തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പാക്കേജ് ജൂണ്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാര്‍ കെഎസ്ആര്‍ടിസിയും എസ്ബിഐയും ഒപ്പിട്ടു. അക്കൗണ്ട് തല ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്ക് ജീവനക്കാര്‍ പ്രീമിയം അടയ്‌ക്കേണ്ടതില്ല. 22095 സ്ഥിരം ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആര്‍ടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
വ്യക്തിഗത അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 1 കോടി രൂപ ലഭിക്കും. എയര്‍ ആക്സിഡന്റ്റില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി അറുപത് ലക്ഷം രൂപ ലഭിക്കും. അപകടത്തില്‍ സ്ഥിരമായ പൂര്‍ണ്ണ വൈകല്യം സംഭവിച്ചാല്‍ 1 കോടി രൂപ വരെ ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും. ഇരുപത്തിഅയ്യായിരം രൂപയ്‌ക്ക് മുകളില്‍ ശമ്പളം ഉള്ള ജീവനക്കാരുടെ സാധാരണ മരണത്തിനു കുടുംബത്തിന് സഹായമായി 6 ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ ലഭിക്കും, പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്‌ക്ക് 5 ലക്ഷം രൂപ എന്ന രീതിയില്‍ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകട ചികിത്സയ്‌ക്കുള്ള ചെലവിനും മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സഹായം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ താല്പര്യപ്രകാരം 2 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സിലേക്ക് വാര്‍ഷിക പ്രീമിയം നല്‍കി ചേരാനും അവസരമുണ്ട്. 75 വയസ്സ് വരെ ഇത് പുതുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: