ആലുവ : കാർ വിൽപ്പനയ്‌ക്കുണ്ടെന്ന് സമൂഹ മാധ്യമം വഴി പരസ്യം നൽകി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. കുമ്പളം പനങ്ങാട് ചൂളക്കൽ വീട്ടിൽ അനൂപ് ആൻ്റണി (27) യെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
സംഘം ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 2021 മോഡൽ കാർ ഒരു ലക്ഷത്തി എൺപത്തി അയ്യായിരം രൂപയ്‌ക്ക് വിൽക്കാനുണ്ടെന്നാണ് പരസ്യം നൽകിയത്. ഇവരുമായി തമിഴ്നാട് സ്വദേശി ബന്ധപ്പെട്ടു. മാർച്ച് 22 ന് ഇദ്ദേഹത്തോട് ആലുവയിലെത്താൻ പറഞ്ഞു.
ആലുവയിലെത്തിയ തമിഴ്നാട് സ്വദേശിയെയും, സുഹൃത്തിനേയും സംഘം കാറിൽ കയറ്റി പള്ളിക്കര ഭാഗത്ത് എത്തിച്ച് വിൽപ്പനക്കരാറിൽ ഒപ്പിടുവിച്ച് ഒരു ലക്ഷം രൂപ പണമായും, 30000 രൂപ ഗൂഗിൾ അക്കൗണ്ട് വഴിയും വാങ്ങി. തുടർന്ന് രണ്ട് പേരെയും കാറിൽക്കയറ്റി കുറച്ചു ദൂരം പോയ ശേഷം ഇവരെ ഇറക്കിവിട്ട് തട്ടിപ്പു സംഘം കടന്നുകളയുകയുമായിരുന്നു.
എ.എസ്.പി ശക്തി സിങ്ങ് ആര്യയുടെ നേതൃത്വത്തിൽ ഇൻസ്പക്ടർ സുനിൽ തോമസ് സബ് ഇൻസ്പക്ടർമാരായ കെ.കെ ഷബാബ്, കെ.കെ നിസ്സാർ, പി.എച്ച് ജബാർ, അസി സബ് ഇൻസ്പക്ടർ സൂര്യൻ ജോർജ്, സിവിൽ പോലീസ് ഓഫീസർമാരായ എം. ആർ രാജേഷ്, ബിബിൻ രാജ്, ബിബിൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: