തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ലെന്ന് മിഷൻ ഫോർ ക്ലീൻ ഗംഗ മുൻ ഡയറക്ടർ ജനറൽ ജി.അശോക് കുമാർ. ഭൂഗർഭ ജലം പോലും ഇവിടെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത് ഭൂമിയിലെ ജലനിരപ്പ് താഴാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ജലസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി അശോക് കുമാർ.
ഗംഗാ ശുചീകരണത്തിനായി മുമ്പ് പല പദ്ധതികൾ കൊണ്ട് വന്നിരുന്നുവെങ്കിലും അതൊന്നും വേണ്ട ഫലം കണ്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന വലിയൊരു പദ്ധതിയാണ് നമാമി ഗംഗ. ഓരോ പട്ടണങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് നാമാമി ഗംഗയുടെ വിജയം. 2014ൽ നമാമി ഗംഗ കൗൺസിൽ രൂപീകരിച്ചു. കൃത്യമായ പദ്ധതികളിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് നമാമി ഗംഗ പദ്ധതി നടപ്പാക്കി. ആയിരം കോടിയുടെ ഫണ്ട് പാസാക്കാനുള്ള അനുമതി ഈ കൗൺസിലിനുണ്ടായിരുന്നു. ജൻ ആന്ദോളൻ ജൽ ആന്ദോളൻ എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. നദിയെ മലിനമാക്കുന്ന ഏതൊരു പ്രവർത്തിയെയും തടയാനുള്ള അധികാരവും കൗൺസിലിനുണ്ടായിരുന്നു. ആയിരം പേരടങ്ങുന്ന ടെറിട്ടോറിയൽ ആർമിയും ഗംഗാ ശുചീകരണത്തിൽ പങ്കെടുത്തു.
2022 ൽ പ്രധാനമന്ത്രി ഗംഗയെ അവരൽ ഗംഗ (വെള്ളമൊഴുകുന്ന ഗംഗ), നിർമൽ ഗംഗ (ശുദ്ധമായ ഗംഗ), ജൻ ഗംഗ, ധ്യാൻ ഗംഗ എന്ന് പ്രഖ്യാപിച്ചു. മഹാകുംഭ മേളയിൽ 66 കോടി ജനങ്ങൾ സ്നാനം ചെയ്‌തിട്ടും ഒരാൾ പോലും പറഞ്ഞില്ല ഗംഗ മലിനമെന്ന്. ഇതിലും വലിയ അംഗീകാരം കിട്ടാനില്ലെന്നും ജി. അശോക് കുമാർ പറഞ്ഞു.
ഗംഗയിൽ ഡോൾഫിനുകളുടെ എണ്ണം കൂടി വരുന്നു. 2024 ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഡോൾഫിനുകളുടെ എണ്ണം 6600 ആയി. മാലിന്യങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്നത് തടയണം. ജനപങ്കാളിത്തത്തോടെ മാത്രമേ നദികളെ ശുദ്ധീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: