കോട്ടയം: പാലാ ഭരണങ്ങാനത്തിനു സമീപം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. പെരുവന്താനം തെക്കേമല പന്തല്ലാക്കല്‍ ജോസഫ് ജോണിന്റെ മകന്‍ ആല്‍ബിന്‍ ജോസഫ് (21),അടിമാലി പൊളിഞ്ഞപാലം കൈപ്പന്‍പ്ലാക്കന്‍ ജാമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ ജോമോന്‍ (18) എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ സുഹൃത്തുക്കളായ നാലു പേരാണ് കടവില്‍ എത്തിയതെങ്കിലും മൂന്നു പേരാണ് കുളിക്കാന്‍ ഇറങ്ങിയത്. മൂവരും ഒഴുക്കില്‍ പെട്ടെങ്കിലും ഒരാള്‍ നീന്തി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും കോട്ടയത്തുനിന്നുള്ള സ്‌കൂബാ സംഘവും ഈരാറ്റുപേട്ടയില്‍ നിന്നുള്ള നന്മക്കൂട്ടം ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കാളികളായി. രാത്രി വൈകിയും വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ തെരച്ചില്‍ അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിക്കും.
കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക