ന്യൂദല്‍ഹി: ഉറിയില്‍ 2016ല്‍ ഇന്ത്യന്‍ സൈനികക്യാമ്പിന് നേരെ നടന്ന പാക് തീവ്രവാദികളുടെ ആക്രമണത്തിനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിന്നും പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ചതിന് മറുപടിയായി ഇന്ത്യ ബാലകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ നിന്നും ഒക്കെ വ്യത്യസ്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഏകദേശം 100 ഭീകരരെയെങ്കിലും വധിച്ച ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ബാലക്കോട്ട് പാകിസ്ഥാനുള്ളിലാണെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ പാകിസ്ഥാനിലെ പഞ്ചാബോളമെത്തുന്ന അത്രയ്‌ക്ക് ഉള്ളിലല്ല. ലാഹോറില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെ വരെ ഇന്ത്യയുടെ മിസൈല്‍ എത്തി.
ഉറിയ്‌ക്ക് മറുപടിയായി നല്‍കിയ സര്‍ജിക്കല്‍ സ്ട്രൈക്കും പുല്‍വാമയ്‌ക്ക് എതിരായ ബാലകോട്ട് ആക്രമണവും പാക് അധീന കശ്മീരില്‍ (പിഒകെ) ഒതുങ്ങിനിന്നിരുന്നതാണെങ്കില്‍ ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണം ഇന്ത്യാ-പാക് അന്താരാഷ്‌ട്ര അതിര്‍ത്തി കടന്നുകൊണ്ടുള്ള ആക്രമണമായിരുന്നു എന്നാണ് ബിബിസി പറയുന്നത്. 1971ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തുന്നതെന്നും ബിബിസി അവകാശപ്പെടുന്നു. പാകിസ്ഥാനകത്തുള്ള പഞ്ചാബ് പ്രവിശ്യയില്‍ ഇന്ത്യ ആക്രമണം നടത്തി. ഇത് ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ കൂടി തെളിവാണ്. പക്ഷെ ഇന്ത്യാ-പാക് അതിര്‍ത്തിപ്രദേശമാണ് അന്താരാഷ്‌ട്ര അതിര്‍ത്തി. ഗുജറാത്ത് മുതല്‍ കശ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഈ അന്താരാഷ്‌ട്ര അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമിച്ചുവെന്നതിനാല്‍ മുഖം രക്ഷിക്കാന്‍ പാകിസ്ഥാന്‍ എന്തായാലും പ്രത്യാക്രമണം നടത്തേണ്ടിവരുമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ മുന്‍പില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യയ്‌ക്കെതിരെ ടെലിവിഷനില്‍ വീരവാദമടിച്ചിരുന്ന പാകിസ്ഥാന്‍ നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ് പല വിദഗ്ധരെയും ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ ബിബിസി സൂചിപ്പിക്കുന്നത്.
പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിനെതിരെ തീര്‍ച്ചയായും പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, തിരിച്ചടിക്കുന്നതിന് ജനങ്ങളുടെ പിന്തുണ കൂടി ലഭിക്കാന്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ അവകാശപ്പെടുന്ന ഒരു ഏഴ് വയസ്സായ കുട്ടിയുടെ ശവസംസ്കാരച്ചടങ്ങ് വലിയൊരു ചടങ്ങായി പാകിസ്ഥാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പാക് പ്രധാനമന്ത്രിയും പ്രസിഡന്‍റും പങ്കെടുക്കുകയും ചെയ്തു. ഈ ശവസംസ്കാരച്ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: