Samskriti

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

Published by

സന്ധ്യാനാമം ജപിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് മുതിര്‍ന്നവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. സന്ധ്യയ്‌ക്കു വീട്ടിലുള്ളവരെല്ലാം ചേര്‍ന്നു നാമം ചൊല്ലുക എന്നത് പണ്ടുകാലത്തൊക്കെ ഒരു ആചാരം തന്നെയായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയില്‍ നിന്ന് ഇക്കാര്യം അന്യമായിക്കൊണ്ടിരിക്കുകയാണ്. മക്കളെല്ലാം ഒത്തുചേര്‍ന്നു ദിവസവും സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറഞ്ഞിരുന്നതു വെറുതെയല്ല .

പ്രാര്‍ഥന നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുമെന്ന് ആധുനിക മന:ശാസ്ത്രം പോലും അംഗീകരിക്കുന്ന കാര്യമാണ്. ആ പോസിറ്റീവ് എനര്‍ജി തന്നെയാണു സന്ധ്യാനാമത്തിലൂടെ പഴമക്കാര്‍ ഉദ്ദേശിച്ചത്. മക്കളെല്ലാവരും ഒരുമിച്ചിരുന്നു നാമം ചൊല്ലുന്നതിലൂടെ അവര്‍ക്കിടയില്‍ ഐക്യം ഉണ്ടാക്കിയെടുക്കുകയും അതിലൂടെ പോസ്റ്റിറ്റീവ് എനര്‍ജി കൈവരിക്കുകയും ചെയ്യുമായിരുന്നു. കുറെ പേര്‍ ഒരുമിച്ചിരുന്ന് ഒരേ കാര്യത്തിനു വേണ്ടി നടത്തുന്ന കൂട്ടമായുള്ള പ്രാര്‍ഥന കൂടുതല്‍ ഫലം നേടാന്‍ പ്രാപ്തമാകുമെന്നും വ്യക്തമായിട്ടുണ്ട്.

മക്കളെല്ലാം ഉമ്മറത്തു കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്ന് ഒരേ മനസ്സോടെ ഈശ്വരപ്രാര്‍ഥന നടത്തുമ്പോള്‍ ആ വീട്ടിലുണ്ടാകുന്ന പോസിറ്റീവ് എനര്‍ജിയെത്തന്നെയാണു കുടുംബത്തിന്റെ ഐശ്വര്യമെന്നും ദൈവാനുഗ്രഹമെന്നുമൊക്കെ പറയുന്നത്. കുടുംബപ്രാര്‍ഥന എന്ന സങ്കല്‍പത്തിന്റെയൊക്കെ പിന്നിലെ തത്ത്വവും ഈ പോസിറ്റീവ് എനര്‍ജി തന്നെ.മക്കളെല്ലാവരും ഒരുമിച്ചിരുന്നു നാമം ചൊല്ലുന്നതിലൂടെ അവര്‍ക്കിടയില്‍ ഐക്യം ഉണ്ടാക്കിയെടുക്കുക എന്ന കാര്യം കൂടി പണ്ടുള്ളവര്‍ നിര്‍വഹിച്ചു. കുടുംബപ്രാര്‍ഥനയിലൂടെ കുടുംബത്തിന്റെ കെട്ടുറപ്പു തന്നെയാണ് ഊട്ടിയുറപ്പിച്ചത്.

വ്യക്തിയുടെ കാര്യത്തിലായാലും കുടുംബത്തിന്റെ കാര്യത്തിലായാലും, പോസിറ്റീവ് എനര്‍ജിയില്‍ നിന്നേ ഗുണകരമായ ഫലങ്ങളുണ്ടാകൂ. നെഗറ്റീവ് എനര്‍ജിയില്‍നിന്നുണ്ടാകുക, സ്വാഭാവികമായും ദോഷകരമായ ഫലങ്ങളായിരിക്കും. അതുകൊണ്ട്, ദിവസവും ഒരുമിച്ചിരുന്നു പ്രാര്‍ഥിക്കുക എന്ന ആചാരം നിലനിര്‍ത്തിപ്പോന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടിത്തന്നെയായിരുന്നു.കൂടാതെ ഈശ്വരനെ പ്രാര്‍ഥിക്കല്‍ മാത്രമായിരുന്നില്ല പണ്ട്, സന്ധ്യയ്‌ക്കുള്ള നാമം ചൊല്ലലില്‍.

ഈശ്വരപ്രാര്‍ഥനകള്‍ക്കു ശേഷം കുട്ടികളെക്കൊണ്ടു ദിവസവും ചൊല്ലിച്ചിരുന്നത് പൊതുവിജ്ഞാനത്തിന്റെ ശകലങ്ങളായിരുന്നു.ആഴ്ച, മാസം, നക്ഷത്രം, ഗുണകോഷ്ഠം തുടങ്ങിയ പൊതുവിജ്ഞാനത്തിന്റെ വിഷയങ്ങളും നാമം ചൊല്ലലിന്റെ ഭാഗമായി ദിവസവും ഉരുവിടുമായിരുന്നു . അന്നത്തെ കാലത്തു നിലവിലിരുന്ന സയന്‍സ് , കണക്ക് തുടങ്ങിയവയൊക്കെ മനഃപാഠമാക്കാനുള്ള വഴി കൂടിയായിരുന്നു നാമംചൊല്ലല്‍.ഈശ്വരനെ പ്രാര്‍ഥിക്കണം എന്നു മാത്രമല്ല, ശാസ്ത്രവും ഗണിതവുമൊക്കെ മനഃപാഠമാക്കി ഓരോ കുട്ടിയും അറിവിന്റെ വഴിയിലൂടെ സഞ്ചരിക്കണം എന്നു കൂടിയാണു നാമംചൊല്ലല്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by