തിരുവനന്തപുരം: ഒരു വ്യാഴവട്ടമായി ഋഷി എവിടെയെങ്കിലും ഒന്നിരുന്നിട്ട്. എങ്കിലും ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷത്തില്‍ ഭാഗമാകാന്‍ ഋഷി പൂജപ്പുരയിലെത്തി. ശാരീരിക വെല്ലുവിളികള്‍ക്കിടയിലും എങ്ങനെയും ആഘോഷത്തിന്റെ ഭാഗമാകണമെന്നായിരുന്നു ചിന്ത. സുഹൃത്തിന്റെ സഹായത്താല്‍ ബാംഗ്ലൂരില്‍ നിന്നും ചില സാധനങ്ങള്‍ വാങ്ങിയാണ് സക്ഷമയുടെ നെടുമങ്ങാട് ജില്ലാസമിതി അംഗം കൂടിയായ ഋഷി ജന്മഭൂമി സുവര്‍ണജയന്തി ആഘോഷം നടക്കുന്ന പൂജപ്പുര മൈതാനിയില്‍ സ്റ്റാള്‍ തുടങ്ങിയത്. കുടകളും മഴക്കോട്ടുകളും ഉള്‍പ്പെടെ ചെറിയൊരു സ്റ്റാള്‍. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരാനുള്ള ശാരീരികാവസ്ഥയിലല്ല ഋഷി.
ബെംഗളൂരുവില്‍ ഫിസിയോതെറാപ്പി പഠിച്ചു, പുട്ടപര്‍ത്തിയിലും ധര്‍മ്മസ്ഥലയിലും കോട്ടയത്തുമായി ഫിസിയോതെറാപ്പിസ്റ്റായി എട്ടുവര്‍ഷത്തിലേറെ ജോലിചെയ്തു. ഇടയ്‌ക്ക് ഫോട്ടോഗ്രാഫറുമായി. ഒരു വിവാഹത്തിന്റെ ഫോട്ടോ എടുത്ത് മടങ്ങിവരവേ സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികളുടെ മത്സരബൈക്കോട്ടത്തിന് ഇരയായി. രണ്ട് ബൈക്കുകളുടെ ഇടിയേറ്റ് തെറിച്ചുവീണ് ഗുരുതരപരിക്കേറ്റ് ഋഷി എന്ന വിതുര ചെറ്റച്ചല്‍ കോണില്‍ വീട്ടില്‍ മനോജ്കുമാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തി.
ഇടുപ്പെല്ല് തകര്‍ന്നതിനാല്‍ പിന്നെ ഇരിക്കാനായിട്ടില്ല. കണ്ണിന് ഗുരുതര പരിക്കേറ്റു. ചികിത്സയില്‍ ഒരു കണ്ണിന് ഭാഗികമായി കാഴ്ച തിരികെക്കിട്ടി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ചികിത്സയില്‍ പിഴവുണ്ടായെന്ന് തുടര്‍ചികിത്സയില്‍ പലരും ചൂണ്ടിക്കാട്ടി. അതിന്റെ കേസ് ഇപ്പോഴും നടക്കുന്നു. വാഹനാപകട കേസിലും ഇതുവരെ തീര്‍പ്പായിട്ടില്ല.
പ്രാഥമികാവശ്യങ്ങള്‍പോലും നിന്നും കിടന്നും മാത്രമേ സാധ്യമാകൂ. ഊന്നുവടിയുമായി ഋഷി നടക്കുന്നതുകണ്ടാല്‍ ആര്‍ക്കും ഒന്നും മനസിലാകില്ല. ബസില്‍ സീറ്റുണ്ടായാല്‍പ്പോലും നില്‍ക്കണം. ഓട്ടോ വിളിച്ചാല്‍ കയറാനോ ഇരിക്കാനോ ആകില്ല. ജീവിതമാര്‍ഗം വഴിമുട്ടിയതോടെ ‘സക്ഷമ’ നല്‍കിയ ഉന്തുവണ്ടിയില്‍ ചെറിയൊരു കട തയാറാക്കി ‘മുട്ട കുല്‍ഫി’ കച്ചവടം തുടങ്ങിയെങ്കിലും ഒരു വിഭാഗം ആള്‍ക്കാരുടെ എതിര്‍പ്പുമൂലം പഞ്ചായത്ത് അനുവാദം നല്‍കിയില്ല. അതോടെ ആ വഴിയും അടഞ്ഞു. ഉന്തുവണ്ടി തുരുമ്പെടുത്ത് നശിക്കുന്നു. കടയുമായി മുന്നോട്ടുപോകാനായില്ല.
പോണ്ടിച്ചേരിയില്‍ വിദഗ്ധ ചികിത്സ കിട്ടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും സാമ്പത്തിക പരാധീനത ഋഷിയെ തടയുന്നു. ചികിത്സയ്‌ക്ക് 18 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്വകാര്യ സ്‌കൂള്‍ ടീച്ചറായ ഭാര്യക്ക് കിട്ടുന്ന ശമ്പളത്തില്‍ ഒന്‍പതാം ക്ലാസുകാരനായ മകന്റെ പഠനവും വീട്ടുചെലവും കഷ്ടിയാണ്. ആത്മസുഹൃത്തുക്കളുടെ സഹായവും സക്ഷമയിലെ പ്രവര്‍ത്തനവുമാണ് ഋഷിയെ മാനസികമായി പിടിച്ചുനിര്‍ത്തുന്നത്.
ഋഷിയുടെ ഫോണ്‍നമ്പര്‍: 7012568213.
പ്രതികരിക്കാൻ ഇവിടെ എഴുതുക: