പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. അതിനുപിറകെ ഭാരതമെടുത്ത തീരുമാനമാണ് പാക് പൗരന്മാര് രാജ്യം വിട്ടുപോകണം, അല്ലെങ്കില്‍ പുറത്താക്കണമെന്നത്. പ്രത്യേക കാരണങ്ങളാല്‍ ഇളവ് അനുവദിച്ചവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭാരതത്തില്‍ തങ്ങാന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കിയതാണ്. പക്ഷേ ഇപ്പോഴും ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ പാക്പൗരന്മാര് വിലസുന്നുണ്ടെന്നതാണ് വസ്തുത. ഇത് ഒരു തരത്തിലും അനുവദിക്കാനോ അംഗീകരിക്കാനോ സാധ്യമല്ല. സംസ്ഥാന സര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ നടപടി സ്വീകരിച്ചേ മതിയാവൂ. മതത്തിന്റെ പേരില്‍ കാട്ടുന്ന മമതയ്ക്ക് ഒരവകാശവും അര്‍ഹതയും ഇല്ലാത്തവരാണവര്‍. പഹല്‍ഗാമില്‍ മതംനോക്കി കാഞ്ചിവലിക്കുകയായിരുന്നു പാക് ഭീകരര്‍. അക്കാര്യം ഭീകരരുടെ തോക്കിന് ഇരയായ കൊച്ചിക്കാരന് രാമചന്ദ്രന്റെ മകളും ദൃക്സാക്ഷിയുമായ ആരതി വിവരിക്കുന്നത് ഇങ്ങിനെയാണ്.
ഭീകരര്‍ അച്ഛനോട് കലിമ ചൊല്ലാന്‍ പറഞ്ഞു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കാഞ്ചിവലിച്ചു – കലിമ ചൊല്ലാന്‍ അറിയാത്തവന് ഇസ്ലാമല്ലെന്ന് അവര്‍ നിശ്ചയിച്ചുറപ്പിച്ചു. അത്തരക്കാര്‍ ഭൂമിയില്‍ ജീവിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഭീകരര്‍ അച്ഛനെ കൊന്നതും അതിനുശേഷം കുട്ടികളേയും കൂട്ടി രക്ഷപ്പെട്ടതും തുടര്‍ന്ന് കാശ്മീരിലെ സാധാരണക്കാരായ മുസ്ലീം സഹോദരന്മാര് സഹായിച്ചതും ആരതി വിവരിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരായ മുസാഫിറും സമീറും ചെയ്ത നല്ലകാര്യങ്ങള്‍ സ്നേഹപൂര്‍വ്വം സ്മരിച്ചുകൊണ്ടാണ് ആരതി സംഭവം വിവരിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചതുപോലെയല്ല കാശ്മീരിലെ സാധാരണക്കാരുടെ ഭാവമെന്ന് വ്യക്തമാക്കുന്നതാണിത്. 370-ാം വകുപ്പ് ഇല്ലാതായതിന്റെ വികാരമാണെന്നായിരുന്നു സിപിഎം നിലപാട്. 370-ാം വകുപ്പ് ഇല്ലാതായതില്‍ കാശ്മീരിലെ ജനത സന്തോഷിക്കുന്നതിന്റെ തെളിവാണ് ഡ്രൈവര്‍മാരില്‍ നിന്നുണ്ടായത്. ഇത് കാശ്മീര്‍ ജനതയുടെ വികാരമാണ്. മതംനോക്കി കൊലപ്പെടുത്തിയത് പാക് ഭീകരരുടെ ആസൂത്രണത്തിന്റെ ഭാഗമാണ്. ഇത് ലോകം അംഗീകരിച്ചുകഴിഞ്ഞു. ഭീകരരെ എന്നും പോറ്റിവളര്‍ത്തുന്ന പാകിസ്ഥാനെ പാഠംപഠിപ്പിക്കാന്‍ ഭാരതം ഒരുക്കങ്ങള്‍ തകൃതിയായി നടത്തുന്നു. അതിന്റെ ആദ്യപടിയാണ് പാക് പൗരന്മാര് രാജ്യം വിടണമെന്ന ആവശ്യം. അത് നടപ്പാക്കാനായില്ലെങ്കില്‍ എല്ലാം പാളും. അതിന് അറിഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അരുനില്‍ക്കരുത്. സംസ്ഥാന സര്‍ക്കാരിന്റെ അലസതയും അലംഭാവവും കാണുമ്പോള്‍ മതംനോക്കി സംരക്ഷണമൊരുക്കാനാണോ ഭാവമെന്ന് തോന്നിപ്പോകും.
മതമല്ല, മതമല്ല പ്രശ്നം എന്ന് സിപിഎം മുദ്രാവാക്യം വിളിക്കുമ്പോള്‍ മതമാണ്, മതമാണ് പ്രശ്നമെന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ മറുഭാഗത്തുണ്ടെന്ന് മനസ്സിലാക്കണം. മതവിശ്വാസവും മതതീവ്രവാദവും തിരിച്ചറിയാന്‍ സിപിഎം തയ്യാറാകണം. എല്ലാറ്റിനും ഒരേ തളപ്പുകെട്ടി കയറാന്‍ നോക്കരുത്. തെങ്ങിന് തെങ്ങിന്റെ തളപ്പ്. കവുങ്ങിന് കവുങ്ങിന്റെ തളപ്പ്. അത് തിരിച്ചറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ആകെ പാളും. സ്വാതന്ത്ര്യത്തിനുശേഷം കാശ്മീരിന് കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്തതാണ് 370-ാം വകുപ്പ്. അതാണ് ഭീകരര്‍ക്ക് വെള്ളവും വെളിച്ചവുമായത്. അത് മാറ്റണമെന്നത് ദേശീയവാദികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഭാരതീയ ജനസംഘം 370-ാം വകുപ്പ് ഭരണഘടനയില്‍ നിന്ന് നീക്കാന്‍ പ്രക്ഷോഭം തന്നെ നടത്തി. തുടര്‍ന്നാണ് ജനസംഘം സ്ഥാപികന്‍ ശ്യാമപ്രസാദ് മുഖര്‍ജി തടവിലായതും കൊല്ലപ്പെട്ടതും.
കോണ്‍ഗ്രസ് ഭരണം ഉള്ളകാലത്തൊന്നും 370-ാം വകുപ്പ് നീക്കില്ലെന്നുറപ്പായിരുന്നു. ഭരണമാറ്റം വേണ്ടിവന്നു ആ വകുപ്പിനെ ഒന്നുതൊടാന്‍. കാശ്മീര്‍ ജനത അതിന്റെ ഫലം ആശ്വസിക്കുന്നു. വിനോദസഞ്ചാരികള്‍ എത്തുന്നു. കാശ്മീരികള്‍ക്ക് ജീവിക്കാന്‍ പറ്റുംവിധം സമാധാനവും സ്വസ്ഥതയും കൈവരുന്നു. അവിടെ തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം നടന്നു. ജനങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വോട്ടുചെയ്യാനെത്തി. ഇതുകണ്ട് സഹിക്കാന്‍ കഴിയാത്ത പാക്ബുദ്ധിയില് ഉദിച്ചതാണ് ഭീകരാക്രമണം. അതിനെ പരോക്ഷമായി ന്യായീകരിക്കാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒപ്പമുള്ള കക്ഷികളും തയ്യാറായത് കണ്ടുകഴിഞ്ഞു. ഇത് അപകടകരമാണ്. പാകിസ്ഥാനികള്‍ ഭാരതം വിടണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നത് ഒട്ടും ഗുണകരമല്ല. അതിനെ അറിഞ്ഞോ അറിയാതെയോ കൂട്ടുനില്ക്കാന് നടത്തുന്ന ശ്രമവും ആപല്ക്കരമെന്നേ പറയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: