കറാച്ചി : പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം പ്രതികാരം ചെയ്തു. ഇന്ന് പുലർച്ചെ 1.5 നും 1:30 നും ഇടയിൽ സൈന്യം ഓപ്പറേഷൻ സിന്ദൂർ എന്ന പ്രത്യാക്രമണമാണ് നടത്തിയത്. പാകിസ്ഥാനിലെ മുദ്രികെ, കോട്‌ലി, ബഹാവൽപൂർ, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരരുടെ ഒളിത്താവളങ്ങളിലേക്കാണ് ഇന്ത്യൻ സൈന്യം വൻ ആക്രമണം നടത്തിയത്. ഇതിൽ 30 ലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻകരസേന, വ്യോമസേന, നാവികസേന എന്നിവ സംയുക്തമായാണ് ഈ പ്രവർത്തനം നടത്തിയത്. ഭീകരരുടെ പ്രധാന ഇടത്താവളങ്ങളിൽ നടത്തിയ ഈ തിരിച്ചടി വളരെ കനത്തതായിരുന്നു. ഇതിൽ എടുത്തു പറയേണ്ട ഒരിടമാണ് ഭീകരരുടെ പറുദീസയായ മുസാഫറാബാദ്.
എവിടെയാണ് ഈ മുസാഫറാബാദ് ?
പല തീവ്രവാദ സംഘടനകളുടെയും ആസ്ഥാനം പാകിസ്ഥാൻ മണ്ണിലാണ്. മിക്ക ഭീകര സംഘടനകളുടെയും ക്യാമ്പുകൾ പിഒകെയിലാണ് അതായത് പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ. പാകിസ്ഥാൻ അധിനിവേശ കശ്മീരിന്റെ തലസ്ഥാനമാണ് മുസാഫറാബാദ്. ഇവിടുത്തെ ഒരു പ്രധാന നഗരം കൂടിയാണ് മുസാഫറാബാദ്.
പടിഞ്ഞാറ് ഖൈബർ പഖ്തൂൺഖ്വയും കിഴക്ക് എൽഒസിയും അതിർത്തി പങ്കിടുന്നു. മറുവശത്ത് ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളുണ്ട്. ഝലം, കിഷൻഗംഗ നദികളുടെ (പാകിസ്ഥാനിൽ നീലം നദി എന്നറിയപ്പെടുന്നു) തീരത്തുള്ള ഒരു നഗരവും കൂടിയാണ് മുസാഫറാബാദ്.
തീവ്രവാദികളുടെ വിളനിലം
ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ ആസ്ഥാനമാണ് മുസാഫറാബാദ്. ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങളിൽ ഹിസ്ബുൾ മുജാഹിദീന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1989-ൽ ഇസ്ലാമിക ഭീകരരായ മുഹമ്മദ് എഹ്‌സാൻ ദാർ, ഹിലാൽ അഹമ്മദ്, മസൂദ് സർഫറാസ് എന്നിവർ ചേർന്നാണ് ഈ ഭീകര സംഘടന രൂപീകരിക്കുന്നത്.
പിന്നീട് ഈ സംഘടന ജമാഅത്തെ ഇസ്ലാമി കാശ്മീർ എന്ന പേരിൽ വികസിച്ചു. ഈ ഭീകര സംഘടനയുടെ പരമോന്നത കമാൻഡർ നിലവിൽ സയ്യിദ് സലാഹുദ്ദീനാണ്. ഹിസ്ബുൾ മുജാഹിദീന് പുറമെ, മുസാഫറാബാദിൽ ലഷ്കർ-ഇ-തൊയ്ബയുടെ പരിശീലന ക്യാമ്പുകളും ഉണ്ട്.
തീവ്രവാദ കേന്ദ്രങ്ങളെ നെടുകെ പിളർന്നു
ഓപ്പറേഷൻ സിന്ദൂർ നടപടിയിൽ മുസാഫറാബാദിന് പുറമെ, ബഹാവൽപൂരിലെ ഭീകരൻ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ഇന്ത്യൻ സൈന്യം തകർത്തു. ഈ ആക്രമണത്തിൽ 30 ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ ആക്രമണത്തിൽ ലഷ്‌കറിന്റെ പരിശീലന ക്യാമ്പുകളും നശിപ്പിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: