India

സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ പങ്കെടുക്കാൻ യുവാക്കളോടും വിദ്യാർത്ഥികളോടും പൊതു സമൂഹത്തോടും ആഹ്വാനം ചെയ്ത് എബിവിപി

രാജ്യത്തെ യുവാക്കളോടും വിദ്യാർത്ഥികളോടും കാര്യഗൗരവം മനസ്സിലാക്കി മോക്ക് ഡ്രില്ലിൽ പങ്കെടുക്കാനും ഭാരതത്തിൻ്റെ സുരക്ഷാ വിഷയങ്ങളിൽ നിതാന്ത ജാഗ്രതയിൽ അണിചേരാനും എബിവിപി ആഹ്വാനം ചെയ്തു

Published by

മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി മെയ് 7 ന് സംഘടിപ്പിക്കുന്ന സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ അണിചേരാൻ വിദ്യാർത്ഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്.

പഹൽഗാം ഭീകരാക്രണത്തിന്റെയും അതിർത്തികളിൽ വർധിച്ച് വരുന്ന പ്രകോപനങ്ങളുടെയും സാഹചര്യത്തിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ശത്രു ആക്രമങ്ങളെ പ്രതിരോധിക്കുന്നതിന് പ്രാപ്തരാക്കുന്നതിൽ ഡിഫൻസ് മോക്ക് ഡ്രിൽ നിർണായകമാണ് എന്നും ഈ സുപ്രധാന നീക്കം സ്വാഗതം ചെയ്യുന്നു എന്നും എബിവിപി വ്യക്തമാക്കി. മോക്ക് ഡ്രില്ലിന്റെ  ഭാഗമായി വിവിധ പരിശീലന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കൽ, വിദ്യാർത്ഥികൾക്കും  പൊതു ജനങ്ങൾക്കും ആക്രമണം നേരിടാനുള്ള അവശ്യ പരിശീലനം , ബ്ലാക്ക് ഔട്ട് പ്രോട്ടാക്കോൾ നടപ്പിലാക്കാക്കൽ, ഒഴിപ്പിക്കൽ നടപടികളുടെ പരിശീലനവും മോക്ക് ഡ്രില്ലിന്റെ ഭാഗമായി നടക്കും. രാഷ്‌ട്രത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് എല്ലാ പൗരന്മാരുടെയും കർത്തവ്യമാണ് എന്നും ഇത് നമ്മുടെ സുരക്ഷാ സേനകളുടെ മാത്രം കടമ അല്ല എന്നും എബിവിപി വ്യക്തമാക്കി.

അതേപോലെ സ്കൂളുകളും , കോളേജുകളും, സർവ്വകലാശാല കളും പൊതു സമൂഹത്തെ സുരക്ഷാ വിഷയങ്ങളിൽ അവബോധരാക്കുന്നതിനും, ജാഗരൂകരാക്കി മാറ്റുന്നതിനും നിർണായക പങ്ക് വഹിക്കേണ്ടതുണ്ട് എന്നും എബിവിപി അഭിപ്രായപ്പെട്ടു.

രാജ്യത്തെ യുവാക്കളോടും വിദ്യാർത്ഥികളോടും കാര്യഗൗരവം മനസ്സിലാക്കി മോക്ക് ഡ്രില്ലിൽ പങ്കെടുക്കാനും ഭാരതത്തിന്റെ സുരക്ഷാ വിഷയങ്ങളിൽ നിതാന്ത ജാഗ്രതയിൽ അണിചേരാനും എബിവിപി ആഹ്വാനം ചെയ്തു.

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹം ആണ് എന്നും യുവാക്കളും വിദ്യാർത്ഥികളും അധ്യാപകരും പൊതു സമൂഹവും ആവേശത്തോടെയും ദൃഢനിശ്ചയത്തോടെയും പങ്കെടുക്കണമെന്നും അതിലൂടെ സുരക്ഷിത, സ്വയം പര്യാപ്ത , സുദൃഢ ഭാരതം കെട്ടിപ്പെടുക്കാനുള്ള മഹാ യജ്ഞത്തിൽ ഭാഗഭാക്കാവണമെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി അഭ്യർത്ഥിച്ചു.

സംഘർഷാവസ്ഥകളിൽ ശത്രു ആക്രമങ്ങളെ പ്രതിരോധിക്കുന്നതിന് പൊതു സമൂഹത്തെ പ്രാപ്തരാക്കുന്നതിന് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ സഹായകരമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഏവരും സജ്ജരായിരിക്കണമെന്നും, ഇന്ന് രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന എല്ലാ ശത്രുക്കൾക്കും മറുപടി നൽകാൻ ഭാരതം പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക