Main Article

നിലയ്‌ക്കലിന്റെ നിലനില്‍പ്പിന്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയത്തിലൂടെ മുന്നോട്ടുവച്ച ആചാരപരവും സുഗമവും സൗകര്യപ്രദവുമായ ശബരിമല തീര്‍ത്ഥാടനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍.

Published by

നിലയ്‌ക്കലില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും പാര്‍ക്കിങ് സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് മൂലം പലപ്പോഴും നിലക്കലില്‍ വാഹനങ്ങള്‍ ചെളിയില്‍ കുടുങ്ങി പോകുന്നത് ഒഴിവാക്കാന്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ കാനകള്‍ നിര്‍മിക്കണം. റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. മകരവിളക്ക് ദിനത്തില്‍ വലിയ വാഹനങ്ങള്‍ ളാഹയില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുകയും പമ്പാ-നിലയ്‌ക്കല്‍ നിരക്കില്‍ ഭക്തരെ ളാഹയില്‍ എത്തിക്കുകയും വേണം.

ഭക്തജനത്തിരക്കും പമ്പയിലെ സ്ഥലപരിമിതിയും കണക്കാക്കി നിലയ്‌ക്കല്‍ എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ള ബേസ് ക്യാമ്പായി വികസിപ്പിക്കണം.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സന്നിധാനത്ത് വികസനത്തിനായി ലഭിച്ച 12.675 ഹെക്ടര്‍ വനഭൂമിയോടൊപ്പം, നിലയ്‌ക്കലില്‍ ലഭിച്ച 110 ഹെക്ടര്‍ വനഭൂമി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ബേസ് ക്യാമ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഈ സ്ഥലങ്ങളില്‍ നിര്‍ദ്ദേശാനുസരണം ഉള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഇന്നും പൂര്‍ത്തീകരിച്ചിട്ടില്ലാത്തത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണം.

നിലയ്‌ക്കലില്‍ വിശ്രമിക്കാന്‍ വൃത്തിയുള്ള സൗകര്യം പരിമിതമാണ്. പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഭൂമിയുടെ പരിമിതി കണക്കിലെടുത്ത് താമസത്തിനായി ബഹുനില കെട്ടിടങ്ങള്‍ പണിയണം.

നിലയ്‌ക്കലില്‍ കുടിവെള്ള സംവിധാനം തീര്‍ത്തും അപര്യാപ്തമാണ് കുടിവെള്ളം ഇപ്പോള്‍ ടാങ്കുകളില്‍ എത്തിക്കുന്ന താത്കാലിക ഏര്‍പ്പാടിന് പകരം സ്ഥിരം സംവിധാനം
ഒരുക്കണം. അതിന് പല മാര്‍ഗങ്ങളുണ്ട്. (1) കുന്നാര്‍ ഡാമിന്റെ അപ്പുറം ചെന്താമര കൊക്കയില്‍ ചെക്ക് ഡാം കെട്ടി വെള്ളം ഗ്രാവിറ്റി ഫ്‌ലോയില്‍ നിലക്കലില്‍ എത്തിക്കണം (2) കക്കാട്ടാറില്‍ നിന്ന് പമ്പു ചെയത് നിലക്കലില്‍ എത്തിക്കണം. ഈ രണ്ട് മാര്‍ഗ്ഗങ്ങളില്‍ക്കൂടി ഏകദേശം 4 ദശലക്ഷം ഘനയടി ജലം ലഭിക്കും.

നിലയ്‌ക്കല്‍ പ്രദേശത്തുള്ള ജലാശയം വിപുലപ്പെടുത്തി ജല വിതരണത്തിന് പ്രയോജനപ്പെടുത്തണം.

ഗതാഗതം
1) പമ്പയിലേക്കുള്ള പ്രധാന പാതയായ മണ്ണാരക്കുളഞ്ഞി പമ്പ റോഡ് അത്യാധുനിക സംവിധാനങ്ങളോടുകൂടി നാലുവരിപ്പാതയാക്കുകയും സ്ഥല പരിമിതിയുള്ള മറ്റു റോഡുകള്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി സുഗമവും അപകടകരഹിതവുമായ ഗതാഗതത്തിന് അനുയോജ്യമാക്കുകയും വേണം.

2) പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തുകയും, ഭക്തജനങ്ങളില്‍ നിന്നും ഈടാക്കുന്ന അമിതമായ ബസ് ചാര്‍ജ് നിര്‍ത്തലാക്കുകയും ചെയ്യണം. നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് കൂടുതല്‍ ബസുകള്‍ ഏര്‍പ്പാടാക്കുകയും അപകടകരമായ രീതിയില്‍ തീര്‍ത്ഥാടകരെ കുത്തി നിറയ്‌ക്കുന്ന രീതി അവസാനിപ്പിക്കുകയും അമിതമായി യാത്രാക്കൂലി ഇടാക്കുന്ന നടപടി നിര്‍ത്തലാക്കുകയും ചെയ്യണം. നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്കും തിരിച്ചും സൗജന്യമായി വാഹനം ഓടിക്കാന്‍ തയ്യാറുള്ള സംഘടനകളെ അതിന് അനുവദിക്കണം.

പൊതുവായ മറ്റ് വിഷയങ്ങള്‍

1)വെര്‍ച്ച്വല്‍ ക്യു: വിര്‍ച്ച്വല്‍ ക്യു ബുക്കിങ് കൂടുതല്‍ സൗകര്യപ്രദമാക്കണം. മുന്‍കൂട്ടി ബുക്ക് ചെയ്യണം എന്നറിയാതെ ഇരുമുടിക്കെട്ടുമായി വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പന്മാര്‍ ദര്‍ശനം സാധ്യമാകാതെ മടങ്ങിപ്പോകാന്‍ ഇടവരാതെ സ്‌പോട്ട് ബുക്കിങ് മുന്‍ കാലങ്ങളില്‍ പ്രവര്‍ത്തിച്ച രീതിയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കണം.
2) അയ്യപ്പ ഭക്തരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന പോലീസുകാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണം.
3) കരിമലയില്‍ കുടിവെള്ളം, സൗജന്യ ഭക്ഷണം, വൈദ്യ സഹായം മുതലായവ സ്ഥാപിക്കണം.
4) പുല്‍മേട് വഴി വരുന്ന ഭക്തജനങ്ങള്‍ക്കും കുടിവെള്ളം, സൗജന്യ ഭക്ഷണം, വൈദ്യ സഹായം മുതലായ സൗകര്യങ്ങള്‍ ഒരുക്കണം.
5)കെ.എസ്.ഇ.ബി. ശബരിമലയില്‍ ഇപ്പോള്‍ ഈടാക്കുന്ന അമിതമായ വൈദ്യുതി നിരക്ക് എത്രയും വേഗം പിന്‍വലിച്ച് സാധാരണ നിരക്ക് ഈടാക്കാനുള്ള നടപടി സ്വീകരിക്കണം.
6) തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന പരാതികള്‍ സ്വീകരിക്കുവാനും അതിന് എത്രയും വേഗം പരിഹാരം കാണുന്നതിനും പമ്പയിലും സന്നിധാനത്തിലും പ്രത്യേക സംവിധാനം ആരംഭിക്കണം.
7) അമിതവില ഈടാക്കിയും പഴകിയ ഭക്ഷണം നല്‍കിയും ഭക്തരെ ചൂഷണം ചെയ്യുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ തക്കവണ്ണമുള്ള വാട്‌സ്ആപ്പ് നമ്പറുകള്‍ പമ്പയിലും, തീര്‍ത്ഥാടന പാതകളിലും, സന്നിധാനത്തും പ്രദര്‍ശിപ്പിക്കണം.
8) എല്ലാ കച്ചവട സ്ഥാപനങ്ങളിലും കരാറുകാരന്റെ പേരും വിലാസവും, ദേവസ്വം നല്‍കിയിരിക്കുന്ന കട നമ്പര്‍, കടയുടെ ഇനം, കുത്തക നല്‍കിയിരിക്കുന്ന സ്ഥലം, ഇവ ഭക്തര്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.
9) കടകളിലെയും ഹോട്ടലുകളിലെയും മലിനജലവും മറ്റ് മാലിന്യങ്ങളും വനത്തില്‍ വലിച്ചെറിയാതിരിക്കാനും പമ്പാനദിയിലേക്ക് ഒഴുക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം;
10) ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ ചുമതലയില്‍ സന്നിധാനത്തും പമ്പയിലും പ്രസാദം, കുടിവെള്ളം, മറ്റ് ഭക്ഷണസാധനങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.
11) 2018-ലെ ശബരിമല ദേവപ്രശ്‌ന വിധി പ്രകാരം ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പരമ്പരാഗതമായി നടന്നുവന്ന മകരവിളക്ക് മഹോത്സവക്കാലത്തെ മാളികപ്പുറത്തു നിന്നും ആനപ്പുറത്തുള്ള ഭഗവാന്‍ അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്ത് കാല താമസം വരുത്താതെ പു
നഃസ്ഥാപിക്കണം.
12) ഒരു തീര്‍ത്ഥാടനം കഴിയുമ്പോഴെ അടുത്ത തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കണം.
13) ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്ന ചര്‍ച്ചകളില്‍ ശബരിമല ഭക്തസംഘടനകളുടെയും ഹൈന്ദവ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും അവരുടെ കൂടി അഭിപ്രായം കണക്കിലെടുക്കുകയും ചെയ്യണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക