കണ്ണൂര്‍ : ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയ കേസില്‍ കോണ്‍ഗ്രസ് കച്ചേരിക്കടവ് വാര്‍ഡ് പ്രസിഡന്റ് സുനീഷ് തോമസ് അറസ്റ്റില്‍. സുനീഷും സിപിഎം ബ്രാഞ്ച് സെക്രട്ടറി സുധീര്‍ തോമസും ചേര്‍ന്നാണ് സ്വര്‍ണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ബാങ്ക് ജീവനക്കാരനായ സുധീര്‍ തോമസും സുഹൃത്ത് സുനീഷും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് ലോക്കറില്‍ നിന്ന് മാറ്റിയതില്‍ 50 ശതമാനത്തിലേറെ സ്വര്‍ണവും സുനീഷ് പണയംവെച്ചതാണ്.സുധീര്‍ തോമസിന്റെ ഭാര്യയുടെ പേരില്‍ ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണവും തട്ടിയെടുത്തു. സുനീഷിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കുറ്റം സമ്മതിച്ചത്.
ഏപ്രില്‍ 29 നും മേയ് 2 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് കണ്ടെത്തല്‍. സ്‌ട്രോംഗ് റൂമില്‍ 18 കവറുകളിലായി സൂക്ഷിച്ച സ്വര്‍ണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. ഒളിവില്‍ പോയ സുധീറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ സംസ്ഥാനം വിട്ടെന്നാണ് സൂചന. അതേസമയം, ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. യുഡിഎഫ് നിയന്ത്രണത്തില്‍ ആയിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: