കൂട്ടുകൂടി, ഒരു രസത്തിനു വേണ്ടിയാണ് പലരും ലഹരിമരുന്നുപയോഗം തുടങ്ങുന്നത്. ആദ്യത്തെ രസം മാറി ലഹരി പിന്നെ ആവശ്യമാകും. അതില്ലാതെ ജീവിക്കാന്‍ കഴിയാതാകും. ശരീരത്തിലെ ഓരോ അവയവത്തെയും ലഹരി തകര്‍ത്തു തരിപ്പണമാക്കും. തലച്ചോറിനെ രാസലഹരികള്‍ തകര്‍ത്ത് ഛിന്നഭിന്നമാക്കും. കൗതുകത്തിനും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയും ‘വൈബ് ‘ ആകാനും ഒക്കെ ലഹരി ഒന്നു രുചിച്ചു നോക്കിയവര്‍ വീണത് നിലയില്ലാക്കയത്തിലാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.
രാസലഹരികള്‍ തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും. തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സുഷുമ്‌നാ നാഡി, ലിംബിക് സിസ്റ്റം, സെറിബ്രല്‍ കോര്‍ട്ടെക്‌സ്, ബേസില്‍ ഗാംഗ്ലിയ, പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് എന്നിവയിലെല്ലാം രാസലഹരികള്‍ വലിയ ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
യുവാക്കളെ ലഹരി കൊണ്ടുചെന്നെത്തിക്കുന്നത് മരിച്ച, മരവിച്ച മസ്തിഷ്‌കങ്ങളുടെ ലോകത്തേക്കാണ്. കോടിക്കണക്കിന് നൂറോണുകള്‍ ചേര്‍ന്നതാണ് നമ്മുടെ മസ്തിഷ്‌കം. ആ ന്യൂറോണുകളെ ബന്ധിപ്പിക്കുന്ന അതിലേറെ കോടി കണക്ഷനുകള്‍. ആ ന്യൂറോണുകളെയും കണക്ഷനുകളെയും രാസലഹരികള്‍ പിച്ചിച്ചീന്തുന്നു. അവ ന്യൂറോണ്‍ കോശങ്ങളെ നശിപ്പിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ മാറ്റം വരുത്തും. ഓര്‍മ്മ , പഠനം, ചിന്താശേഷി എന്നിവയെ ബാധിക്കും. ലഹരി ഉപയോഗം നിര്‍ത്തിയാലും ഈ ആഘാതം നിലനില്‍ക്കും.
ലഹരി ആദ്യം ആസക്തിയാണ് സൃഷ്ടിക്കുക. ലഹരി ലഭിക്കാതെ വരുമ്പോഴുള്ള ‘പിന്‍വാങ്ങല്‍’ പ്രതികരണങ്ങളാണ് അടുത്തഘട്ടം. ലഹരിക്കായി ആരെയും ആക്രമിക്കുന്ന പ്രവണത കാണിക്കും. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്. കടുത്ത വിഷാദം, ആത്മഹത്യാ പ്രവണത, മറ്റ് മാനസിക പ്രശ്‌നങ്ങള്‍ എന്നിവയും പ്രകടിപ്പിച്ചേക്കാം. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു തോന്നും. ഉള്ളത് ഇല്ലെന്നും. കാണാത്തത് കാണുകയും കേള്‍ക്കാത്തതു കേള്‍ക്കുകയും ചെയ്യുന്ന അവസ്ഥകള്‍ (ഹാലൂസിനേഷന്‍) ലഹരിയുപയോഗിക്കുന്ന മിക്കവരിലും ഉണ്ട്.
ലഹരി ഉപയോഗിക്കുന്നവരുടെ മസ്തിഷ്‌കത്തിലെ ‘പ്രീ ഫ്രോണ്ടല്‍ ലോബ് ‘എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. ഒരു വ്യക്തിയുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണിത്. ഒരാളുടെ വ്യക്തിത്വവും സാമൂഹികമായി പെരുമാറേണ്ട രീതികളെയും രൂപപ്പെടുത്തുന്നത് ഈ ഭാഗത്തിന്റെ പ്രവര്‍ത്തന ഫലമായാണ്. കൂടാതെ, തെറ്റുകളും കുറ്റകൃത്യങ്ങളും നടത്താനുള്ള സ്വാഭാവികമായ പ്രേരണകളെ ഇല്ലാതാക്കുന്നതും നിഷേധാത്മകമായ വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതും ‘പ്രീ ഫ്രോണ്ടല്‍ ലോബ് ‘ആണ്. മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത് മസ്തിഷ്‌കത്തിന്റെ ഈ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. അത് തകരാറിലാകുന്നതോടെയാണ് മനുഷ്യന്‍ മൃഗമായി മാറുന്നത്. രാസലഹരികള്‍ മനുഷ്യനെ അക്ഷരാര്‍ത്ഥത്തില്‍ മൃഗതുല്യനാക്കി മാറ്റും. ലഹരി ഉപയോഗിക്കുന്നവരില്‍ ‘ആന്റിസിപ്പേറ്ററി വയലന്‍സ് ‘എന്ന പെരുമാറ്റ രീതി കാണപ്പെടും. അതായത് ചുറ്റുമുള്ളവര്‍ തന്നെ ഉപദ്രവിക്കും എന്ന സംശയം ഉണ്ടാവുക. തുടര്‍ന്ന് സ്വയം രക്ഷിക്കാന്‍ എന്ന ഭാവത്തില്‍ അങ്ങോട്ടു കേറി ഉപദ്രവിക്കുക.
തലച്ചോറിലെ ‘ഡോപ്പാമിന്‍ ‘എന്ന രാസവസ്തുവിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദ – അനുഭൂതികളുടെ അടിസ്ഥാനം. ഈ കാരണം കൊണ്ടാണ് ഇവ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും.
ചില രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ തലച്ചോറിലെ ‘ഡോപ്പോമിന്‍ ‘അളവ് ക്രമാതീതമായി വര്‍ദ്ധിക്കും. അത് ചിത്തഭ്രമ ലക്ഷണങ്ങള്‍ക്കും അക്രമസ്വഭാവത്തിനും വഴി വയ്‌ക്കും. ഇത്തരം സാഹചര്യങ്ങളില്‍ ലഹരിക്ക് അടിപ്പെട്ടവര്‍ മറ്റുള്ളവരെ ഉപദ്രവിക്കാനും കൊല്ലാനും വരെ സാധ്യതയുണ്ട്.
ഏറ്റവും അപകടകാരി എംഡിഎംഎ ഉന്മാദാവസ്ഥയും വിഭ്രാന്തിയുമുണ്ടാക്കുന്ന ലഹരി വസ്തു. തലച്ചോറിലെ ആശയ വിനിമയ സംവിധാനത്തെ ഇത് തകരാറിലാക്കും. മസ്തിഷ്‌കത്തില്‍ അപകടകരമായ രീതിയില്‍ രാസമാറ്റങ്ങള്‍ സൃഷടിക്കും. വിശേഷ ബുദ്ധിയെ ഇല്ലാതാക്കും. ശരീര താപനില ഉയരും. ബി.പി. വലിയ തോതില്‍ കൂടും. ഇത് മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വഴിവെയ്‌ക്കാം.
സ്ഥിരമായ ഉപയോഗം വിഷാദം, പരിഭ്രാന്തി, സൈക്കോസിസ്, പാനിക് അറ്റാക്ക്, സംശയം, ചിന്താ പ്രശ്‌നങ്ങള്‍, അക്രമവാസന എന്നിവയുണ്ടാക്കും. അകാല വാര്‍ധക്യവും മരണവുമാണ് പതിവായി ലഹരി ഉപയോഗിക്കുന്ന ഒരാളെ കാത്തിരിക്കുന്നത്. ഇതുപോലെ മറ്റൊരു രോഗവും ലോകത്തില്ല. ലഹരി കുത്തിവയ്‌ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് വഴി എച്ച്‌ഐവി ഉള്‍പ്പെടെ പിടിപെടാം. ലഹരി ഉപയോഗിക്കുന്നവരില്‍ രോഗപ്രതിരോധശേഷി കുറവായിരിക്കും. അതിനാല്‍ രോഗാതുരതയും മരണനിരക്കും കൂടുതലാണ്.
ലഹരി, സാമൂഹ മാധ്യമങ്ങള്‍, രക്തരൂക്ഷിത അക്രമങ്ങള്‍ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങള്‍, വെബ് സീരിസ്, സാമൂഹിക-കുടുംബാന്തരീക്ഷത്തിലെ മാറ്റങ്ങള്‍, മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ തുടങ്ങി കോവിഡാനന്തര പ്രതിസന്ധികള്‍ വരെയുള്ള ഒട്ടേറെ കാരണങ്ങള്‍ ലഹരിയാസക്തിയിലേക്ക് ഒരുവനെ നയിക്കുന്നുണ്ട്. തകര്‍ന്ന കുടുംബ ബന്ധങ്ങള്‍, താളപ്പിഴയുള്ള മാതാപിതാക്കള്‍, ദാമ്പത്യ കലഹങ്ങള്‍, മാതാപിതാക്കള്‍ക്കിടയിലെ വിവാഹമോചനം , ടോക്‌സിക് പാരന്റിങ്, സിംഗിള്‍ പാരന്റിങ്, കുട്ടികളിലെ വ്യക്തിത്വ വൈകല്യങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, കുട്ടിക്കാല പഠന- കൗമാര പ്രശ്‌നങ്ങള്‍ എന്നിവയും ലഹരി ഉപയോഗത്തിലേക്ക് നയിക്കാം. അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ വര്‍ഷം 330 പേരാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. 2025 ഏപ്രില്‍ 30 വരെയുള്ള കണക്കെടുത്താല്‍ 80 കൊലപാതകങ്ങള്‍ നടന്നു കഴിഞ്ഞു. പ്രതിപ്പട്ടികയില്‍ ഉള്ളവരില്‍ പകുതിയോളം പേര്‍ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരികള്‍ അക്രമവാസന ജനിപ്പിക്കുന്നുവെന്ന് തിരിച്ചറിയുക.
ലഹരിക്ക് അടിമയായ വ്യക്തിക്കൊപ്പം തകര്‍ച്ച നേരിടുന്നത് കുടുംബവും സമൂഹവും രാജ്യവുമാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് യുവതലമുറയില്‍ സംഭവിക്കുന്നതെന്ന് ശാസ്ത്രീയാപഗ്രഥനത്തിലൂടെ കണ്ടെത്തി പരിഹരിക്കേണ്ടിയിരിക്കുന്നു. ഒറ്റമൂലി പരിഹാരങ്ങള്‍ ഒന്നുമില്ല. കുട്ടികളെ ലഹരി വലയില്‍ നിന്നും മോചിപ്പിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. കേരളം ഭ്രാന്താലയമായി മാറാതിരിക്കാന്‍, യുവാക്കള്‍ പാഴ്ജന്മങ്ങളായി മാറാതിരിക്കാന്‍ ഭരണസംവിധാനവും നിയമപാലകരും രാഷ്‌ട്രീയ -മത – സാമൂഹിക- സാംസ്‌കാരിക – യുവജനപ്രസ്ഥാനങ്ങളും അദ്ധ്യാപകരും മാതാപിതാക്കളും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ട്. അതിനുള്ള കര്‍മ്മപദ്ധതികളും വിഭാവനം ചെയ്തു നടപ്പാക്കണം. കുട്ടികളെ കേള്‍ക്കണം. അതിന് മന:ശാസ്ത്രപരമായ സമീപനം വേണം. കുട്ടികളുടെയും ഒപ്പം മാതാപിതാക്കളുടെയും മാനസികാരോഗ്യം വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. മാനസികാരോഗ്യമുള്ളവര്‍ ലഹരി വഴികള്‍ തേടാനുള്ള സാധ്യത കുറവാണ്.
അക്രമത്തിന്റെയും ലഹരിയുടെയും കാണാച്ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ്, കരുതലേകാനും കൈകോര്‍ത്ത് കരുത്ത് പകരാനും നമുക്ക് ഒത്തുചേരാം. ഒന്നിച്ചണിചേര്‍ന്ന് ലഹരിക്കെതിരെയുള്ള ഈ നാടുണര്‍ത്തലില്‍ കൈകള്‍ കോര്‍ക്കാം. നാം നമ്മുടെ നാടിനെ, കുഞ്ഞുങ്ങളെ വീണ്ടെടുത്തേ തീരു.
(ലഹരി വിരുദ്ധ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാര ജേതാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: