കോഴിക്കോട്: നമ്മള്‍ സ്വത്വം മറന്നപ്പോള്‍ ഉണ്ടായ നഷ്ടത്തില്‍ സൃഷ്ടിക്കപ്പെട്ട കൃത്രിമ ഭൂപ്രദേശമാണ് പാകിസ്ഥാനെന്നും അത് തുടച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍ 45-ാം സംസ്ഥാന വാര്‍ഷികത്തില്‍ സംസ്‌കൃത സംഗമം കോഴിക്കോട് ചിന്മയാഞ്ജലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1947 ല്‍ നമുക്ക് നഷ്ടമായത് പലതുമാണ്. നമ്മള്‍ ഒന്നാണെന്ന ബോധം നഷ്ടമായി. ചരിത്രത്തിന്റെ, പൈതൃകത്തിന്റെ, ഭാഷയുടെ സ്വത്വം നഷ്ടമായി. അതാണ് പാകിസ്ഥാനുണ്ടാകാന്‍ ഇടയാക്കിയത്. പഹല്‍ഗാമില്‍ ഭീകരന്മാര്‍ കടന്നു കയറിയത് അതിര്‍ത്തിയിലല്ല. അത് നമ്മുടെ ഓരോരുത്തരുടെയും വീട്ടുവാതില്‍ക്കലാണ്. സ്വത്വം നഷ്ടമായതാണ് അതിന് കാരണം. ആ സ്വത്വം വീണ്ടെടുക്കാനാണ് ഭാരതം ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ. നാം ഓരോരുത്തരും പ്രവര്‍ത്തിക്കണം. പിന്തുണയ്‌ക്കണം.
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട 26 പേരുടെ മതമോ ഭാഷയോ നാടോ ആ സംഭവം ഉണ്ടാകും വരെ നാം അറിഞ്ഞിരുന്നില്ല. ആ സംഭവത്തിനോടുള്ള പ്രതികരണമായി ഭാരതം അതിര്‍ത്തിക്കപ്പുറത്തെ ഭീകരര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ ചിലര്‍ പറയുന്നു നമ്മള്‍ രാജ്യാതിര്‍ത്തി കടക്കരുതെന്ന്. ഈ മനസ്ഥിതി മാറണം. നമ്മള്‍ ആരാണെന്ന് തിരിച്ചറിയണം. അതിന് മതം നോക്കരുത്. ആദ്യമായി നാം ഓരോരുത്തരും ഭാരതീയനാകണം, അവസാനവും ഭാരതീയനായിരിക്കണം, ഈ ഭാവന വളരണം.
അതിനാണ് ”ഒരൊറ്റ ഭാരതം, മഹത്തായ ഭാരതം” എന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തത്. അതിന് നമ്മള്‍ എല്ലാ പിന്തുണയും കൊടുക്കണം, ഒന്നിച്ചു നില്‍ക്കണം, സ്വത്വം അറിയണം. അതിന് സംസ്്കാരം അറിയണം, സംസ്‌കൃത ഭാഷ പഠിക്കണം. അടുത്ത ദശകവും നൂറ്റാണ്ടും ഭാരതത്തിന്റേതാണ്, ഗവര്‍ണര്‍ പറഞ്ഞു.
സ്വത്വം മറക്കാനും ഉപേക്ഷിക്കാനും പാകത്തില്‍ സ്വഭാഷ മറക്കുന്ന വിധത്തിലായി നമ്മുടെ വിദ്യാഭ്യാസ സംവിധാനവും. ഇംഗ്ലീഷ് പഠിക്കാന്‍ പറഞ്ഞപ്പോള്‍ നമ്മള്‍ പകരം ഇംഗ്ലീഷില്‍ പഠിച്ചു. നമ്മുടെ ഭാഷ കളഞ്ഞു. ഇതിന് ഇന്ന് കുറ്റപ്പെടുത്തേണ്ടത് മെക്കാളയെ അല്ല, നമ്മളെത്തന്നെയാണ്. നമ്മുടെ വീടുകളില്‍ ഇന്ന് അച്ഛനില്ല, ഡാഡിയാണ്. അമ്മയില്ല, മമ്മിയാണ്. അമ്മായി ഇല്ല, ആന്റിയാണ്. നമ്മളെയല്ലാതെ ആരെയാണ് കുറ്റം പറയേണ്ടത്. സ്വ പൈതൃകം, സ്വ ഭാഷ, സ്വ ചരിത്രം മറന്നു. അവ വീണ്ടെടുക്കണം- ഗവര്‍ണര്‍ പറഞ്ഞു.
സംസ്‌കൃത ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി സത്യാനന്ത ഭാരതി മുഖ്യപ്രഭാഷണം നടത്തി. സ്വാമി ജിതാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വസംസ്‌കൃത പ്രതിഷഠാന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ശങ്കരനാരായണന്‍ അധ്യക്ഷനായി. ചടങ്ങില്‍ പണ്ഡിതരത്‌ന പുരസ്‌കാരം പ്രൊഫ. കെ.വി. വാസുദേവന് സമര്‍പ്പിച്ചു. ടി.വി ഉണ്ണികൃഷ്ണന്‍, വി.കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. കെ.വി. വാസുദേവന്‍ മറുപടി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: