തിരുവനന്തപുരം: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയെ പ്രകീർത്തിക്കുന്ന ചടങ്ങ് സംഘടിപ്പിക്കാനായി ചെലവാക്കുന്നത് ലക്ഷങ്ങൾ. 40 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതത്തെക്കുറിച്ച് അസോസിയേഷൻ തയ്യാറാക്കിയ ‘ദി ലെജൻഡ്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ഉൾപ്പെടെയുള്ള പരിപാടിയുടെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ മാസം 21ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിക്കായുള്ള പിരിവും സെക്രട്ടറിയേറ്റിൽ തകൃതിയാണ്.
സെക്രട്ടേറിയറ്റ് ജീവനക്കാരിൽനിന്നാണ് ഈ പണം പിരിച്ചെടുക്കുന്നത്. ശമ്പളം അടിസ്ഥാനമാക്കി 600 രൂപമുതൽ 13,000 രൂപവരെയാണ് പിരിവിനുള്ള ക്വാട്ട. താത്‌കാലിക ജീവനക്കാർക്കും വിഹിതം ബാധകം. എന്നാൽ, പ്രകാശനച്ചടങ്ങിനായല്ല, അസോസിയേഷൻ വാർഷികസമ്മേളനത്തിന്റെ പേരിലാണ് പിരിവ്. പിണറായി വിജയന്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ചെലവായത് 15 ലക്ഷം രൂപയാണ്. അതുൾപ്പെടെ പ്രകാശനച്ചടങ്ങിന് 40 ലക്ഷം രൂപയാണ് അസോസിയേഷൻ കണക്കാക്കുന്നത്.
സംഗീതവിരുന്നടക്കമുള്ള പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുന്നത്. മുഖ്യമന്ത്രിതന്നെയാണ് തന്റെ ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം നിർവഹിക്കുന്നതും. നേരത്തേ, മുഖ്യമന്ത്രിയെ സ്തുതിക്കുന്ന പാട്ട് തയ്യാറാക്കി അവതരിപ്പിച്ച അസോസിയേഷന്റെ നടപടി ഏറെ ചർച്ചയായിരുന്നു. അതേസമയം, പണപ്പിരിവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പരാതി സംഘടനയ്‌ക്കുള്ളിലുണ്ട്.
പ്രസിഡന്റ് പി. ഹണിയും ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനുള്ള പ്രധാനകാരണം ഇതാണ്. അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഹണി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: