുമുള്ള ഭാരതത്തിന്റെ വൈഭവം മികച്ചതാണെന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിയുന്നു. പ്രതിരോധത്തിലും യുദ്ധതന്ത്രത്തിലും പ്രഗത്ഭന്മാര്‍ എന്ന് സ്വയം പുകഴ്‌ത്തിയിരുന്നവര്‍ക്കും പ്രകീര്‍ത്തിക്കപ്പെട്ടിരുന്നവര്‍ക്കും അതിശയമാണ് ഭാരതത്തിന്റെ തന്ത്രവും പ്രയോഗത്തിലെ കൃത്യതയും.
ഇപ്പോള്‍ പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരം ഭാരതം ‘വെടിനിര്‍ത്തല്‍’ പ്രഖ്യാപിച്ചു. വാജ്‌പേയി ഭരണകാലത്ത് റംസാന്‍ മാസത്തില്‍ ഭാരതം സ്വയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പക്ഷേ, പാകിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും നീതിന്യായ സംവിധാനവും രാഷ്‌ട്രീയക്കാരും നാലു തട്ടിലാണ്. അങ്ങനെയാണ് കാര്‍ഗില്‍ യുദ്ധമുണ്ടായത്. അന്ന് പാകിസ്ഥാന്‍ ഒറ്റപ്പെട്ടു. സഹിഷ്ണുതയുടെ പരമാവധി കണ്ട ഭാരതം നടത്തിയ യുദ്ധ നടപടികളില്‍ ലോകരാജ്യങ്ങള്‍ പക്ഷം പിടിക്കാതെ നോക്കി നിന്നതേയുള്ളു. വെടിനിര്‍ത്തലും യുദ്ധ നയങ്ങളിലൊന്നാണ്.
ഇതിന്റെയിടയില്‍ ശ്രദ്ധയില്‍പ്പെടാെത പോകരുത് ഭാരതം കൈവരിച്ചുകൊണ്ടിരിക്കുന്ന മറ്റു നേട്ടങ്ങള്‍. ഐക്യരാഷ്‌ട്ര സംഘടനയുടെ വികസന പരിപാടിയുടെ (യുഎന്‍ഡിപി) 2025 ലെ റിപ്പോര്‍ട്ട് പുറത്തുവന്നു. 2023 ലെ ഹ്യൂമെന്‍ ഡവലപ്മെന്റ് ഇന്‍ഡക്സ് (മാനവവികസന സൂചിക) പ്രകാരം 193 രാജ്യങ്ങളില്‍ 130-ാം സ്ഥാനത്ത് ഭാരതം എത്തി. 2023 ലെ കണക്കാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മൂല്യക്കണക്കില്‍ പറഞ്ഞാല്‍, ഏറ്റവും ഉയര്‍ന്ന മാനവവികസന സൂചനാ നിരക്കായ 0.700 പോയിന്റിന് തൊട്ടടുത്ത് 0.685 ല്‍ ഭാരതമെത്തി. 2022 ല്‍ ഇത് 0.676 ആയിരുന്നു. 2024 ലെ കണക്ക് വരുമ്പോള്‍ ഭാരതം പരമാവധിയിലെത്തിയതായി വിശകലനത്തില്‍ തെളിഞ്ഞേക്കാം. 2015-16 നും 2019-20 നും ഇടയില്‍ 135 ദശലക്ഷം പേരാണ് ദാരിദ്ര്യരേഖക്ക് മുകളിലെത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, വനിതാ ശാക്തീകരണം എന്നീ രംഗങ്ങളില്‍ സര്‍ക്കാര്‍ നടപടികളുടെ ഗുണമൂല്യം വര്‍ധിച്ചു. ആയുര്‍ദൈര്‍ഘ്യം 1990-കളില്‍ 58.6 വയസ്സായിരുന്നത് 2023 ല്‍ 72 ആയി. ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതി, ആയുഷ്മാന്‍ ഭാരത്, ജനനി സുരക്ഷാ യോജന, പോഷണ്‍ അഭിയാന്‍ തുടങ്ങിയ മോദി സര്‍ക്കാരിന്റെ പദ്ധതികളാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമായത്. അതായത് സുരക്ഷക്കും പ്രതിരോധത്തിനും കൊടുത്ത അതേ പ്രാധാന്യം മറ്റു മേഖലയ്‌ക്കും നല്‍കി. അതാണ് സമഗ്ര വികസനം എന്ന കാഴ്ചപ്പാട്. പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര അസ്വസ്ഥതകളുമായി തകരുന്ന പാകിസ്ഥാനും ഈ ഭാരതവും തമ്മിലാണ് താരതമ്യം വേണ്ടത്. അയല്‍രാജ്യങ്ങളും അവരുടെ കൂട്ടുകാരും ഭാരതത്തിലേക്ക് ഭീകരവാദം കയറ്റി അയച്ചപ്പോള്‍ അതിനെ ചെറുക്കാനും തകര്‍ക്കാനും ഒപ്പം രണ്ടാം പൊഖ്റാന്‍ കാലത്ത് തുടങ്ങിവച്ച സ്വാശ്രയഭാരതമെന്ന ആശയം തുടരാനും നടത്തിയ ശ്രമവും അതിന്റെ വിജയവുമുണ്ടല്ലോ, അതാണ് മോദി സര്‍ക്കാര്‍. ‘യുദ്ധ’ത്തിലായാലും സമാധാനത്തിലായാലും രാഷ്‌ട്രം മുഖ്യമെന്ന് ചിന്തിക്കുന്ന ആദര്‍ശത്തിന് തുടര്‍ച്ചയുണ്ടാകും. അതിന് ഉദ്ദേശ്യ ശുദ്ധിയുള്ളതിനാല്‍ വിജയവും. അതുകൊണ്ടാണ് ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന വികസനത്തിന്റെ റോക്കറ്റുകളെല്ലാം കൃത്യമായി ഫലിക്കുന്നത്. പൊഖ്‌റാനിലെ ‘ശക്തി’പരീക്ഷണത്തിന്റെ തലേന്ന് ഒരു വെടിനിര്‍ത്തലൊക്കെ പ്രഖ്യാപിക്കുന്നത് കൃത്യമായി കണക്കുകള്‍ കൂട്ടിത്തന്നെയാണ്.
പിന്‍കുറിപ്പ്:
വടക്കുംനാഥന്റെ പൂരത്തിന് പൂരപ്പറമ്പില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്ന് ദേവസ്വം മന്ത്രി. ഭീകരവേട്ടയുടെ ചാന്താട്ടത്തിന് സിന്ദൂരമെന്ന് പേരിട്ട് പ്രധാനമന്ത്രി. കപട മതേതരത്വത്തിന്റെ നിലവിളി ശബ്ദത്തിന് രാഗം ‘സിന്ധുഭൈരവി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: