തിരുവനന്തപുരം: മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജനങ്ങളില്‍ സ്വഭാവ പരിവര്‍ത്തനമാണ് ആദ്യം വേണ്ടതെന്ന് മധ്യപ്രദേശ് പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി പി. നരഹരി. മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമയാണെന്നും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ അതിന് പരിഹാരം കാണമെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരയില്‍ ജന്മഭൂമി സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടന്ന വിഷന്‍ അനന്തപുരി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ ഒരു തന്ത്രം ആവശ്യമാണ്. അതിന് ഭരണസംവിധാനങ്ങളും ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതാണ് താന്‍ കളക്ടറായിരുന്ന കാലത്ത് ഇന്‍ഡോറിനെ മാലിന്യമുക്ത നഗരമാക്കാന്‍ സാധിച്ചത്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ജനങ്ങളുടെ സ്വഭാവത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ കാരണമായി. ആ പരിവര്‍ത്തനമാണ് ഇന്‍ഡോറിനെ മാലിന്യമുക്തമാക്കാന്‍ സഹായിച്ചതെന്നും പി.നരഹരി പറഞ്ഞു.
മാലിന്യ നിര്‍മ്മാര്‍ജ്ജനം ശരിയായ രീതിയില്‍ നടക്കാത്തതിന് സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചിട്ട് കാര്യമില്ല. മാലിന്യം റോഡില്‍ വലിച്ചെറിയുന്നതില്‍ പൊതജനങ്ങള്‍ പിന്നിലല്ല. മാലിന്യത്തെ പണമുണ്ടാക്കാനുള്ള വലിയൊരു മാര്‍ഗമായാണ് ചില വിദേശരാജ്യങ്ങള്‍ കാണുന്നത്. ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ വലിയ അളവില്‍ ഊര്‍ജ്ജം നല്കുന്ന സ്രോതസായി മാലിന്യം മാറും. വൃത്തിയുടെ കാര്യത്തില്‍ പഴയ കാലത്ത് തിരുവനന്തപുരം നഗരം മുന്നിലായിരുന്നു. ഇന്ന് ആ സ്ഥാനം വളരെ പിന്നിലായതായാണ് അറിയാന്‍ കഴിഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്ന നഗരമാണ് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരം. അവിടെ പ്രധാന മാലിന്യ പ്ലാന്റ് സ്ഥിതിചെയ്യുന്നത് നഗരത്തിന്റെ ഒത്ത നടുവിലാണ്. എന്നാല്‍ അവിടെനിന്ന് ഒരു ദുര്‍ഗന്ധവും വമിക്കാറില്ല. ഇന്‍ഡോറിലെ മിക്ക മാലിന്യ പ്ലാന്റുകളും ഇങ്ങനെ വളരെ ശാസ്ത്രീയരീതിയില്‍ സ്ഥാപിക്കപ്പെട്ടതാണ്. ഈ മാതൃക ഇന്ത്യയിലെ എല്ലാ നഗരങ്ങളും സ്വീകരിച്ചാല്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: