Kerala

പരിമിതികളെ ആയുധമാക്കിയ സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

Published by

കോട്ടക്കല്‍: പരിമിതികളെ ആയുധമാക്കിയ സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി. റാബിയ (59 )അന്തരിച്ചു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളാണ്.

1966 ഫെബ്രുവരി 25നാണ് ജനിച്ചത്. പതിനാലാം വയസിൽ പോളിയോ ബാധിച്ച് റാബിയയുടെ അരയ്‌ക്ക് താഴെ തളർന്നതോടെ വീൽ ചെയറിന്റെ സഹായത്തോടെയായിരുന്നു പിന്നീടുള്ള ജീവിതം. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തിൽ മിടുക്കിയായിരുന്നു. കുട്ടിക്കാലത്ത് കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളില്‍ പോയത്. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ രോഗം കഠിനമായി. 14-ാം വയസ്സില്‍ കാലുകള്‍ പൂര്‍ണമായി തളര്‍ന്നു.

വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ പഠനം തുടര്‍ന്നു. ബന്ധുവിന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു യാത്ര. തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്നായി പഠനം. കഥകള്‍ക്കും കവിതകള്‍ക്കും ഒപ്പം ശാസ്ത്രവും ചരിത്രവും പഠിച്ചു. സ്വയം പഠിച്ച് ബിരുദങ്ങള്‍ നേടി.

പകരക്കാരിയായാണ് സാക്ഷരതാ ക്ലാസിൽ ഇൻസ്ട്രക്ടറായത്. 1990 ജൂണിൽ തന്റെ എല്ലാ പ്രായത്തിലുമുള്ള നിരക്ഷരർക്കായി ഒരു ക്യാമ്പയിൻ ആരംഭിച്ചു. തിരൂരങ്ങാടിയിലെ നിരക്ഷരരായ നൂറോളം പേർ ക്ലാസിനെത്തിയിരുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകള്‍ക്കായി ചെറുകിട ഉത്പാദന യൂണിറ്റ്, വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവ റാബിയയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ‘ചലനം’ എന്ന പേരില്‍ സംഘടനയുണ്ടാക്കി. 2000ത്തില്‍ അര്‍ബുദം ബാധിച്ചെങ്കിലും അതിജീവിച്ചു.

38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകരുകയും കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന നിലയിലാവുകയും ചെയ്തു. കടുത്ത വേദന സഹിച്ച് റാബിയ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളില്‍ തന്റെ ഓര്‍മകള്‍ എഴുതാന്‍ തുടങ്ങി. ‘നിശബ്ദ നൊമ്പരങ്ങള്‍’ ഉൾപ്പെടെ നാലു പുസ്‌തകം എഴുതിയിട്ടുണ്ട്. പുസ്‌തകത്തിൽ നിന്നുള്ള റോയൽറ്റിയാണ് ചികിത്സച്ചെലവുകൾക്ക് ഉപയോഗിക്കുന്നത്.

ഇതിനെയെല്ലാം അതിജീവിച്ചാണ് റാബിയ വിദ്യാഭ്യാസ, സാമൂഹ്യരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. വിപ്ലവകരമായ തന്റെ ജീവിതത്തിലൂടെ റാബിയ നടത്തിയ പോരാട്ടം ഒരുപാട് പേർക്ക് പ്രചോദനമായിരുന്നു. തന്റെ പരിമിതികളൊന്നും സ്വപ്നം കാണാൻ തടസമല്ലെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ ജീവിതം.

2014ൽ സംസ്ഥാന സർക്കാറിന്റെ വനിതാരത്‌നം അവാർഡ് നേടി. നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സ്വപ്നങ്ങൾക്ക് ചിറകുണ്ട്, റാബിയയുടെ ആത്മകഥയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by